മരിച്ചുകിടന്നാലും മനസ്സലിയില്ല
text_fieldsഎൻഡോസൾഫാൻ ദുരന്തം ലോകശ്രദ്ധയാകർഷിച്ചു. ഇതിനൊപ്പം ജില്ലയുടെ ആരോഗ്യമേഖലയുടെ ശോച്യാവസ്ഥയും ശ്രദ്ധയിൽപെട്ടു. എന്നാൽ, എൻഡോസൾഫാൻ ദുരന്തം കാസർകോട് ജില്ലക്ക് ഒരു മികച്ച ആശുപത്രിപോലും ലഭ്യമാക്കാൻ ഉപകരിച്ചില്ല. ജില്ല അത് അർഹിക്കുന്നുവെന്ന് സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന കക്ഷികൾക്ക് തോന്നിയിട്ടില്ല. കോവിഡ് കാലത്ത് ചികിത്സ കിട്ടാതെ 20ലേറെ പേർ പിടഞ്ഞുമരിച്ചിട്ടും കണ്ണുതുറന്നില്ല.
ടാറ്റയുടെ ഒരു കോവിഡ് ആശുപത്രിമാത്രമാണ് അതുകൊണ്ടുണ്ടായത്. ദുരന്തത്തിെൻറ ഇരകളും രക്തസാക്ഷികളുമായി ജില്ല വിറങ്ങലിച്ചുനിൽക്കുന്ന കാലത്താണ് കേന്ദ്ര സർവകലാശാല ഇവിടെ എത്തുന്നത്. കേന്ദ്ര സർവകലാശാലയുടെ ഭാഗമാണ് ലോകോത്തര നിലവാരമുള്ള അതിെൻറ പി.ജി ഇൻസ്റ്റിറ്റ്യൂട്ട് എന്ന ആശുപത്രി അക്കാദമിക സമുച്ചയം. അത് കാസർകോട് ജില്ലയിൽ സ്ഥാപിക്കണമെന്ന് എൻഡോസൾഫാൻ വിഷയത്തിെൻറ പശ്ചാത്തലത്തിൽ ഉയർന്നപ്പോൾ അത് പത്തനംതിട്ടയിലേക്ക് മാറ്റാനുള്ള ശിപാർശയാണ് ഉയർന്നുവന്നത്. ഇന്നും പി.ജി ഇൻസ്റ്റിറ്റ്യൂട്ടിെൻറ കാര്യത്തിൽ തീരുമാനമായില്ല.
പിന്നാലെ ഗവ. മെഡിക്കൽ കോളജ് അനുവദിച്ചു. ഇവിടെ ഇപ്പോഴും അക്കാദമിക് ബ്ലോക്ക് പൂർത്തിയായതേയുള്ളൂ. കോവിഡ് വന്നതുകൊണ്ടാണ് ഇത്രയും ആയത്. പിന്നീട് അത് കോവിഡ് ആശുപത്രിയായി നാമകരണം ചെയ്യപ്പെട്ടു. ഇപ്പോഴും ഒ.പി വിഭാഗംപോലും തുടങ്ങാനായിട്ടില്ല. ജില്ലയോടുള്ള സർക്കാർ സമീപനത്തിെൻറ തെളിവാണ് ഈ കാലപ്പഴക്കം.
മെഡിക്കൽ കോളജ് സ്ഥാപിക്കാൻ തിരഞ്ഞെടുത്ത സ്ഥലമാകട്ടെ ഒരു രോഗിക്കും ഉപകാരപ്പെടരുത് എന്ന് കരുതി തിരഞ്ഞെടുക്കപ്പെട്ട കിഴക്കൻ അതിർത്തിയിലെ ഉക്കിനടുക്കയും. ഒരു പഞ്ചായത്തിെൻറ പിന്നാക്കാവസ്ഥയല്ല മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിന് മാനദണ്ഡമായി സ്വീകരിക്കേണ്ടിയിരുന്നത്. എത്ര രോഗികൾക്ക് എത്തിപ്പെടാനാകുമെന്നതുതന്നെയാണ്. കാസർകോട്, കാഞ്ഞങ്ങാട് നഗരങ്ങളോട് ചേർന്ന് ഗവ. മെഡിക്കൽ കോളജ് സ്ഥാപിക്കാൻ സൗകര്യമുണ്ടായിരുന്നിട്ടും കാസർകോട് മെഡിക്കൽ കോളജിനെ കാടുകയറ്റി തള്ളുകയായിരുന്നു.
ഒരു രോഗിക്കുപോലും ഉപകാരപ്പെടരുത് എന്ന നിശ്ചയത്തിൽ ആരുടെയോ താൽപര്യത്തിന് വഴങ്ങി. ഉക്കിനടുക്കയിൽനിന്ന് ഏതാണ്ട് 30 കിലോമീറ്റർ അപ്പുറത്ത് കർണാടകയുടെ പുതിയ മെഡിക്കൽ കോളജ് വരാൻ പോകുകയാണ്. അതോടെ കിഴക്കൻ മേഖലയിൽനിന്ന് കർണാടകത്തിേലക്ക് ചികിത്സക്ക് പോകാൻ ഒരു ആശുപത്രികൂടിയാകും. കാസർകോട് മെഡിക്കൽ കോളജ് വാർത്തകളുടെ ഉറവിടവും. രോഗികളെ മംഗളൂരു മെഡിക്കൽ ലോബിക്ക് എത്തിച്ചുകൊടുക്കുന്ന ഏജൻസി മാത്രമായി കാസർകോട് സർക്കാർ മെഡിക്കൽ സ്ഥാപനങ്ങൾ മാറുന്നുവെന്നതാണ് സത്യം.
എയിംസ് കേരളത്തിന് അനുവദിക്കുന്നുവെന്ന പ്രഖ്യാപനം വരുേമ്പാഴും ജില്ല നിലവിളിച്ച് അത് ആവശ്യപ്പെട്ടു. വലിയ പ്രക്ഷോഭങ്ങൾ ജില്ല കണ്ടു. സർക്കാർ കനിഞ്ഞില്ല. എയിംസിനായി തിരുവനന്തപുരംവരെ മാർച്ച് നടത്തി. മുഖ്യമന്ത്രി പറഞ്ഞു കാസർകോട് ഇല്ല എന്ന്. കേന്ദ്രത്തിനയച്ച പട്ടികയിൽ ഒരു അവസാന പേരായി പോലും കാസർകോട് കയറിപ്പറ്റിയിട്ടില്ല എന്നതാണ് സത്യം. മംഗളൂരു ലോബിയുടെ ചട്ടുകമായി കേന്ദ്രസർക്കാറിനൊപ്പം സംസ്ഥാനവും പ്രവർത്തിക്കുന്നുവെന്നർഥം.
സത്യസായി ട്രസ്റ്റിെൻറ മൂന്നാമത്തെ കാഷ്ലസ് ആശുപത്രിയാണ് കാഞ്ഞങ്ങാട് പെരിയ കല്യോട്ട് സത്യസായിബാബ ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ നിർമാണത്തിന് തുടക്കമിട്ടത്. ലോകപ്രസിദ്ധരായ ഡോക്ടർമാർ അവരുടെ സർവിസ് ജീവിതത്തിെൻറ ഒരുഭാഗം പാവപ്പെട്ടവർക്കായി ചികിത്സ നൽകുന്ന രീതിയിൽനിന്നാണ് കാഷ്ലസ് ആശുപത്രി ഉണ്ടാകുന്നത്. ഇതിന് കേന്ദ്രസർക്കാർ 50 കോടി നൽകും, ട്രസ്റ്റ് നൂറുകോടി നീക്കിവെക്കും എന്നൊക്കെയാണ് പറഞ്ഞിരുന്നത്.
100 േകാടി രൂപയാണ് ബാബാട്രസ്റ്റ് നൽകുക. 5000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം ആദ്യഘട്ടത്തിൽ ഉണ്ടാകും. ബാബയുടെ അഞ്ചാം ചരമവാർഷിക ദിനമായ 2016 ഏപ്രിൽ 25ന് ഒന്നാംഘട്ടം ഉദ്ഘാടനം. 10 ഏക്കർ സ്ഥലം ആവശ്യമുള്ള പദ്ധതിക്ക് ആദ്യഘട്ടത്തിനായി അഞ്ച് ഏക്കർ ഭൂമി ട്രസ്റ്റിന് കൈമാറി. അഞ്ചുവർഷം കഴിഞ്ഞിട്ടും ആശുപത്രിയുടെ ഒരു തൂണുപോലും നിർമിച്ചിട്ടില്ല. കരാറുകാർ മുങ്ങി. അവരെ മുക്കിയെന്ന് സാരം. കരാറുകാരനും സത്യസായി ട്രസ്റ്റ് ഭാരവാഹികളും മംഗളൂരു ലോബിയുടെ കറൻസിയിൽ വീണുവെന്ന ആരോപണം ശക്തമാകുന്നതിനിടെ അത് ശരിവെക്കുംവിധം ട്രസ്റ്റ് ഭാരവാഹി അതിൽനിന്ന് പടിയിറങ്ങി.
ജനസംഖ്യയില്‍ കാസര്‍കോടിന് ചുവടെയാണ് പത്തനംതിട്ട. കാസര്‍കോട് ജനസംഖ്യ 13.07 ലക്ഷം. പത്തനംതിട്ടയില്‍ 11.97 ലക്ഷം. 12 ലക്ഷത്തോളം ജനസംഖ്യയുള്ള കാസര്‍കോട്ട് ഒരു മെഡിക്കൽ കോളജ് ഇന്നും ഉണ്ടായിട്ടില്ല. ആകെ സര്‍ക്കാര്‍ ആശുപത്രികളുടെ എണ്ണം 304. ഇതില്‍ ആശുപത്രി 57. ബാക്കി 247 സബ്സെൻററുകളാണ്. പത്തനംതിട്ടയില്‍ രണ്ട് ജില്ല ആശുപത്രികളിലായി 714 കിടക്കകളും കോട്ടയത്ത് അഞ്ചിടത്തായി 1064 കിടക്കകളുമുണ്ടെങ്കില്‍ കാസര്‍കോട്ട് അത് 212 കിടക്കയുള്ള ഒരു ആശുപത്രി മാത്രമാണ്. പത്തനംതിട്ടയിൽ നാല് താലൂക്ക് ആശുപത്രികളുണ്ട്. അതില്‍ ആകെ കിടക്കകള്‍ 432. എന്നാല്‍, കാസര്‍കോട്ട് ആകെയുള്ളത് 89 കിടക്ക മാത്രം! പത്തനംതിട്ടയില്‍ 33 പി.എച്ച്.സികളിലായി 192 കിടക്കയുണ്ട്. കാസര്കോടെത്തുേമ്പാൾ പി.എച്ച്.സികളുടെ എണ്ണം 26. കിടത്തിച്ചികിത്സ സൗകര്യമില്ലാത്തവയാണ് എല്ലാം. പത്തനംതിട്ടയിൽ എട്ട് കുടുംബാരോഗ്യകേന്ദ്രങ്ങളുണ്ട് അതിൽ 120 കിടക്കയുണ്ട്. കാസര്‍കോട് ഏഴിടത്തായി ആകെയുള്ളത് 24 കിടക്ക.
കേരളത്തില്‍ ഏറ്റവും കുറഞ്ഞ കിടത്തിച്ചികിത്സ സൗകര്യമുള്ള ജില്ലയാണിത്. സംസ്ഥാനത്ത് ജനസംഖ്യ ഏറ്റവും കുറഞ്ഞ വയനാട്ടില്‍പോലും 1357 കിടക്കകളുണ്ട്. പത്തനംതിട്ടയില്‍ ആകെ കിടക്ക 1938ഉം കോട്ടയത്ത് 2817ഉം ആണ്. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ രണ്ടെണ്ണമുണ്ട്. കാസര്‍കോട് ഇവ രണ്ടും ഓരോന്നുമാത്രം. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി പത്തനംതിട്ടയില്‍ നാലും കാസര്‍കോട്ട് മൂന്നുമാണ്.
പത്തനംതിട്ടയിലും ഇടുക്കിയിലും 12 കമ്യൂണിറ്റി ഹെല്‍ത്ത് സെൻററുകൾ വീതം പ്രവര്‍ത്തിക്കുേമ്പാൾ കാസര്‍കോട്ട് അത് ആറെണ്ണം മാത്രമാണ്. എട്ട് ലക്ഷം മാത്രം ജനസംഖ്യയുള്ള വയനാട്ടില്‍ ഇത് ഒമ്പതെണ്ണമുണ്ട്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഇടുക്കിയില്‍ ഒമ്പതും കാസര്‍കോട് ഏഴുമാണ്. പി.എച്ച്.സികള്‍ യഥാക്രമം 33ഉം 26ഉം ആണ്. പ്രത്യക്ഷത്തില്‍തന്നെ ജനസംഖ്യാനുപാതികമായ പരിഗണന ലഭിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് ആരോഗ്യവകുപ്പിെൻറതന്നെ ഈ ഔദ്യോഗിക കണക്കുകള്‍. ഇൗ കണക്കുകൾതന്നെ ജില്ലയുടെ സങ്കടത്തിെൻറയും അതിനോടുള്ള അവഗണനയുടെയും കഥപറയും.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.