തെരുവുനായ് വന്ധ്യംകരണ പദ്ധതി പാതിവഴിയിൽ; മൊഗ്രാലിൽ ഭീതിപരത്തി നായ്ക്കൂട്ടം
text_fieldsകാസർകോട്: മൊഗ്രാൽ സ്കൂൾ മൈതാനവും തുറന്നിട്ടിരിക്കുന്ന പവിലിയൻ കെട്ടിടവും നായ്ക്കൂട്ടങ്ങളുടെ സുഖവാസകേന്ദ്രം. പവിലിയൻ കെട്ടിടത്തിനുള്ളിൽ നായ്ക്കൾ പെറ്റുപെരുകുകയാണ്. ഇവ കൂട്ടത്തോടെ മൈതാനത്തിറങ്ങുന്നു. ഇത് വിദ്യാർഥികൾക്ക് ഭീഷണിയായിട്ടുണ്ട്. മൊഗ്രാൽ ടൗണിലുമുണ്ട് നായ് ശല്യം. സർവിസ് റോഡിലാണ് ഇവ വിഹരിക്കുന്നത്. ഇവിടെ തമ്പടിച്ചുകിടക്കുന്ന നായ്ക്കൂട്ടങ്ങൾ ഇരുചക്ര വാഹനക്കാർക്ക് നേരെ ചാടിവീഴുന്നതും നിയന്ത്രണംതെറ്റി യാത്രക്കാർ അപകടത്തിൽപെടുന്നതും നിത്യസംഭവമാണ്. പലപ്പോഴും നായ്ക്കൂട്ടങ്ങൾ റോഡിൽ കിടക്കുന്നതിനാൽ ഗതാഗതതടസ്സത്തിനും കാരണമാകുന്നുണ്ട്.
ഇതുവഴിയുള്ള കാൽനടക്കാർക്കും വിദ്യാർഥികൾക്കും ഇവ ശല്യമായി മാറിയിട്ടുണ്ട്. കാൽനടക്കാരായ സ്ത്രീകളും കുട്ടികളുമാണ് പലപ്പോഴും ഇവയുടെ ആക്രമണത്തിന് ഇരയാകുന്നത്. നാട്ടുകാരാണ് പലപ്പോഴും ഇടപെട്ട് നായ്ക്കളെ അടിച്ചോടിക്കുന്നത്.
ആർക്കെങ്കിലും നായുടെ കടിയേറ്റാൽ മാത്രം നായ് ശല്യം വാർത്തയാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. പിന്നെ അധികൃതരുടെ ഇടപെടലുകളും പദ്ധതികളും. ഒന്നിനും ആയുസ്സുണ്ടാവുന്നില്ല. വന്ധ്യംകരണ പദ്ധതികളൊക്കെ പാതിവഴിയിലുമാണ്.
ഉപദ്രവകാരികളായ നായ്ക്കളെ കൊല്ലാൻ നിയമം അനുവദിക്കുന്നുണ്ടെങ്കിലും ഇതും തർക്കവിഷയമാണ്. ജില്ലയിലെ സർക്കാർ സ്ഥാപന പരിസരങ്ങളൊക്കെ നായ് വളർത്തൽ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. സർക്കാർ ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, തദ്ദേശ സ്ഥാപനങ്ങൾ, പൊലീസ് സ്റ്റേഷനുകൾ ഇവിടങ്ങളിലൊക്കെ പൊതുജനങ്ങളെ സ്വീകരിക്കാനെത്തുന്നത് നായ്ക്കൂട്ടങ്ങളുടെ ശല്യമാണ്. നടപടി സ്വീകരിക്കേണ്ട അതികൃതർക്കാകട്ടെ മിണ്ടാട്ടവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.