വിദ്യാർഥിനിയെ കാണാതായ സംഭവത്തിനു പിന്നിൽ തമിഴ് യുവാവെന്ന് സംശയം
text_fieldsരാജപുരം: ബളാംതോടുനിന്ന് പ്ലസ് ടു വിദ്യാർഥിനിയെ കാണാതായ സംഭവത്തിനുപിന്നിൽ തമിഴ് യുവാവെന്ന് സംശയം. രാജപുരം എസ്.ഐമാരായ രഘുനാഥ്, മനോജ് എന്നിവർ അന്വേഷണത്തിനായി തമിഴ്നാട്ടിലേക്ക് പോയി. രണ്ടുദിവസം മുമ്പാണ് 17 കാരിയായ വിദ്യാർഥിനിയെ കാണാതായത്. വീട്ടിൽനിന്ന് സ്കൂളിലേക്കുപോയ പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് രാജപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ് യുവാവാണ് പെൺകുട്ടിയുടെ തിരോധാനത്തിനു പിന്നിലെന്ന സൂചന ലഭിച്ചത്. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ കൂടി നടത്തിയ മെസേജുകളുടെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ വശീകരിച്ച് യുവാവ് കടത്തിക്കൊണ്ടു പോയതായി സംശയിക്കുന്നത്. വീട്ടിൽനിന്ന് സമ്പാദ്യക്കുടുക്കയിൽ നിന്നടക്കം കുറച്ചുപണം നഷ്ടപ്പെട്ടിട്ടുണ്ട്. സൈബർ സെൽ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ മൊബൈൽ ടവർ ലൊക്കേഷൻ കഴിഞ്ഞ ദിവസം തലശ്ശേരിയിൽനിന്ന് ലഭിച്ചിരുന്നു. യാത്രക്കിടെ പെൺകുട്ടി തലശ്ശേരിയിൽ എത്തിയപ്പോഴായിരിക്കാം മൊബൈൽ ടവർ ലൊക്കേഷൻ ലഭിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
പിന്നീട് ഫോൺ സ്വിച്ച് ഓഫായി. ഫോൺ ഇതുവരെ പിന്നീട് പ്രവർത്തിച്ചിട്ടില്ല. സോഷ്യൽ മീഡിയ വഴി തമിഴ് യുവാവ് പെൺകുട്ടിയുമായി നിരന്തരം ബന്ധപ്പെട്ടതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.