താലൂക്ക് വികസനസമിതി; ചെങ്കള, കുഡ്ലു വില്ലേജുകള്‍ വിഭജിക്കാൻ നിർദേശം
text_fieldsകാസർകോട്: കാസര്‍കോട് താലൂക്ക് പരിധിയില്‍ ജനസംഖ്യാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളുള്ള ചെങ്കള, കുഡ്ലു വില്ലേജുകള്‍ വിഭജിച്ച് പുതിയ വില്ലേജുകള്‍ രൂപവത്കരിക്കണമെന്ന് കാസര്‍കോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
മുനിസിപ്പല്‍ പരിധിയിലുള്ള എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികള്‍ ഉള്‍പ്പെടെ പഠിക്കുന്ന ബഡ്സ് സ്കൂളിന്റെ കെട്ടിടം കാലപ്പഴക്കത്താല്‍ ഉപയോഗ്യമല്ലാതായിരിക്കുന്നതിനാല് പുതിയ കെട്ടിടം പണിത് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ പാര്‍ക്കിങ് പ്രശ്നം, അണങ്കൂര്‍ ആയുര്‍വേദാശുപത്രിക്കു സമീപമുള്ള പുതിയ റോഡിന്റെ നിർമാണം തുടങ്ങിയവയും യോഗത്തില്‍ ചര്‍ച്ചചെയ്തു. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.എ. മുഹമ്മദ് ഹനീഫ, മൂസ ബി. ചെര്‍ക്കള, അഡ്വ. കെ.എം. ഹസൈനാര്‍, നാഷനല്‍ അബ്ദുല്ല, സണ്ണി അരമന, എം. അബ്ബാസ്, കരുണ്‍ താപ്പ, മുഹമ്മദ് ടിബര്‍, ഹമീദ് പൊസളിഗെ തുടങ്ങിയവര്‍ സംസാരിച്ചു. തഹസില്‍ദാര്‍ കെ.എ. സാദിക്ക് ബാഷ സ്വാഗതവും ഡെപ്യൂട്ടി തഹസില്‍ദാര്‍ രമേശന് പൊയിനാച്ചി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.