സ്പെഷൽ ഡ്രൈവ്; നൂറിലധികം അറസ്റ്റ്, ലഹരിശേഖരം പിടികൂടി
text_fieldsകാസർകോട്: ജില്ലയിൽ പൊതുജനസുരക്ഷ മുൻനിർത്തി കഴിഞ്ഞദിവസം പൊലീസ് നടത്തിയ സ്പെഷൽ ഡ്രൈവിൽ പിടികിട്ടാപ്പുള്ളികൾ, വാറന്റ് പ്രതികൾ, കാപ്പ, മോഷണ പ്രതികൾ തുടങ്ങി നൂറിലധികം പേർ അറസ്റ്റിലായി. ജില്ലയിൽ വിവിധ സ്റ്റേഷനുകളിലായി കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് എൽ.പി വാറന്റ് പുറപ്പെടുവിച്ച 13 പേരും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച 104 പേരുമാണ് പിടിയിലായത്. ഇവർ മയക്കുമരുന്ന്, അടിപിടി, കൊലപാതകം തുടങ്ങിയ നിരവധി കേസുകളിൽ പ്രതികളാണ്.
ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കാപ്പ കേസ് പ്രതിയെ പിടികൂടിയത്. മയക്കുമരുന്ന്, കൊലപാതകം തുടങ്ങി ആറോളം കേസുകളിൽ പ്രതിയായ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശി വൈശാഖാണ് (26) പിടിയിലായത്. കൂടാതെ മോഷണക്കേസ് പ്രതികളെയും അറസ്റ്റ് ചെയ്തു. കുശാൽനഗർ സ്വദേശി വിവീഷ് (19), കൊളവയൽ സ്വദേശി മുഹമ്മദ് ഫസൽ റഹ്മാൻ (18) എന്നിവരാണ് അറസ്റ്റിലായത്.
ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് 9.450 ഗ്രാം കഞ്ചാവുമായി മുളിയാർ സ്വദേശി പി. അനസ് (25) പിടിയിലായി. ഇയാളുടെ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. വിദ്യാനഗർ പൊലീസ് 10,529 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി ഉളിയത്തടുക്ക ഷിറിബാഗിലു സ്വദേശി മുഹമ്മദ് അഷ്റഫിനെയും (30) ഇയാൾ സഞ്ചരിച്ച മഹാരാഷ്ട്ര രജിസ്ട്രേഷൻ കാറും കസ്റ്റഡിയിലെടുത്തു.
എം.ഡി.എം.എയുമായി രാജപുരം സ്റ്റേഷനിൽ രണ്ടുപേർ പിടിയിലായി. 3.410 ഗ്രാം എം.ഡി.എം.എയുമായി രാവണേശ്വരം സ്വദേശി റഷീദ് (34), അതിഞ്ഞാൽ സ്വദേശി സമീർ എന്നിവരാണ് പിടിയിലായത്. കൂടാതെ രാജപുരത്ത് തന്നെ 18 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി രാജപുരം സ്വദേശി കെ. വിനീഷ് (42) അറസ്റ്റിലായി. ഇയാൾ വിൽപനക്ക് ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
പൊലീസ് മേധാവി പി. ബിജോയിയുടെ നേതൃത്വത്തിലാണ് ജില്ലയിൽ വിവിധ സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞദിവസം സ്പെഷൽ ഡ്രൈവ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.