കാട്ടാനകളെ തുരത്താന്‍ പ്രത്യേക ദൗത്യസംഘമെത്തി
text_fieldsകാസർകോട്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനവാസമേഖലയില്‍ തമ്പടിച്ച കാട്ടാനകളെ തുരത്താന്‍ പ്രത്യേക ദൗത്യസംഘമെത്തി. കണ്ണൂര്‍ ഡിവിഷനു കീഴിലെ സംഘമാണ് വ്യാഴാഴ്ച ഉച്ചയോടെ എത്തിയത്. വനംവകുപ്പിന്റെ കണ്ണൂര്‍ നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ മേല്‍നോട്ടത്തിലായിരിക്കും ദൗത്യസേനയുടെ പ്രവര്‍ത്തനം.
സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.ആര്‍. വിജയനാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ എം. ജിതിന്‍, എന്‍.എം.ആര്‍ ജീവനക്കാരായ അനൂപ്, മെല്‍ജോ, രാജേന്ദ്രന്‍ എന്നിവരാണ് സംഘത്തിലുള്ളത്. ഇവര്‍ക്ക് പുറമെ കാസര്‍കോട് ൈഫ്ലയിങ് സ്‌ക്വാഡ്, ഡിവിഷന്‍ ജീവനക്കാര്‍, കണ്ണൂര്‍, കാസര്‍കോട് ആര്‍.ആര്‍. ടി. ജീവനക്കാർ എന്നിവരെക്കൂടി ഉള്‍പ്പെടുത്തി വിപുലമായ ദൗത്യസേനയെയാണ് ഒരുക്കുക.
കാട്ടാനശല്യത്തില്‍ ജനജീവിതം ദുസ്സഹമായതോടെ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ വനംവകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസിനെകണ്ടു ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണു പ്രത്യേകസേന രൂപവത്കരിക്കാന്‍ തീരുമാനമായത്.
ദൗത്യസേനാംഗങ്ങളോട് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു പ്രദേശത്തെ സാഹചര്യം വിശദീകരിച്ചു. ഡി.എഫ്.ഒ പി.ബിജു, സാമൂഹിക വനവത്കരണ വിഭാഗം ഡി.എഫ്.ഒ പി.ധനേഷ്‌കുമാര്‍, കാസര്‍കോട് ഫോറസ്റ്റ് റേഞ്ചര്‍ ടി.ജി.സോളമന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
കാസര്‍കോട് റേഞ്ചിനു കീഴില്‍ മുളിയാര്‍, ദേലംപാടി, ബേഡകം, കുറ്റിക്കോല്‍, കാറഡുക്ക പഞ്ചായത്തുകളില്‍ കാട്ടാനകള്‍ കൃഷി വ്യാപകമായി നശിപ്പിക്കുകയും വാഹനങ്ങള്‍, വീടുകള്‍, വൈദ്യുതിത്തൂണുകള്‍ എന്നിവ കേടുവരുത്തുകയും ചെയ്തിട്ടുണ്ട്.
ജനജീവിതത്തിനുതന്നെ ഭീഷണിയായി 12 ഓളം കാട്ടാനക്കൂട്ടമാണ് ജനവാസ മേഖലയില്‍ ഇറങ്ങിയിട്ടുള്ളത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ സോളാര്‍ തൂക്കുവേലിനിര്‍മാണവും ആനകളെ കാട്ടിലേക്ക് കയറ്റിവിടാത്തതുമൂലം നിര്‍ത്തി വെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.