സംസ്ഥാന പാത നവീകരണം പൊടിയിൽ പൊറുതിമുട്ടി ജനം
text_fieldsകാഞ്ഞങ്ങാട്: റോഡുപണി നടക്കുന്ന പൂടങ്കല്ല്-പാണത്തൂർ ചിറങ്കടവ് റോഡിൽ പൊടിശല്യംകൊണ്ട് ജനം പൊറുതിമുട്ടി. വ്യാപാരികളും യാത്രക്കാരും ജീവനക്കാരും നൂറുകണക്കിന് വിദ്യാർഥികളും അനുഭവിക്കുന്ന ബുദ്ധിമുട്ട് അസഹനീയമാണ്. പൊടിശല്യം ഒഴിവാക്കാൻ ചിലയിടങ്ങളിൽ നാട്ടുകാരും വ്യാപാരികളും വെള്ളം തളിക്കുന്നുണ്ടെങ്കിലും കുറച്ചുസമയത്തേക്കു മാത്രമാണ് ഇതിനു പരിഹാരം. പൂടങ്കല്ല്, ചിറങ്കടവ് റോഡുപണിക്കെതിരെ വ്യാപാരികളും നാട്ടുകാരും പരാതിയുമായി രാജപുരം പൊലീസിനെ സമീപിച്ചു.
ആറു മാസം മുമ്പാണ് കാഞ്ഞങ്ങാട് -പാണത്തൂർ സംസ്ഥാനപാത നവീകരണ പ്രവൃത്തി ആരംഭിച്ചത്. പ്രസ്തുത റോഡ് പണി മെല്ലെപ്പോക്കിലാണെന്നാണ് നാട്ടുകാരുടെ പരാതി. കാഞ്ഞങ്ങാട് മുതൽ പൂടങ്കല്ല് വരെയുള്ള 23 കിലോ മീറ്റർ റോഡ് നേരത്തെ മെക്കാഡം ടാറിങ് പൂർത്തിയായതാണ്. ശേഷിക്കുന്ന 20 കിലോമീറ്ററോളം റോഡിലാണ് മെക്കാഡം പണി നടക്കുന്നത്. പലയിടത്തും വ്യാപാരികളും നാട്ടുകാരും ചേർന്ന് വെള്ളം തളിക്കുന്നത് എത്രകാലം തുടരണമെന്നാണ് ചോദ്യം.
ഇൻസ്പെക്ടർ കെ. കൃഷ്ണൻ പ്രശ്നത്തിലിടപെട്ടു. ബസ് ഉൾപ്പെടെ വാഹനങ്ങൾ പണി നടക്കുന്ന സ്ഥലങ്ങളിൽ സ്പീഡ് 30 കിലോമീറ്ററിലാക്കണം. മറ്റ് വലിയ വാഹനങ്ങൾ -മാലക്കല്ലിൽ നിന്നും, ആടകം, കൊട്ടോടി, ചുള്ളിക്കര വഴി മാത്രമേ പോകാൻ പാടുള്ളൂ. ഇളക്കിയ റോഡിൽ ടാങ്കർ ഉപയോഗിച്ച് തുടർച്ചയായി വെള്ളമൊഴിക്കണം. ടാങ്കറുകളിലേക്ക് ആവശ്യമായ വെള്ളം ശേഖരിക്കുന്നതിൽ ആരും തടസ്സപ്പെടുത്താൻ പാടില്ല എന്നിങ്ങനെയുള്ള തീരുമാനങ്ങൾ പൊലീസ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.