അടിപ്പാത: അണങ്കൂരിൽ രാപ്പകൽ സമരം തുടങ്ങി
text_fieldsകാസർകോട്: ദേശീയപാതയിൽ അണങ്കൂരിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് കർമസമിതിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം ആരംഭിച്ചു. മൂന്നാംഘട്ട സമരമാണിത്. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ സമരം ഉദ്ഘാടനം ചെയ്തു. കർമസമിതി ചെയർമാൻ പി. രമേശ് അധ്യക്ഷത വഹിച്ചു.
ട്രഷറർ പി.എ. സത്താർ ഹാജി, മുസ്‍ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ, ബി.ജെ.പി ജില്ല പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, സി.പി.എം ഏരിയ സെക്രട്ടറി ടി.എം.എ. കരീം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. അഷ്റഫലി, ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് അഹമ്മദ് ശരീഫ്, ബസ് ഓണേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് കെ. ഗിരീഷ് എന്നിവർ സംസാരിച്ചു.
കർമ സമിതി ജനറൽ കൺവീനർ മജീദ് കൊല്ലമ്പാടി സ്വാഗതവും അമ്പല കമ്മറ്റി പ്രസിഡന്റ് അശോകൻ നന്ദിയും പറഞ്ഞു. ദിനം പ്രതി ആയിരങ്ങൾ പോകുന്ന നഗരപ്രദേശമാണ് അണങ്കൂർ. ആതുര ശുശ്രൂഷ കേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ, സർക്കാർ ഓഫിസുകൾ, ആരാധനാലയങ്ങൾ, ഭജനമന്ദിരങ്ങൾ, ജനസേവന കേന്ദ്രങ്ങൾ, കെട്ടിട സമുച്ചയങ്ങൾ തുടങ്ങിയവ പ്രവർത്തിക്കുന്ന സ്ഥലം കൂടിയാണ്.
നഗരത്തിന്റെ പ്രധാനഭാഗമായ ഇവിടെ അടിയന്തരമായി അടിപ്പാത അനുവദിച്ചു കിട്ടിയില്ലെങ്കിൽ ജനജീവിതത്തെ അത് സാരമായി ബാധിക്കുമെന്ന് കർമസമിതി വ്യക്തമാക്കി. അണങ്കൂർ, ബെദിര, തുരുത്തി, കൊല്ലമ്പാടി സ്കൂളുകളിൽ പഠിക്കുന്ന പകുതിയോളം കുട്ടികളും റോഡിന്റെ എതിർഭാഗത്തുളളവരാണ്.
വൻമതിൽ പോലെ റോഡ് ഉയർന്നാൽ കിലോമീറ്റർ താണ്ടിയുള്ള അവരുടെ പഠനം ദുഷ്കരമാകും. ആശുപത്രികളും സർക്കാർ ഓഫിസുകളും ആരാധനാലയങ്ങളും റോഡിന്റെ ഇരു ഭാഗങ്ങളിലാണ്. ഇത്രയുംകാലം അതിനെ ആശ്രയിച്ചു വരുന്നവർക്ക് ദേശീയപാത തടസ്സമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.