കോൺഗ്രസിന് ക്ഷേത്രഭരണം; ദേവസ്വം ബോർഡ് ക്ഷേത്രം ട്രസ്റ്റി നിയമനം വിവാദത്തിൽ
text_fieldsകാസർകോട്: ഇടതുപക്ഷ ഭരണത്തിൻ കീഴിലുള്ള ദേവസ്വം ബോർഡ് നിയന്ത്രിക്കുന്ന ക്ഷേത്രം ട്രസ്റ്റി ബോർഡിലേക്ക് കോൺഗ്രസുകാർക്ക് നിയമനം ലഭിച്ചത് സി.പി.എമ്മിലും കോൺഗ്രസിലും വിവാദം. കാസർകോട് മല്ലികാർജുന ക്ഷേത്രം പാരമ്പര്യേതര ട്രസ്റ്റി ബോർഡ് ഭാരവാഹികളായി കോൺഗ്രസുകാർ വന്നതാണ് പ്രശ്നമായത്.
രാജ്മോഹൻ ഉണ്ണിത്താന്റെ ഉജ്ജ്വല വിജയത്തെ തുടർന്നാണ് വിവാദം മുളപൊട്ടിയത്. കാസർകോട് മണ്ഡലത്തിൽ എൽ.ഡി.എഫിന് വോട്ടുമറിച്ച് നൽകാൻ കോൺഗ്രസിലെ ഒരുവിഭാഗം ശ്രമിച്ചിരുന്നുവെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. തന്നെ തോൽപിക്കാൻ ചില കോൺഗ്രസുകാർ ശ്രമിച്ചുവെന്ന് വോട്ടെണ്ണുന്നതിനുമുമ്പ് ഉണ്ണിത്താൻ പരസ്യമായി ആരോപിക്കാനുള്ള പ്രേരണ ഇതായിരുന്നു.
ഉജ്ജ്വല വിജയം നേടിയതോടെ ഉണ്ണിത്താൻ അനുകൂല വിഭാഗം, ക്ഷേത്രഭരണത്തിൽ ചില കോൺഗ്രസ് നേതാക്കൾ എത്തിയത് വിവാദമാക്കുകയാണ്.
മുൻ കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ. ഗോവിന്ദൻ നായരാണ് ട്രസ്റ്റി ചെയർമാൻ. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ഉമേശ് അണങ്കൂർ, ഡി.സി.സി നിർവാഹകസമിതി അംഗം അർജുനൻ തായലങ്ങാടിയുടെ ഭാര്യയും മഹിള കോൺഗ്രസ് ജില്ല സെക്രട്ടറിയുമായ ഉഷ അർജുനൻ, കോൺഗ്രസ് പ്രവർത്തകരായ എസ്. മനോജ്, രാമപ്രസാദ് എന്നിവരാണ് ട്രസ്റ്റിമാർ. 2024 ഫെബ്രുവരി അഞ്ചിനാണ് ഇവരെ നിയമിച്ചത്.
മലബാർ ദേവസ്വം ബോർഡ് കമീഷണറാണ് നിയമനം നടത്തുന്നത്. താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തിയാണ് നിയമനം. അപേക്ഷ ക്ഷണിച്ചപ്പോൾ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും അപേക്ഷകൾ മാത്രമെ ഉണ്ടായിരുന്നുള്ളു.
സി.പി.എം അപേക്ഷ നൽകാതിരുന്നതിനാലാണ് കോൺഗ്രസുകാരെ നിയമിച്ചത്. സി.പി.എം അപേക്ഷിക്കാതിരുന്നത് കോൺഗ്രസുകാർക്ക് നിയമനം ലഭിക്കാനായിരുന്നുവെന്നാണ് ഇപ്പോൾ ഉയർന്ന വിവാദം.
സി.പി.എമ്മുകാർക്ക് എളുപ്പത്തിൽ നിയമനം ലഭിക്കുന്ന പദവിയിൽ നിന്ന് പാർട്ടി മാറിനിന്നത് സംബന്ധിച്ച് സി.പി.എമ്മിലും ചർച്ചയുണ്ട്.
‘ആർ.എസ്.എസുകാരിൽ നിന്ന് ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ ക്ഷേത്രഭരണത്തിൽ ഇടപെടാനാണ് പാർട്ടി തീരുമാനം. മല്ലികാർജുന ക്ഷേത്രത്തിന്റെ ട്രസ്റ്റി സ്ഥാനത്തേക്ക് അപേക്ഷ നൽകേണ്ടതില്ല എന്ന് പാർട്ടി തീരുമാനമില്ല. എന്തുകൊണ്ട് മത്സരിച്ചില്ല എന്ന് എരിയ സെക്രട്ടറിയോട് ചോദിക്കണം’ -മുതിർന്ന സി.പി.എം നേതാവ് പ്രതികരിച്ചു.
‘ബി.ജെ.പിക്കാരും കോൺഗ്രസുകാരുമാണ് ട്രസ്റ്റി സ്ഥാനത്തേക്ക് അപേക്ഷ നൽകിയത്. ഞങ്ങൾക്ക് നിയമനം ലഭിച്ചു. രാജിവെക്കാനുളള്ള സന്നദ്ധത ഡി.സി.സിയെ അറിയിച്ചിരുന്നു. ആവശ്യമില്ലെന്ന് നേതൃത്വം പറഞ്ഞു. ആർ.എസ്.എസ് നിയന്ത്രണത്തിലുണ്ടായിരുന്ന ക്ഷേത്രത്തിൽ കോൺഗ്രസ് വരുന്നത് നല്ല സന്ദേശമാണ്. സി.പി.എമ്മിനേക്കാൾ അതാണ് നല്ലത് എന്നാണ് കരുതുന്നത്’ -അഡ്വ. ഗോവിന്ദൻ നായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.