നവകേരള സദസ്സില്‍ പരാതി സ്വീകരിക്കാന്‍ പ്രത്യേകം കൗണ്ടറുകള്‍
text_fieldsകാസർകോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സില്‍ പൊതുജനങ്ങളില്‍നിന്ന് പരാതി സ്വീകരിക്കാന്‍ ഏഴ് കൗണ്ടറുകള്‍ സജ്ജമാക്കും. പരിപാടികള്‍ ആരംഭിക്കുന്നതിനുമുമ്പും പരിപാടികള്‍ കഴിഞ്ഞതിനുശേഷവും പരാതി സ്വീകരിക്കും. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്ക് പ്രത്യേക കൗണ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തും.
നവകേരള സദസ്സ് ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് പരാതികള്‍ സ്വീകരിച്ചു തുടങ്ങും. പരാതികള്‍ നല്‍കേണ്ട നിർദേശങ്ങള്‍ കൗണ്ടറില്‍ പ്രദര്‍ശിപ്പിക്കും. മാര്‍ഗനിർദേശങ്ങള്‍ നല്‍കുന്നതിന് ജീവനക്കാരും ഉണ്ടാകും. പരാതികളില്‍ പൂര്‍ണമായ വിലാസവും മൊബൈല്‍ നമ്പറും ഇ -മെയില്‍ ഉണ്ടെങ്കില്‍ അതും നല്‍കണം.
പരാതികള്‍ക്ക് കൈപ്പറ്റി രസീത് നല്‍കും. സദസ്സ് നടക്കുമ്പോള്‍ തിരക്കൊഴിവാക്കാനായി പരാതി സ്വീകരിക്കുന്നത് നിര്‍ത്തി വെക്കും. ഡേറ്റാ എന്‍ട്രി പൂര്‍ത്തിയാക്കുന്ന ദിവസം തന്നെ പരാതികള്‍ തുടർ നടപടികള്‍ക്കായി പോര്‍ട്ടലിലൂടെ നല്‍കും. പരാതികള്‍ ഒരാഴ്ച മുതല്‍ ഒന്നര മാസത്തിനകം പൂര്‍ണമായും തീര്‍പ്പാക്കും.
പരാതി കൈപ്പറ്റുന്ന ജില്ലതല ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചക്കകം ഈ പരാതി തീര്‍പ്പാക്കി വിശദമായ മറുപടി നല്കി അപ് ലോഡ് ചെയ്യണം. കൂടുതല്‍ നടപടികള്‍ ആവശ്യമുള്ള പരാതികള്‍ പരമാവധി നാല് ആഴ്ചക്കുള്ളില്‍ തീര്‍പ്പാക്കും.
പരാതി കൈപ്പറ്റി ഒരാഴ്ചക്കുള്ളില്‍ പരാതിക്കാരന് ഇടക്കാല മറുപടി നല്‍കും. സംസ്ഥാനതലത്തില്‍ തീരുമാനിക്കേണ്ട വിഷയമാണെങ്കില്‍ 45 ദിവസത്തിനുള്ളില്‍ പരിഹരിക്കും. പരാതികള്‍ക്ക് മറുപടി തപാലിലൂടെ നല്‍കും. നവംബര്‍ 18, 19 തീയതികളിലാണ് കാസര്‍കോട് ജില്ലയില്‍ നവകേരള സദസ്സ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.