നാടുനീളെ നായ്ക്കൂട്ടങ്ങൾ; ഇടപെടാതെ തദ്ദേശസ്ഥാപനങ്ങൾ
text_fieldsകാസർകോട്: നാടുനീളെ നായ്ക്കൂട്ടങ്ങളുടെ പരാക്രമം തുടരുമ്പോഴും ഇടപെടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ. കഴിഞ്ഞദിവസമാണ് ഒരു വയോധികയെ നായ്ക്കൂട്ടം കടിച്ചുകീറി കൊന്നത്. എന്നിട്ടും അധികൃതർക്ക് ഒരുകുലുക്കവുമില്ല. ആക്രമണകാരികളായ നായ്ക്കളെ കൊല്ലാമെന്ന് കോടതി നിർദേശമുണ്ടെങ്കിൽപോലും അത് എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കുണ്ട്.
ജില്ല തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിട്ടുണ്ട്. എവിടെച്ചെന്നാലും നായ്ക്കളുടെ ഉപദ്രവമാണ്. ജില്ലയിലെ സർക്കാർസ്ഥാപനങ്ങളൊക്കെ നായ് വളർത്തൽ കേന്ദ്രങ്ങളായി മാറി. സിവിൽ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ, സർക്കാർ ആശുപത്രികൾ, തദ്ദേശ സ്ഥാപനങ്ങൾ, പൊലീസ് സ്റ്റേഷനുകൾ, സ്കൂൾ മൈതാനങ്ങൾ എന്നുവേണ്ട എല്ലാ സ്ഥലത്തും ശല്യമാണ്.
ഇതിനെതിരെ മൊഗ്രാൽ ദേശീയവേദി താലൂക്കുതല അദാലത്തിൽ പരാതി നൽകിയിട്ടുണ്ട്.മൊഗ്രാൽ സ്കൂൾ മൈതാനം കേന്ദ്രീകരിച്ച് നായ്ക്കൂട്ടങ്ങളുടെ പരാക്രമം തുടരുകയാണ്. കഴിഞ്ഞയാഴ്ച കെ.കെ പുറത്ത് സ്കൂൾ വിദ്യാർഥിനിയെ നായ്ക്കൂട്ടം വളഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഒച്ചവെച്ചതുകൊണ്ട് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞവർഷം മൊഗ്രാലിൽ ഇരുപത്തഞ്ചോളം ആടുകളെയാണ് കൂട്ടിൽ കയറി കടിച്ചുകൊന്നത്. കഴിഞ്ഞവർഷം ജില്ലയിൽ ആറായിരത്തിലേറെ പേർക്ക് നായുടെ കടിയേറ്റതായാണ് കണക്കുകൾ. ഇങ്ങനെ ജില്ലയിലെ ഓരോ പ്രദേശത്തും ഇത്തരത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.
നായ്ക്കളുടെ ആക്രമണം രൂക്ഷമായതോടെ 2023ൽ ആരംഭിച്ച എ.ബി.സി പദ്ധതി എങ്ങുമെത്തിയില്ല. എന്തെങ്കിലും ചെയ്തുവെന്ന് വരുത്തിത്തീർക്കുകയാണ് ചെയ്യുന്നതെന്ന ആക്ഷേപവുമുണ്ട്.
അതുപോലെ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് ആശുപത്രിച്ചെലവിനും തുടർചികിത്സക്കും മറ്റുമായി അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന 2016ലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നിർദേശത്തിലെ അവ്യക്തതയാണ് ഇതിന് കാരണമെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.