തെരുവുനായ്: കാസർകോട് ജില്ലയിൽ വിപുല പദ്ധതികൾ
text_fieldsകാസർകോട്: ഭീതി വളർത്തുന്ന തെരുവുനായ്ക്കളിൽനിന്ന് രക്ഷതേടാൻ ജില്ലയിൽ വിപുലമായ പദ്ധതികൾ നടപ്പാക്കും. ഇതിന്റെ മുന്നോടിയായി ജില്ലയിലെ അഞ്ച് എം.എൽ.എമാരുടെയും മുഴുവൻ തദ്ദേശസ്ഥാപന പ്രസിഡന്റ്-സെക്രട്ടറിമാരുടെയും യോഗം സെപ്റ്റംബർ 19ന് ചേരും.
യോഗത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന്റെ സമയക്രമം നിശ്ചയിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ജില്ലതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
19ന് രാവിലെ 10നാണ് എം.എൽ.എമാരുടെ സാന്നിധ്യത്തിൽ തദ്ദേശസ്ഥാപന മേധാവികളുടെ യോഗം. തദ്ദേശ സ്ഥാപനത്തിലെ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷരും യോഗത്തിൽ പങ്കെടുക്കും. അതത് പഞ്ചായത്തുകളില്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ യോഗത്തിൽ അവതരിപ്പിക്കും.
തെരുവുനായ് ശല്യം രൂക്ഷമായ സാഹചര്യത്തിൽ ആദ്യപടിയായി ജില്ലയിലെ എല്ലാ വളര്‍ത്തുനായ്ക്കള്‍ക്കും പ്രതിരോധ കുത്തിവെപ്പും ലൈസന്‍സും നല്‍കും. ഒക്ടോബര്‍ 26ന് മുമ്പ് ഇവ പൂർത്തിയാക്കും.
പഞ്ചായത്തുതലത്തിലുള്ള ആസൂത്രണത്തിനായി ഈ മാസം 23ന് എല്ലാ പഞ്ചായത്തിലും വാക്സിനേഷൻ സംബന്ധിച്ച് യോഗം വിളിക്കാൻ യോഗം നിർദേശിച്ചു. വാക്സിനേഷന്‍ പരിപാടിയുടെ വിജയത്തിന് സെപ്റ്റംബര്‍ 20ന് രാവിലെ 10ന് റസിഡന്റ്സ് അസോസിയേഷന്‍, നായ് പ്രേമികൾ, കുടുംബശ്രീ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള യോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ ചേരും. പഞ്ചായത്ത് തലത്തിൽ ജാഗ്രത സമിതികൾ പോലുള്ളവയും രൂപവത്കരിക്കും.
ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ നടന്ന യോഗത്തിൽ പ്രസിഡന്റിനും കലക്ടർക്കും പുറമെ അസി. കലക്ടര്‍ മിഥുന്‍ പ്രേമരാജ്, തദ്ദേശ വകുപ്പ് ജോയന്റ് ഡയറകടർ ജെയ്സണ്‍ മാത്യു, ഡെപ്യൂട്ടി മെഡിക്കൽ ഓഫിസർ ഡോ. ഗീത, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി.എം. സുനില്‍, കെ.എസ്. ഇന്ദുമോള്‍, ആർ.ഡി.ഒ ഓഫിസിലെ സൂപ്രണ്ട് ശ്രീലത, ബി.എൻ. സുരേഷ്, സുമ.ഡി. നായര്‍, കലക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് സദാശിവന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.