ടാറ്റാ കോവിഡ് ആശുപത്രി; ഒ.പി ചികിത്സയാകാമെന്ന് സർക്കാർ
text_fieldsകാസർകോട്: രോഗികൾ ഒഴിഞ്ഞ ചട്ടഞ്ചാൽ ടാറ്റാ കോവിഡ് ആശുപത്രിയിൽ ഒ.പി ചികിത്സയാകാമെന്ന് നിയമസഭയിൽ സർക്കാർ. സി.എച്ച്. കുഞ്ഞമ്പുവിന്റെ സബ്മിഷനില്‍ ആണ് മറുപടി. ആശുപത്രിയിൽ രോഗികൾ ഇല്ലാതായതോടെ ആശുപത്രിയുടെ ഭാവി തുലാസിലാണ്.
ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായവര്‍ ഉള്‍പ്പെടെയുള്ള ദുര്‍ബലവിഭാഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും സ്‌പെഷാലിറ്റി ചികിത്സ ലഭ്യമാക്കുന്നതിന് സാധിക്കുന്ന ആശുപത്രിയായി ഇതിനെ ഉയര്‍ത്താന്‍ കഴിയുമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ഇതിനായി പുതിയ കെട്ടിടം ആവശ്യമാണ്.
ഇതിന്റെ ഭാഗമായി 50 കിടക്കകളുള്ള ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിർമിക്കുന്നതിനുള്ള പ്രൊപ്പോസല്‍ പരിഗണനയിലുണ്ട്. കെട്ടിടത്തിന് പുറമെ സി.ടി, എം.ആര്‍.ഐ ഉള്‍പ്പെടെയുള്ള അത്യാവശ്യ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനായി ഫണ്ട് ലഭ്യമാക്കാന്‍ കഴിയുമോ എന്ന കാര്യവും പരിശോധിക്കുന്നതാണ് എന്ന് മറുപടിയിൽ പറഞ്ഞു.
സ്ഥാപനം സ്ഥിതിചെയ്യുന്ന 2.0307 ഹെക്ടര്‍ ഭൂമി ആരോഗ്യവകുപ്പിന് കൈമാറി ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ റവന്യൂ വകുപ്പ് സ്വീകരിച്ചു വരുന്നതായും മറുപടിയിൽ പറയുന്നു. ഈ ആശുപത്രിയില്‍ ചികിത്സക്കായി എത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായതിനെ തുടർന്ന് ജീവനക്കാരെ മറ്റിടങ്ങളിലേക്ക് മാറ്റുകയായിരുന്നു.
ടാറ്റ ആശുപത്രി സംരക്ഷണചത്വരം നാളെ; ദയാബായി സംബന്ധിക്കും
ചട്ടഞ്ചാൽ: കോവിഡ് കാലത്ത് എല്ലാവിധ സൗകര്യങ്ങളോടുകൂടി ടാറ്റ ഗ്രൂപ് ആരംഭിച്ച ടാറ്റ ഗവ. ആശുപത്രി അടച്ചുപൂട്ടാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പൊതുജനങ്ങളെ സംഘടിപ്പിച്ച് ചട്ടഞ്ചാൽ ടൗണിൽ സംരക്ഷണചത്വരം സംഘടിപ്പിക്കാൻ മുസ്‍ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ടാറ്റ ആശുപത്രി അടച്ചു പൂട്ടരുത് എന്ന മുദ്രാവാക്യമായി ഡിസംബർ എട്ടിന് വൈകീട്ട് മൂന്നിനാണ് പരിപാടി. ആക്റ്റിവിസ്റ്റ് ദയാബായി ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം ടി.ഡി. കബീർ തെക്കിൽ, എം.ബി. ഷാനവാസ്, ബാത്തിഷ പൊവ്വൽ, നാസർ ചേറ്റുകുണ്ട്, ദാവൂദ് പള്ളിപ്പുഴ, മൊയ്തു തൈര, സുലുവാൻ ചെമ്മനാട്, സിറാജ് മഠത്തിൽ, നശാത് പരവനടുക്കം, ഉബൈദ് നാലപ്പാട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഖാദർ ആലൂർ സ്വാഗതം പറഞ്ഞു.
ചികിത്സിച്ചത് 4987 രോഗികളെ; തസ്തിക 191; കോവിഡ് ആശുപത്രിയുടെ ഭാവി തുലാസിൽ
കാസർകോട്: രാജ്യത്ത് ഏറ്റവും വേഗതയിൽ കോവിഡ് പടർന്ന ജില്ലയായി കാസർകോട് മാറിയപ്പോൾ ടാറ്റാ ട്രസ്റ്റ് അനുവദിച്ച ആശുപത്രിയുടെ ഭാവി തുലാസിൽ. അയ്യായിരത്തോളം രോഗികളെ ഇതുവരെ ചികിത്സിച്ച ആശുപത്രിയിൽ സൃഷ്ടിച്ചത് 191 തസ്തികകൾ. ഏറ്റെടുത്തത് 4.12 ഏക്കർ ഭൂമി.
സി.എസ്.ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഉദുമ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ തെക്കില്‍ വില്ലേജിൽ 81,000 ചതുരശ്ര അടി വിസ്തൃതിയില്‍ സ്ഥാപിച്ച ആശുപത്രിയുടെ പ്രവര്‍ത്തനം 2020 ഒക്ടോബറിൽ ആരംഭിച്ചു. ആറ് ബ്ലോക്കുകളിലായി 128 പ്രീ-ഫാബ്രിക്കേറ്റഡ് സ്ട്രക്ചറിലുള്ള കണ്ടയ്‌നറുകളിലാണ് നിർമാണം നടത്തിയിട്ടുള്ളത്.
പൂർണമായും ഒരു കോവിഡ് ആശുപത്രി എന്ന നിലക്കാണ് ഇതുവരെയും ഈ ആശുപത്രി പ്രവര്‍ത്തിച്ചത്. നാളിതുവരെ ഇവിടെ 4987 കോവിഡ് രോഗികള്‍ക്ക് (കാറ്റഗറി എ,ബി,സി) ചികിത്സ നല്‍കിയിട്ടുണ്ട്. ജില്ല ഭരണകൂടം 12 കോടി രൂപ ചെലവഴിച്ച് ദേശീയപാതയില്‍നിന്ന് ആശുപത്രിയിലേക്കുള്ള അപ്രോച്ച് റോഡ് നിർമിച്ചിരുന്നു.
ജില്ലയില്‍ ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ദൗര്‍ലഭ്യം കണക്കിലെടുത്താണ് കോവിഡ് മഹാമാരിയുടെ കാലത്ത് 191 ജീവനക്കാരുടെ തസ്തികകള്‍ സൃഷ്ടിച്ചത്. ജില്ല മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി മാനസിക വൈകല്യമുള്ള രോഗികളുടെ പുനരധിവാസത്തിനായി ദിനപരിചരണത്തിനായുള്ള പകല്‍ വീട് ഇവിടെ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 28 രോഗികള്‍ പകല്‍ വീട്ടിലുണ്ട്. രണ്ട് ബ്ലോക്കുകള്‍ ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.