സാമ്പത്തിക പ്രതിസന്ധിയിലും വനം ഉന്നത ഉദ്യോഗസ്ഥരുടെ നിരന്തര വിനോദയാത്ര
text_fieldsകാസർകോട്: താൽക്കാലിക ജീവനക്കാർക്ക് തുച്ഛ ശമ്പളംപോലും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ മാസങ്ങളായി മുടക്കിയ വനംവകുപ്പിൽ ഉന്നത ഉദ്യോഗസ്ഥർ തുടർച്ചയായി വിനോദയാത്രയിൽ. സംസ്ഥാനത്തെ വനംവകുപ്പിലെ ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒമാർ, ഹെഡ് ക്വാർട്ടേഴ്സിലെ വിജിലൻസ് വിഭാഗം ഡി.എഫ്.ഒമാർ, സി.എഫ്, എ.പി.സി.സി.എഫ്മാർ എന്നിവരാണ് തുടർച്ചയായ വിനോദയാത്രയിലുള്ളത്. കഴിഞ്ഞ ഒക്ടോബർ അഞ്ചുമുതൽ നടത്തിയ തൂത്തുകുടി യാത്ര കഴിഞ്ഞ് 15ന് എത്തിയ സംഘം 18 മുതൽ ഗുജറാത്തിലാണ് കറങ്ങുന്നത്. പഠനയാത്ര എന്ന് പേരിട്ടിരിക്കുന്ന യാത്രയിൽ 13 പേരാണുള്ളത്.
വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വകുപ്പുതലത്തിൽ അനുവദനീയമായ യാത്രയാണ് നടത്തുന്നതെന്ന് വനംവകുപ്പ് കോഴിക്കോട് മേഖല ഓഫിസ് വൃത്തങ്ങൾ അറിയിച്ചു. ഇത് വേതനം നൽകുന്ന ഫണ്ട് ഉപയോഗിച്ച് നടത്തുന്ന യാത്രയല്ലെന്നും ബന്ധപ്പെട്ടവർ പറയുന്നു. അതേസമയം പ്രതിദിനം 830 രൂപ മാത്രം വേതനമുള്ള വനം വകുപ്പ് വാച്ചർമാർക്ക് ഒമ്പതുമാസമായി വേതനം നൽകിയിട്ടില്ല. കഴിഞ്ഞ ഓണത്തിനുപോലും പട്ടിണികിടന്ന താൽക്കാലിക ജീവനക്കാർ വേതനത്തിനായി പരാതി നൽകിയപ്പോൾ സാമ്പത്തിക പ്രതിസന്ധിയാണെന്ന മറുപടിയാണ് നൽകിയത്. പരാതി മന്ത്രിക്കും എൻ.സി.പി നേതൃത്വത്തിനും നൽകിയെങ്കിലും ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് വാച്ചർമാർ പറയുന്നു.
ഏറെയും എൻ.സി.പി അനുഭാവികളാണ് വനംവകുപ്പിൽ വാച്ചർമാരായിട്ടുള്ളത്. സി.പി.ഐ വനംവകുപ്പ് ഭരിച്ചപ്പോൾ നിയമിച്ചവരുമുണ്ട്. ആറളത്താണ് കൂടുതൽ വാച്ചർമാരുള്ളത്. കോഴിക്കോട് വനം വകുപ്പ് അതിഥി മന്ദിരത്തിലെ താൽക്കാലിക ജീവനക്കാർക്കും ഡ്രൈവർമാർക്കും ശമ്പളം മുടങ്ങിയിട്ടുണ്ട്. 830 രൂപ വേതനത്തിന് 24 മണിക്കൂറാണ് ജോലി ചെയ്യേണ്ടത്. വന്യമൃഗങ്ങൾ ഇറങ്ങിയാലും തീപിടിത്തമുണ്ടായാലും വാച്ചർമാരാണ് ആദ്യം എത്തേണ്ടത്. ഇവരുടെ വേതനമാണ് മുടങ്ങുന്നത്. വനംവകുപ്പിനോട് ചേർന്ന് സർക്കാർ ഏറ്റെടുത്ത കൃഷിയിടങ്ങൾക്ക് നഷ്ടപരിഹാരവും നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.