ടാറ്റ ആശുപത്രി മാലിന്യ പ്രശ്‌നത്തിന് പരിഹാരം
text_fieldsകാസർകോട്: ചട്ടഞ്ചാല്‍ ടാറ്റ ഗവ.ആശുപത്രിയിൽനിന്നും ജനവാസ മേഖലയിലേക്ക് മാലിന്യം ഒഴുകുന്ന പ്രശ്‌നത്തിന് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി പരിഹാരംകാണുമെന്ന് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഇതുസംബന്ധിച്ച് 'മാധ്യമം' കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധപ്പെടുത്തിയിരുന്നു.
മലിനജലം ഒഴിവാക്കുന്നതിന് സ്വീവേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് നിർമിക്കുകയെന്നതാണ് ഏക മാര്‍ഗം. ഇതിനാവശ്യമായ തുക കാസർകോട് വികസന പാക്കേജില്‍ (കെ.ഡി.പി) ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ഇതിനായി അടിയന്തരമായി ഭരണാനുമതി നല്‍കുന്നതിന് ജില്ല ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും എസ്.ടി.പി ചെയ്യുന്ന എറണാകുളം പെന്‍റഗണ്‍ തുടങ്ങി മൂന്ന് കമ്പനികളോട് ഡി.പി.ആര്‍ തയാറാക്കി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമയ ബന്ധിതമായി നിര്‍ദേശം നല്‍കുക വഴി ചട്ടഞ്ചാല്‍ ടാറ്റ ട്രസ്റ്റ് ഗവ.ആശുപത്രിയില്‍ എസ്.ടി.പി ഒരുമാസത്തിനുള്ളില്‍ യാഥാർഥ്യമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും എം.എല്‍.എ അറിയിച്ചു.
നിലവില്‍ കോവിഡ് രോഗികളെയാണ് ചികിത്സിക്കുന്നത്. തെക്കില്‍ വില്ലേജില്‍ 540 കിടക്കകളോടുകൂടിയ പ്രീ ഫാബ്രിക്കേറ്റ് കണ്ടെയ്‌നറുകളായാണ് ടാറ്റ ഗ്രൂപ് ആശുപത്രി നിര്‍മിച്ച് സര്‍ക്കാറിന് കൈമാറിയിട്ടുള്ളത്. രോഗികളടക്കം മുന്നൂറിലധികം പേര്‍ ഈ സ്ഥാപനത്തില്‍ നിലവിലുണ്ട്. ആശുപത്രിയിലെ മലിനജലം ഒഴുകിപ്പോകുന്നതിന് ടാറ്റ കമ്പനി 20,000 ലിറ്റര്‍ ശേഷിയുള്ള ആറ് ചേംബര്‍ നിർമിച്ചിരുന്നു.
ഈ ചേംബറിൽനിന്ന് മലിനജലം മറ്റെവിടെയെങ്കിലും കൊണ്ടുപോയി കളയുക എന്നതായിരുന്നു നടപടി. എന്നാല്‍, ഇത് പ്രായോഗികമല്ലെന്നും ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തുന്നതാണെന്നും പിന്നീടാണ് മനസ്സിലായത്. ടാറ്റ നിർമിച്ച ചേംബര്‍ നിറഞ്ഞ് മലിനജലം ആള്‍താമസമുള്ള സ്ഥലങ്ങളില്‍ ഒഴുകിയിറങ്ങി പ്രദേശവാസികൾക്ക് കടുത്ത വിഷമത്തിനും രോഗവ്യാപനത്തിനും മറ്റ് രോഗങ്ങള്‍ക്ക് കാരണമായേക്കാമെന്ന ആശങ്കയിലുമാണ്.
താല്‍ക്കാലികമായി കുഴിയെടുത്ത് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഉറപ്പുള്ള പാറയായതിനാല്‍ വെള്ളം താഴ്ന്നുപോകുന്ന സ്ഥിതിയുണ്ടായില്ല. ഇതിന് ശ്വാശ്വത പരിഹാരം അടിയന്തരമായി കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും ജില്ല കലക്ടര്‍ക്കും സ്ഥലം എം.എല്‍.എ എന്ന നിലയില്‍ നിവേദനം നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.