തെരഞ്ഞെടുപ്പ് ഓഫറുമായി സപ്ലൈകോ; പഞ്ചസാര ഇപ്പോഴും ഇല്ല
text_fieldsകാസർകോട്: സംസ്ഥാന സർക്കാറിനെ ഏറെ പ്രതിരോധത്തിലാക്കിയ സിവിൽ സപ്ലൈസ് കോർപറേഷന്റെ സൂപ്പർ മാർക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും ഓഫറുകളുമായി സർക്കാർ. മാർച്ച് 11ന് ഇറക്കിയ സർക്കുലർ പ്രകാരം മാർച്ച് 12 മുതൽ ഏപ്രിൽ 13 വരെയാണ് വിലക്കിഴിവ് പദ്ധതി നടപ്പാക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ ചൂടുപിടിച്ച കാലത്ത് സർക്കാറിനെതിരെയുള്ള പ്രചാരണം തണുപ്പിക്കാനാണ് സപ്ലൈകോയുടെ തീരുമാനമെന്നറിയുന്നു. 19 ശബരി ഉൽപന്നങ്ങളും 20 ഇതര സ്ഥാപനങ്ങളുടെ ഉൽപന്നങ്ങളും ഓഫറുകളിൽപെടും.
പദ്ധതിക്ക് പരമാവധി പ്രചാരണം നൽകണമെന്നും സർക്കുലറിൽ നിർദേശിക്കുന്നുണ്ട്. ഉദ്ഘാടനം നടത്തിവേണം തുടങ്ങാൻ. അരി കെ-റൈസ് എന്ന് ആലേഖനം ചെയ്ത സഞ്ചിയിൽ നിർബന്ധമായും നൽകണം. 13 രൂപയാണ് സഞ്ചിവില. വിലക്കുറവ് പ്രഖ്യാപിച്ച ഉൽപന്നങ്ങളും വിലയും പൊതുവിപണിയിലെ വിലയും എന്ന ക്രമത്തിൽ.
ഉഴുന്ന് ബാൾ -127.06(147.21), തുവരപ്പരിപ്പ് -147(169.57), മുളക് -232(249.29), കടുക്-70(126.40), ഉലുവ -90(134.30), ഗ്രീൻപീസ് -99.76(110), വെള്ളക്കടല -155.40(185), പിരിയൻ മുളക് -217(399), മസൂർ ദാൽ മഞ്ഞ -136, മസൂർ ദാൽ ഓറഞ്ച് -92.40(118.07), മുതിര -89.26(104), ഉഴുന്ന് ബാൾ പ്രീമിയം -137.56(157.50), പെരിഞ്ചീരകം -210(316.08) ബ്ലാക്ക് തുവര -137 എന്നിവയാണ് ഇതര ഉൽപന്നങ്ങൾ. ശബരി ഉൽപന്നങ്ങളിൽ മുളക് പൊടി -24(33), സാമ്പാർ പൊടി -34(47), ചിക്കൻ മസാല -35(49), മല്ലിപ്പൊടി -14.50(20), മഞ്ഞൾ പൊടി -18(25), ബ്രൈറ്റ് വാഷിങ് സോപ്പ് -24(33). അതേസമയം പഞ്ചസാര, വെല്ലം ഉൽപന്നങ്ങൾ ഓണത്തിനുശേഷം മാവേലി സ്റ്റോറുകളിൽ എത്തിയിട്ടില്ല. മില്ലുകൾക്ക് സപ്ലൈകോ 700 കോടി നൽകാനുണ്ട്.
ഇത് നൽകാത്തതിനെ തുടർന്ന് മില്ലുകൾ സപ്ലൈകോക്ക് സാധനങ്ങൾ ഇറക്കുന്നില്ല. അര ലിറ്റർ വെളിച്ചെണ്ണയാണ് സബ്സിഡിയിൽ നൽകുന്നത്.
55 രൂപയാണ് വില. പൊതു മാർക്കറ്റിൽ 75 രൂപയുണ്ട്. ഒരു ലിറ്റർ എണ്ണ വാങ്ങുമ്പോൾ പൊതുമാർക്കറ്റിൽ നിന്നും വലിയ വ്യത്യാസമില്ല. ഹോർലിക്സ്, ബൂസ്റ്റ്, മിൽമ നെയ്യ് എന്നിവയും അലക്ക് ലോഷൻ ഉൽപന്നങ്ങളും ഓഫറിൽ നൽകുന്നുണ്ട്. കെ-റൈസ് വിതരണം തുടങ്ങിയിട്ടില്ല. ഭാരത് റൈസിന് ബദലായാണ് വിതരണവും പ്രചാരണവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.