നീലേശ്വരത്തും കരിന്തളത്തും തെരുവുനായ് ശല്യം
text_fieldsനീലേശ്വരം: തെരുവുനായ് ശല്യത്തിൽ പൊറുതിമുട്ടുകയാണ് നീലേശ്വരം നഗരസഭയിലെയും കിനാനൂർ-കരിന്തളം പഞ്ചായത്തിലെയും ജനം. നീലേശരം ടൗണിൽ തെരുവുനായ്ക്കളുടെ വിളയാട്ടംമൂലം കാൽനടക്കാർ ഭീതിയോടെയാണ് പോകുന്നത്.
മാർക്കറ്റ് ജങ്ഷൻ, മെയിൻ ബസാർ, ബസ് സ്റ്റാൻഡ് പരിസരം, രാജാറോഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, കോൺവെന്റ് ജങ്ഷൻ എന്നിവിടങ്ങളിലാണ് നായ്ക്കൾ കൂട്ടത്തോടെയുള്ളത്.
നീലേശ്വരം ജി.എൽ.പി സ്കൂൾ, എൻ.കെ.ബി.എം.യു സ്കൂളിൽ പോകുന്ന കുട്ടികൾക്കാണ് നായ്കൂട്ടങ്ങൾ ഭീഷണിയാകുന്നത്. ടൗണിൽ വന്ന് കടയിൽ സാധനങ്ങൾ എത്തുന്നവർക്ക് നിരവധിതവണ നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. നീലേശ്വരത്ത് നായ്ക്കളുടെ വന്ധ്യംകരണ കേന്ദ്രം ആരംഭിക്കാൻ നഗരസഭ അധികൃതർ ശ്രമം നടത്തിയെങ്കിലും നടന്നില്ല.
നീലേശ്വരം പൊലീസ് സ്റ്റേഷന് അകത്തും പുറത്തും നായ്ക്കളുടെ ശല്യം കാരണം പരാതി നൽകാൻ എത്തുന്നവർ പേടിയോടെയാണ് എത്തിച്ചേരുന്നത്.
കിനാനൂർ കരിന്തളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രാവിലെ മദ്റസയിൽ പോകുന്ന കുട്ടികൾക്കും പ്രഭാത സവാരിക്കാർക്കും തെരുവുനായ്ക്കൾ ഭീഷണിയായി.
രാത്രിയിൽ ഇരുചക്ര വാഹനയാത്രികരുടെയും മറ്റും മുന്നിലേക്ക് ചാടുന്നത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. ഇതുമൂലം കാൽനടക്കാരും ഇരുചക്ര വാഹനയാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.