സുനിൽകുമാറിന്റെ മരണം: ഡി.ജി.പിയോട് വീണ്ടും റിപ്പോർട്ട് ആവശ്യപ്പെടും -യുവജന കമീഷൻ
text_fieldsകാസര്‍കോട്: തൃക്കരിപ്പൂരിലെ എം. സുനില്‍കുമാറിന്റെ ദുരൂഹമരണം സംബന്ധിച്ച് പരാതിക്കാരിയുടെ ആവശ്യപ്രകാരം സംസ്ഥാന പൊലീസ് മേധാവിയോട് വീണ്ടും റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ സംസ്ഥാന യുവജന കമീഷന്‍ തീരുമാനിച്ചു. കലക്ടറേറ്റിൽ നടന്ന അദാലത്തിലാണ് തീരുമാനം.
കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ യോഗ്യതയില്ലാത്ത നഴ്‌സിനെ നിയമിച്ചതുമായി ബന്ധപ്പെട്ട പരാതി സത്യസന്ധമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ അതിനെതിരെ തുടര്‍നടപടികള്‍ക്കായി നിർദേശം നല്‍കി.
ലാബ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പി.എസ്.സി നിയമനങ്ങള്‍ സര്‍ക്കാറിന്റെ നിർദേശത്തെ തുടര്‍ന്ന് താൽക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന പി.എസ്.സി തന്നെ അറിയിച്ചിട്ടുണ്ട്. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗാർഥികളുടെ ആവശ്യം പരിഗണിച്ചുകൊണ്ട് വിഷയത്തില്‍ സത്വര നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനോട് കമീഷന്‍ ആവശ്യപ്പെടും. അദാലത്തില്‍ 15 പരാതികള്‍ പരിഗണിച്ചു. അഞ്ചു പരാതികള്‍ തീര്‍പ്പാക്കി. ബാക്കിയുള്ള ഏഴു പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുമെന്ന് കമീഷനംഗം റിനീഷ് മാത്യു പറഞ്ഞു.
കമീഷന് മുന്നില്‍ നേരത്തേ പന്ത്രണ്ട് പരാതികളാണ് ലഭിച്ചത്. അദാലത്തില്‍ നേരിട്ട് മൂന്നു പരാതികളും ലഭിച്ചു. സംസ്ഥാന യുവജന കമീഷന്‍ അഡീഷനല്‍ സെക്രട്ടറി ക്ഷിദി വി. ദാസ്, യുവജന കമീഷന്‍ സംസ്ഥാന കോഓഡിനേറ്റര്‍ എം. രഞ്ജീഷ്, അസിസ്റ്റന്റ് അഭിഷേക് പുരുഷോത്തമന്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.