പരിശോധിച്ചത് ഒരാളെ, അത് പോസിറ്റിവും; ടി.പി.ആർ 100 ശതമാനം
text_fieldsകാസർകോട്: കോവിഡ് രോഗ സ്ഥിരീകരണ നിരക്ക് (ടി.പി.ആർ) കണക്കാക്കി പ്രാദേശിക ലോക്ഡൗൺ ഉൾപ്പെടെ നിശ്ചയിക്കുന്നത് അശാസ്ത്രീയമാണെന്നതിന് കൂടുതൽ തെളിവ്. ഇരുപതിനായിരത്തിലധികം ജനസംഖ്യയുള്ള കാസർകോട് ജില്ലയിലെ വോർക്കാടി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞദിവസം ഒരാൾക്കാണ് കോവിഡ് പരിശോധന നടത്തിയത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. പഞ്ചായത്തിെൻറ രോഗസ്ഥിരീകരണ നിരക്കാവെട്ട ഇതോടെ നൂറ് ശതമാനവും. ജില്ലയിലെ ഏറ്റവും ഉയർന്ന ടി.പി.ആർ ആണിത്.
ഒരാഴ്ചയിലെ ഇത്തരം കണക്കുകൾ പരിഗണിച്ച് എ.ബി.സി.ഡി കാറ്റഗറി നിശ്ചയിക്കുന്നതാണ് ഏറെ ആശ്ചര്യകരം. കാസർകോട് ജില്ലയിൽ കഴിഞ്ഞയാഴ്ച അഞ്ച് ശതമാനത്തിൽ ടി.പി.ആർ വന്ന ഏക പഞ്ചായത്ത് കൂടിയാണ് വോർക്കാടി. ഒരാഴ്ചയിലെ ടി.പി.ആർ കണക്കാക്കിയാണ് എ കാറ്റഗറി നിശ്ചയിച്ചത്. നൂറുപേരെ പോലും പരിശോധിക്കാതെ വെറും ശതമാനം കണക്കാക്കുന്നതിനെതിരെയാണ് വ്യാപാരികൾ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നത്. ടി.പി.ആർ കണക്കാക്കുന്നതിൽ ഇത്തരം അശാസ്ത്രീയത ഏറെയാണ്. ജില്ലയിലെ എൻമകജെ പഞ്ചായത്തിൽ 10 പേരെയാണ് പരിശോധിച്ചത്. ഒരാൾക്കുമാത്രം രോഗം സ്ഥിരീകരിച്ചപ്പോൾ ടി.പി.ആർ 10 ശതമാനം. കാറഡുക്ക പഞ്ചായത്തിൽ 12 പേെര പരിശോധിച്ചപ്പോൾ അഞ്ചുപേർക്ക് പോസിറ്റിവായി- 41.7 ശതമാനം. മൊഗ്രാൽ പുത്തൂരിൽ 10 പേരെ പരിശോധിച്ചപ്പോൾ രണ്ടുപേർക്ക് പോസിറ്റിവായപ്പോൾ ടി.പി.ആർ 20, പുത്തിഗെയിൽ 15 പേരിൽ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 13.3 ശതമാനം, കുമ്പഡാജെയിൽ 16ൽ രണ്ടുപേർ രോഗികളായപ്പോൾ ടി.പി.ആർ 12.5 എന്നിങ്ങനെ ധാരാളം ഉദാഹരണങ്ങൾ വേറെയുമുണ്ട്.
കണക്ക് ശരിയാണെങ്കിലും ഇതുമൂലം അതത് ഗ്രാമപഞ്ചായത്തുകൾ വലിയ പ്രയാസമാണ് നേരിടുന്നതെന്നാണ് പരാതി. വോർക്കാടിയിൽ നൂറുശതമാനം ടി.പി.ആർ വന്ന ദിവസം 44 കോവിഡ് രോഗികളാണ് ആകെയുള്ളത്. പൊതുവേ രോഗികൾ കുറവാണെങ്കിലും ഉയർന്ന ടി.പി.ആർ ആശങ്കയുണ്ടാക്കുന്നുവെന്ന് വോർക്കാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ഭാരതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.