എസ്.എസ്.എൽ.സി: കാസർകോട് ജില്ലക്ക് 99.48 ശതമാനം ജയം
text_fieldsകാസർകോട്: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലക്ക് 99.48 ശതമാനം ജയം. പരീക്ഷയെഴുതിയ 19,761 വിദ്യാർഥികളിൽ 19,658 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 1639 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞവർഷത്തെ റെക്കോഡ് വിജയശതമാനത്തേക്കാൾ നേരിയ കുറവാണ് ഇത്തവണ. 99.74 ശതമാനമായിരുന്നു കഴിഞ്ഞതവണത്തെ വിജയം.
4366 പേർക്കായിരുന്നു കഴിഞ്ഞവർഷം മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നത്. ഫുൾ എപ്ലസുകാരുടെ എണ്ണം ഏകദേശം മൂന്നിലൊന്നായി ചുരുങ്ങി.
10,265 ആൺകുട്ടികളും 9496 പെൺകുട്ടികളുമാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 10,199 ആൺകുട്ടികളും 9459 പെൺകുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി. കാസർകോട് വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതിയത്- 10965. ഇതിൽ 10876 പേർ യോഗ്യത നേടി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷക്കിരുന്ന 8796 ൽ 8782 പേരും യോഗ്യത നേടി.
കഴിഞ്ഞവർഷം വിജയശതമാനത്തിലും ഫുൾ എപ്ലസുകാരിലും റെക്കോഡ് ആയിരുന്നുവെങ്കിൽ തൊട്ടുമുമ്പത്തെ (2020) വിജയവുമായാണ് ഇത്തവണ സമാനതകൾ ഏറെയുള്ളത്. 2020ൽ 1685 പേർക്കായിരുന്നു എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചിരുന്നത്. ഇത്തവണയത് 1639 ആയി. 98.61ശതമാനമായിരുന്നു 2020ലെ വിജയം.
എ പ്ലസുകാരിൽ പെൺ മേധാവിത്വം
ജില്ലയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരിൽ പെൺകുട്ടികൾ ബഹുദൂരം മുന്നിൽ. ആകെയുള്ള 1639 ഫുൾ എ പ്ലസുകാരിൽ 1184 പേരും പെൺകുട്ടികളാണ്. 455 ആൺകുട്ടികളാണ് ഫുൾ എപ്ലസ് നേടിയത്. കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 653 പേർക്കാണ് ഫുൾ എപ്ലസ്. ഇതിൽ ആൺകുട്ടികൾ 171, പെൺകുട്ടികൾ 482. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 986പേർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്.
ഇതിൽ 284 ആൺകുട്ടികൾ, 702 പെൺകുട്ടികൾ. രണ്ടു വിദ്യാഭ്യാസ ജില്ലകളിൽ കാഞ്ഞങ്ങാടാണ് വിജയശതമാനത്തിൽ മുന്നിൽ- 99.84. കാസർകോട് വിദ്യാഭ്യാസ ജില്ലക്ക് 99.19ശതമാനമാണ് വിജയം.
നൂറുമേനി കൊയ്ത് വിദ്യാലയങ്ങൾ; വെള്ളച്ചാല്‍ എം.ആര്.എസിന് പതിനഞ്ചാമതും
കാസർകോട്: എസ്.എസ്.എൽ.സി പരീക്ഷയില്‍ വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലെ എല്ലാ വിദ്യാര്‍ഥികളും ഉന്നതപഠനത്തിന് അര്‍ഹത നേടി. പട്ടികജാതി വികസന വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളച്ചാല്‍ എം.ആര്.എസിലെ പതിനഞ്ചാമത് എസ്.എസ്.എല്‍.സി ബാച്ചാണിത്. ഇത്തവണ 34 പേരാണ് പരീക്ഷ എഴുതിയത്. ഒരു വിദ്യാര്‍ഥിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. മൂന്നുപേര്‍ക്ക് ഒമ്പത് എ പ്ലസ് ഗ്രേഡുണ്ട്. സ്കൂളിലെ മിക്ക വിദ്യാർഥികളും മികച്ച ഗ്രേഡുകള്‍ കരസ്ഥമാക്കി.
രാജാസ് ഹയർ സെക്കൻഡറി ; 317 ൽ 317
നീലേശ്വരം: നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ 317 പേർ പരീക്ഷയെഴുതി മുഴുവൻ പേരും വിജയിച്ചു. കഴിഞ്ഞ വർഷം ഒരാൾ പരാജയപ്പെട്ടതിനാൽ പിന്തള്ളപ്പെട്ട നൂറുമേനി വിജയം ഇത്തവണ തിരികെ പിടിക്കുകയായിരുന്നു. കോട്ടപ്പുറം സി.എച്ച് മുഹമ്മദ് കോയ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളും നൂറുമേനി കൊയ്തു. 29 പേർ പരീക്ഷയെഴുതിയതിൽ എ പ്ലസ് ഇല്ലെങ്കിലും മുഴുവൻ പേരും വിജയിച്ചു. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും നൂറു ശതമാനം വിജയം കരസ്ഥമാക്കാന്‍ ചായ്യോത്ത് ഗവ. ഹയര്‍സെക്കൻഡറി സ്കൂളിന് സാധിച്ചു. 2017-18 അധ്യയനവര്‍ഷം മുതലാണ് തുടര്‍ച്ചയായി നൂറു ശതമാനം വിജയതിളക്കത്തോടെ സ്കൂള്‍ ശ്രദ്ധേയമാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.