ദക്ഷിണ റെയിൽവേ അറിയണം കാസർകോടിെൻറ സ്ഥിതി
text_fieldsദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് ചൊവ്വാഴ്ച ജില്ലയിലെത്തും. ഏകദേശം മൂന്നുവർഷം മുമ്പാണ് ഈ പദവിയിലുള്ള ഒരാൾ ജില്ലയിൽ സന്ദർശനം നടത്തുന്നത്. പാതയിലെ സുരക്ഷിതത്വം, വൈദ്യുതി ലൈനുകൾ തുടങ്ങിയ കാര്യങ്ങളാണ് ഇദ്ദേഹം വിലയിരുത്തുക. ഉച്ചക്കുശേഷം മൂന്നിന് മംഗളൂരു സ്റ്റേഷനിൽനിന്ന് പുറപ്പെടും. വൈകീട്ട് ആറരക്കകം കണ്ണൂരിലെത്തുന്ന വിധമാണ് സമയക്രമം. പാലക്കാട് ഡിവിഷനൽ മാനേജർ ഉൾപ്പെടെയുള്ള വിദഗ്ധസംഘം ഒപ്പമുണ്ടാകും. റെയിൽവേ വികസനത്തിൽ ഇനിയുമേറെയകലെ നിൽക്കുന്ന കാസർകോടിെൻറ പരിദേവനങ്ങൾ ജനറൽ മാനേജർ എങ്കിലും കേൾക്കണം.
കാസർകോട്: എല്ലാ കാര്യത്തിലുമെന്നപോലെ റെയിൽവേ വികസനത്തിലും കാസർകോട് നേരിടുന്നത് സമാനതകളില്ലാത്ത വിവേചനം. റെയിൽവേ അധികൃതരുടെ കാര്യാലയത്തിലെത്തുന്ന നിവേദനങ്ങളും പരിഭവങ്ങളും പരിശോധിച്ചാൽ ഏറ്റവും കൂടുതൽ കാസർകോട്ടുനിന്നുതന്നെയാവും. ഒന്നിലും പരിഹാരമുണ്ടാകുന്നില്ലെങ്കിലും നിവേദനങ്ങൾ നൽകാനാണ് ജില്ലയുടെ തലവിധി. പതിവുപോലെ ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് മുന്നിലും നിവേദനങ്ങൾ എത്തും. ജില്ലയുടെ വിവിധ റെയിൽവേ സ്റ്റേഷനുകളുടെ ആവശ്യങ്ങളും പരാതികളും ഉന്നയിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ജനറൽ മാനേജർക്ക് വിശദമായ നിവേദനം നൽകി.
ജില്ല ആസ്ഥാനമാണ്, പറഞ്ഞിട്ടെന്താ...
ജില്ല ആസ്ഥാനമായ കാസർകോട്ടെ റെയിൽവേ സ്റ്റേഷനിൽ ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടൽപോലുമില്ല. രണ്ടാം പ്ലാറ്റ്ഫോമിലെ യാത്രക്കാർ ഒരു ചായ കുടിക്കാനും ശുചിമുറി സൗകര്യത്തിനും പുറത്തു കടക്കണം. ആദർശ് റെയിൽവേ സ്റ്റേഷനായി ഉയർത്തിയെങ്കിലും ഒരു കാര്യവുമില്ല.
റെയിൽവേ നിശ്ചയിച്ച വൻ ദിവസവാടക താങ്ങാൻ കഴിയാത്തതിനാലാണ് ആരും ഹോട്ടൽ നടത്താൻ എത്താത്തത്. സ്ത്രീകൾക്ക് പ്രത്യേകമായ വെയ്റ്റിങ് ഹാൾ ഇല്ല. ക്ലോക്ക് റൂം, യാത്രക്കാർക്ക് ലഗേജ് സൂക്ഷിക്കാൻ സൗകര്യം ഇതൊന്നുമില്ല. വാഹന പാർക്കിങ്ങിന് മേൽക്കൂര ഇല്ല. റെയിൽവേ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത് കാസർകോട് സ്റ്റേഷനിലെ ചെറിയ മുറിയിലാണ്. വൈഫൈ സൗകര്യം, എസ്കലേറ്റർ, ലിഫ്റ്റ് സൗകര്യങ്ങൾ തുടങ്ങിയവയുമില്ല.
ആ ട്രെയിനുകൾ ഒന്ന് നീട്ടാമോ
എറണാകുളത്തുനിന്ന് ഉച്ച 12.30ന് കണ്ണൂരിൽ എത്തുന്ന ഇൻറർസിറ്റി എക്സ്പ്രസ് പിറ്റേന്ന് പുലർച്ചെ അഞ്ചിന് ആലപ്പുഴ എക്സിക്യൂട്ടിവ് ട്രെയിനായി ഓടുന്നു. ആലപ്പുഴയിൽനിന്ന് രാത്രി 11.30ന് എത്തുന്ന എക്സിക്യൂട്ടിവ് ട്രെയിൻ പിറ്റേന്ന് ഉച്ചകഴിഞ്ഞ് കണ്ണൂരിൽനിന്ന് എറണാകുളം ഇൻറർസിറ്റി എക്സ്പ്രസായി ഓടുന്നു. ഇത്രയും മണിക്കൂറുകൾ കണ്ണൂരിൽ തങ്ങുന്നു. ഈ ട്രെയിനുകൾ മംഗളൂരു വരെ നീട്ടിയാൽ കാസർകോടിനത് മുതൽക്കൂട്ടാവും.
കണ്ണൂരിൽ എത്തി തങ്ങുന്ന മെമു സർവിസ് മംഗളൂരു വരെ നീട്ടണമെന്ന ആവശ്യവും ആരും കേൾക്കുന്നില്ല. മുടങ്ങിക്കിടക്കുന്ന കണ്ണൂർ - മംഗളൂരു പാസഞ്ചർ ട്രെയിനുകൾ, എഗ്മോർ എക്സ്പ്രസ് എന്നിവ പുനരാരംഭിക്കുന്നതിന് നടപടി എടുക്കണം. ജനശതാബ്ദി എക്സ്പ്രസ് കാസർകോട് വരെ നീട്ടുക. ജില്ലയിൽ ഒരിടത്തും സ്റ്റോപ് ഇല്ലാത്ത ദാദർ-തിരുനെൽവേലി എക്സ്പ്രസിന് കാസർകോട് സ്റ്റോപ് അനുവദിക്കണം.
കാഞ്ഞങ്ങാട്, ചെറുവത്തൂർ സ്റ്റേഷനുകൾ
കാഞ്ഞങ്ങാട് ഇൻഫർമേഷൻ സെൻററിെൻറ പ്രവർത്തനം രാത്രിമാത്രമാക്കിയത് ദുരിതമാകുന്നു. ആർ.പി.എഫിെൻറ സേവനം പകൽ മാത്രമാണ് ലഭിക്കുന്നത്. ചെറുവത്തൂരിൽ പരശുറാം എക്സ്പ്രസിന് സ്റ്റോപ് അനുവദിക്കുന്നകാര്യം ഇതുവരെ പരിഗണിച്ചില്ല. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിെൻറ സ്റ്റോപ്പും ഇപ്പോൾ ഇല്ല. ഇവിടെയുള്ള രണ്ടു ഫ്ലാറ്റ്ഫോമുകൾക്കും പൂർണമായും മേൽക്കൂരയില്ല. ശുചിമുറിയിലേക്ക് സ്ത്രീകൾ കയറുന്ന ഭാഗം കാടുപിടിച്ചനിലയിലാണ്. പാർക്കിങ് സൗകര്യമില്ല.
തൃക്കരിപ്പൂർ സ്റ്റേഷനിൽ പ്രാഥമിക സൗകര്യം പോലുമില്ല. പ്ലാറ്റ്ഫോമിന് മേൽക്കൂരയില്ല. രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രമായ ബേക്കൽ കോട്ടയുടെ സമീപ റെയിൽവേ സ്റ്റേഷനും വേണ്ട പരിഗണനകൾ നൽകിയിട്ടില്ല. സ്റ്റേഷൻ പരിസരം കാടുമൂടിയ നിലയിലാണ്. പൊട്ടിപ്പൊളിഞ്ഞ ഇരിപ്പിടങ്ങളാണ്. കളനാട് സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോം തറനിരപ്പിലാണ്. കുട്ടികളും മുതിർന്ന പൗരന്മാരും പതിനഞ്ചോളം പടികൾ കയറണം. നീലേശ്വരത്ത് ജനറൽ ടിക്കറ്റിനും റിസർവേഷനും ഒരൊറ്റ കൗണ്ടറാണ്. റെയിൽവേ അധീനതയിൽ 26 ഏക്കർ സ്ഥലം ഇവിടെയുണ്ട്. ഇത് ഉപയോഗപ്പെടുത്തി പിറ്റ് ലൈൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണം.
കുമ്പളയിൽ യഥേഷ്ടം സ്ഥലമുണ്ട്
ദേശീയപാതയിൽ യാത്രക്കാർക്ക് ഏറ്റവും സൗകര്യപ്രദമായ സ്റ്റേഷനാണ് കുമ്പള. കണ്ണൂരിനും മംഗളൂരുവിനും മധ്യേ റെയിൽവേക്ക് ഏറ്റവും കൂടുതൽ സ്ഥലമുള്ളത് കുമ്പളയിലാണ്- 40 ഏക്കർ സ്ഥലം. ട്രെയിനുകൾ കാസർകോടുവരെ നീട്ടാനും പുതിയ ട്രെയിനുകൾ കാസർകോട് യാത്ര അവസാനിപ്പിക്കുന്നതിനും സൗകര്യമാകുന്ന ട്രെയിൻ യാർഡ് പദ്ധതി പറയാൻതുടങ്ങിയിട്ട് വർഷങ്ങളായി.
ഒന്നും നടക്കുന്നില്ല. ഉപ്പള റെയിൽവേ സ്റ്റേഷനിൽ രണ്ട് ട്രെയിനുകൾക്ക് മാത്രമേ സ്റ്റോപ് ഉള്ളൂ. മലബാർ എക്സ്പ്രസിനും കോയമ്പത്തൂർ ഫാസ്റ്റിനും രാവിലെയും വൈകീട്ടും ഈ ട്രെയിനുകൾ വരുമ്പോൾ മാത്രമാണ് റെയിൽവേ സ്റ്റേഷൻ ഗേറ്റ് തുറക്കുക. മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് 20 ഏക്കറിലധികം സ്ഥലമുണ്ട്. ഈ സ്റ്റേഷനിലും വികസനപ്രവർത്തനങ്ങൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.