തെരുവ് കൈയടക്കി നായ്ക്കൾ
text_fieldsകാസർകോട്: തെരുവു നായ്ക്കൾ കാരണം ജീവൻ പൊലിയുന്ന വാർത്തകളാണെങ്ങും. നായ്ക്കളെ പേടിച്ച് കാൽനടയായോ ബൈക്കിലോ പോകാൻ കഴിയാത്ത സ്ഥിതി. ഒറ്റക്കിറങ്ങുന്ന കുട്ടികളെ വളഞ്ഞിട്ട് ആക്രമിക്കുന്നു. നായ്ക്കൾ കടിച്ചുകീറിയ വികൃതമായ മുഖവുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും കൂടുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ നാട്ടുകാർ ഭീതിയിലാണ്. മൃഗസ്നേഹികൾ ഒരുഭാഗത്ത്, കടിയേൽക്കുന്നവർ മറുഭാഗത്ത്. ഇതിനിടെയിൽ ഒന്നും ചെയ്യാതെ കൈയും കെട്ടി നിൽക്കുന്ന ഭരണകൂടവും. പലവഴികളും ആവിഷ്കരിക്കുമ്പോഴും പട്ടികൾ യഥേഷ്ടം കറങ്ങിനടക്കുന്നു.
അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി പ്രത്യേക സ്ഥലത്ത് പാർപ്പിക്കുന്ന പാർപ്പിടം പദ്ധതിയാണ് ജില്ല ആസൂത്രണ സമിതി ഇപ്പോൾ പരിഗണിക്കുന്നത്. ഇത്തരമൊരു പദ്ധതിക്ക് കഴിഞ്ഞ ദിവസം ചേർന്ന ആസൂത്രണ സമിതി യോഗം തത്ത്വത്തിൽ അംഗീകാരവും നൽകി. പാർപ്പിടം പദ്ധതി എവിടെ സ്ഥാപിക്കണമെന്ന് തീരുമാനിക്കാനും സ്ഥലം കണ്ടെത്താനും തദ്ദേശസ്ഥാപനങ്ങൾക്കാണ് ചുമതല. നാട്ടിലെ പട്ടികളെ എല്ലാം ഏതാനും കേന്ദ്രങ്ങളിൽ താമസിപ്പിച്ചാൽ മൃഗസ്നേഹികളുടെ കൂടി സഹകരണത്തോടെ പരിപാലിക്കാൻ കഴിയുമെന്ന ചിന്തയിൽനിന്നാണ് നിർദേശം വന്നത്. എത്രമാത്രം പ്രായോഗികമാണ് പദ്ധതിയെന്നതും അതത് തദ്ദേശ സ്ഥാപനങ്ങൾ തീരുമാനിക്കണം.
പേ ബാധ തടയാൻ കുത്തിവെപ്പ്
നായ്ക്കളെ പിടിച്ചുകൊണ്ടുപോയി വന്ധ്യംകരിക്കുന്നത് നിലച്ചതിനാൽ പേ വിഷബാധ ഒഴിവാക്കാൻ പ്രതിരോധ വാക്സിൻ നൽകുന്ന പദ്ധതിയാണ് നിലവിലുള്ളത്. അതത് തദ്ദേശസ്ഥാപനങ്ങളും അതതിടത്തെ മൃഗാശുപത്രിയും സഹകരിച്ചാണ് പദ്ധതി. കുത്തിവെപ്പ് എടുത്ത നായ്ക്കൾക്ക് പ്രത്യേക അടയാളവും നൽകുന്നു. പേവിഷബാധ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ, നായ്ക്കളെ പിടികൂടാനുള്ള സംഘത്തിന്റെ കുറവ് പലയിടത്തും പദ്ധതി മന്ദഗതിയിലാക്കുന്നു.
ജില്ലയിൽ കാസർകോട്ടും തൃക്കരിപ്പൂരിലുമാണ് നായ്ക്കളെ വന്ധ്യംകരിക്കുന്ന ആനിമല് ബെര്ത്ത് കണ്ട്രോള് സെന്ററുകൾ ഉള്ളത്. മാർച്ച് 31ഓടെ ഇരുസ്ഥാപനങ്ങളുടെയും ലൈസൻസ് കാലാവധി തീർന്നു. ഇതോടെ, വന്ധ്യംകരണ പദ്ധതി ജില്ലയിൽ നിലച്ചിട്ട് മാസങ്ങളായി. ലൈസൻസ് പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. ഇരുകേന്ദ്രങ്ങളുടെയും സേവനം മെച്ചപ്പെടുത്താൻ ശ്രമം തുടങ്ങിയതായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു. നായ്ക്കളുടെ ശല്യം ചർച്ച ചെയ്യാൻ മാത്രമായി ജില്ല ആസൂത്രണ സമിതി ഉപസമിതിയുണ്ടാക്കുമെന്നും ഇതിനായി വീണ്ടും യോഗം ചേരുമെന്നും ഇവർ വ്യക്തമാക്കി.
പുറത്തിറങ്ങാൻ മടിച്ച് കുട്ടികൾ, മാലിന്യംതന്നെ പ്രശ്നം
നാടും നഗരവും തെരുവുപട്ടികൾ കീഴടക്കിയതോടെ ജനങ്ങൾ ഭീതിയിലായി. ആക്രമണോത്സുകരായ തെരുവു നായ്ക്കൾ റോഡിൽ അലയുമ്പോൾ വിദ്യാർഥികളടക്കം കടുത്ത ആശങ്കയിലാണ്. കുട്ടികൾ ഉൾപ്പെടെ നിരവധി പേരെ തെരുവു നായ്ക്കൾ ആക്രമിക്കുന്ന സംഭവങ്ങളാണ് എന്നും.
അറവ് മാലിന്യവും വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലെ മാലിന്യം റോഡുവക്കിൽ തള്ളുന്നതാണ് തെരുവുപട്ടികൾക്ക് സൗകര്യമാവുന്നത്. കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ വിവിധ ഭാഗങ്ങളിലും അജാനൂർ പഞ്ചായത്തിലും തെരുവ് പട്ടികളുടെ ശല്യം അതിരൂക്ഷമായി. കാഞ്ഞങ്ങാട്- പാണത്തൂർ സംസ്ഥാനപാത തെരുവ് പട്ടികളുടെ കേന്ദ്രമായി മാറി. കോഴികളും വളർത്തുമൃഗങ്ങളും പട്ടികളുടെ ആക്രമണത്തിന് ഇരയാകുന്നത് നിത്യസംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.