എസ്.എസ്.എൽ.സി: വിജയികൾ കൂടി, സീറ്റുകൾ കൂടുന്നില്ല
text_fieldsകാസർകോട്: എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയികളുടെ എണ്ണം വർധിച്ചതിനാൽ ഇത്തവണ ഉപരിപഠനം ഏറെ ദുഷ്കരമാവും. ഈവർഷം ഫുൾ എ പ്ലസുകാരുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങിയെങ്കിലും വിജയികളുടെ എണ്ണം വർധിക്കുകയാണ് ചെയ്തത്. ജില്ലയിൽ 19,658 പേരാണ് ഈവർഷം ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞവർഷമിത് 19,287 ആയിരുന്നു. അതായത്, 371 പേരുടെ വർധന. ആനുപാതികമായി ഹയർസെക്കൻഡറി സീറ്റിൽ വർധനയില്ലാത്തതിനാൽ ഉപരിപഠനത്തിന് സൗകര്യമില്ലാത്തവരുടെ എണ്ണം കൂടും. വടക്കൻ ജില്ലകളിലെ പ്ലസ്വൺ സീറ്റ് ക്ഷാമം കണക്കിലെടുത്ത് കഴിഞ്ഞവർഷം കൂടുതൽ ബാച്ചുകൾ അനുവദിച്ചെങ്കിലും അത് കഴിഞ്ഞവർഷത്തേക്ക് മാത്രമായി പരിമിതപ്പെടുത്തുകയാണുണ്ടായത്.
ഈവർഷം മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയവരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതിനാൽ എ പ്ലസുകാർ സീറ്റില്ലാതെ പുറത്താവുന്ന സാഹചര്യമുണ്ടാവില്ല. കഴിഞ്ഞവർഷം സർക്കാറിന് ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടിവന്നതും എപ്ലസുകാർ പുറത്തായ കാര്യത്തിലായിരുന്നു. അതൊഴിവാക്കാൻ കൂടിയാണ് ഇത്തവണ ഫുൾ എപ്ലസുകാരുടെ എണ്ണം നിയന്ത്രിച്ചത്. പ്ലസ്ടു, വി.എച്ച്.എസ്.ഇ, പോളിടെക്നിക്, ഐ.ടി.ഐ, അൺഎയ്ഡഡ് മേഖല എല്ലാം കൂട്ടിയാലും 1645പേർക്ക് ഉപരിപഠനത്തിന് സൗകര്യമില്ലാതെ പുറത്താവും. ഇവർക്ക് സമാന്തര പഠനം സ്വീകരിക്കേണ്ടി വരും.
ജില്ലയിൽ 14,278 പ്ലസ്വൺ സീറ്റ്
സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലെ 106 ഹയർസെക്കൻഡറി സ്കൂളുകളിലായി 14,278 പ്ലസ്ടു സീറ്റുകളാണ് ജില്ലയിലുള്ളത്. ഇതിൽ 10,698 ആണ് മെറിറ്റ് സീറ്റുകളുടെ എണ്ണം. നോൺ മെറിറ്റ്- 3328, സ്പോർട്സ് -252. വി.എച്ച്.എസ്.ഇയിൽ 1325 സീറ്റാണ് ജില്ലയിലുള്ളത്. പോളിടെക്നിക്കിൽ 680, ഐ.ടി.ഐയിൽ 1730 സീറ്റുകളുമുണ്ട്. പ്ലസ്ടു, വി.എച്ച്.എസ്.ഇ, പോളി, ഐ.ടി.ഐ എല്ലാം കൂടി 18,013 സീറ്റാണ് ജില്ലയിലുള്ളത്. ഈവർഷം എസ്.എസ്.എൽ.സി ജയിച്ചവരാകട്ടെ 19,658 പേരും. 1645പേർക്ക് ഉപരിപഠനത്തിന് സൗകര്യമില്ലെന്നർഥം. അധികബാച്ചുകൾ അനുവദിക്കുകയാണ് പ്രതിസന്ധി പരിഹരിക്കാൻ പോംവഴി. ഉയർന്ന ഫീസ് നൽകിയുള്ള അൺഎയ്ഡഡ് സ്കൂളുകളിലെ പഠനസൗകര്യം പോലുമില്ലാതെയാണ് ഇത്രയും പേർ പുറത്താവുന്നത്. സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം വരുന്നതോടെ അപേക്ഷകരുടെ എണ്ണം വീണ്ടും കൂടും. അതോടെ, പ്ലസ്വൺ സീറ്റില്ലാതെ പുറത്താവുന്നവരുടെ എണ്ണവും വർധിക്കും.
സയൻസില്ലാതെ എ പ്ലസുകാർ പുറത്താവില്ല
കഴിഞ്ഞവർഷം 4366 ആയിരുന്നു ജില്ലയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയവരുടെ എണ്ണം. സ്വാഭാവികമായും സയൻസ് ഗ്രൂപ്പിലേക്കുള്ള ആവശ്യക്കാരും കൂടി.
ഇത്തവണ ഫുൾ എ പ്ലസുകാരുടെ എണ്ണം 1639 പേർ ആയതിനാൽ കഴിഞ്ഞവർഷത്തേതുപോലുള്ള സാഹചര്യമുണ്ടാവില്ല. ജില്ലയിൽ മെറിറ്റ് വിഭാഗത്തിലായി 4155 സീറ്റാണ് സയൻസിനുള്ളത്.
64 സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലായി 2891, 24 എയ്ഡഡ് സ്കൂളുകളിലായി 1264 എന്നിങ്ങനെയാണിത്. സർക്കാർ മേഖലയിൽ ഹ്യുമാനിറ്റീസ് 2548, കോമേഴ്സ് 2940 എന്നിങ്ങനെയാണ് കണക്ക്. എയ്ഡഡിൽ ഇത് യഥാക്രമം 479, 576 എന്നിങ്ങനെയാണ് സീറ്റ് നില. എയ്ഡഡ് മേഖലയിലെ മാനേജ്മെന്റ് േക്വാട്ടയിൽ 940 സീറ്റാണുള്ളത്. ജില്ലയിലെ അൺഎയ്ഡഡ് മേഖലയിൽ 2078 സീറ്റാണുള്ളത്.
മഞ്ചേശ്വരം മണ്ഡലത്തിൽ സയൻസ് സീറ്റുകൾ കുറവ്
കാസർകോടിന്റെയും മഞ്ചേശ്വരത്തിന്റെയും ഇടയിലുള്ള തീരദേശ പ്രദേശത്ത് ജീവശാസ്ത്രം ഉൾെപ്പടെയുള്ള സയൻസ് വിഷയങ്ങൾ എടുത്തു പ്ലസ്ടു പഠിക്കാൻ ഒരേയൊരു സ്കൂൾ മാത്രം. മൊഗ്രാൽ, ഷിറിയ, മംഗല്പാടി, ഉപ്പള ഹയർസെക്കൻഡറി സ്കൂളുകളിലൊന്നും സയൻസ് ബാച്ച് ഇല്ല. ആകെ ഒന്നുള്ളത് കുമ്പളയിൽ മാത്രം.
തൊട്ടടുത്ത മൊഗ്രാൽ പുത്തൂരിൽ സയൻസ് ഉണ്ടെങ്കിലും അത് ബയോളജി ഇല്ലാത്ത സ്ട്രീം. അതുകൊണ്ടുതന്നെ കുമ്പള ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ വർഷം 60 സീറ്റുകളിൽ നാലായിരത്തിനടുത്ത് അപേക്ഷകരുണ്ടായി. ഫുൾ എ പ്ലസ് കുട്ടികൾ വരെ പ്രവേശനം കിട്ടാതെ പുറത്താവുന്നു. പുത്തിഗെ, മീഞ്ച, വോർക്കാടി പഞ്ചായത്തുകളിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒരൊറ്റ സയൻസ് ബാച്ച് പോലുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.