ബെള്ളിക്കോത്ത് ‘ചരിത്ര ധ്വംസനം’
text_fieldsബെള്ളിക്കോത്ത്: കാസർകോട് താലൂക്കിൽ ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് വേരുപടർത്തിയ ബെള്ളിക്കോത്തെ വിജ്ഞാനദായിനി ദേശീയ വിദ്യാലയം കെട്ടിടം പൊളിച്ചുമാറ്റുന്നു. മഹാകവി പി. സ്മാരക വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിനകത്താണ് ചരിത്രസ്മാരകം. സംസ്ഥാന സർക്കാറിന്റെ അഞ്ചുകോടി രൂപയുടെ വിദ്വാൻ പി. കേളുനായർ സ്മാരക പദ്ധതി നടപ്പാക്കാനാണ് ഒരു നൂറ്റാണ്ടു പഴക്കമുള്ള കെട്ടിടം പൊളിച്ചു തുടങ്ങിയത്. സ്വാതന്ത്ര്യ സമരത്തിലെ മതേതര ഉള്ളടക്കങ്ങൾ അടർത്തിക്കളയുന്ന സമീപനങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കുന്നതിനിടെ ചരിത്ര സ്മാരകം പൊളിക്കുന്നത് പി.ടി.എക്ക് നേതൃത്വം നൽകുന്ന ഇടതുപക്ഷത്തിനകത്തും ചർച്ചയായിട്ടുണ്ട്.
സ്വതന്ത്ര്യസമര സേനാനി വിദ്വാൻ പി. കേളുനായൻ 1926ലാണ് വിദ്യാലയം സ്ഥാപിച്ചത്. കേളുനായർ മരിച്ചുകിടന്നയിടം കൂടിയാണിത്. ഇതിനു ചുറ്റുമുണ്ടായിരുന്ന എല്ലാ കെട്ടിടങ്ങളും പൊളിച്ചുനീക്കിയിരുന്നു. ചരിത്ര സ്മാരകമായ ഇതിനു മുന്നിൽ ആൽത്തറ പണിത് പ്രാധാന്യവും കുറച്ചിരുന്നു. വിജ്ഞാനദായിനിയിലെ അവസാനത്തെ ഭാഗം മാത്രമാണിത്. ചരിത്ര സ്മാരകം അതുപോലെ നിലനിർത്തി വിപുലമാക്കുകയെന്ന ചരിത്രസ്മാരക സംരക്ഷണ രീതി മാറ്റി എല്ലാം തകർത്ത് നിർമിക്കുന്ന പുതിയ കെട്ടിടം എങ്ങനെ ചരിത്രമാകുമെന്നാണ് ചരിത്രകാരൻമാരും ചരിത്ര വിദ്യാർഥികളും ചോദിക്കുന്നത്. 1926 മേയ് മാസത്തിലാണ് കേളുനായർ വിദ്യാലയം നിർമിച്ചത്. എ.സി. കണ്ണൻ നായർ, കെ.എ. കേരളീയൻ, ഗാന്ധി കൃഷ്ണൻനായർ, കെ.ടി. കുഞ്ഞിരാമൻ നനമ്പ്യാർ, കെ. മാധവൻ എന്നിവരുടെ പ്രവർത്തനകേന്ദ്രമായിരുന്നു ഇത്. സ്റ്റേറ്റ് കോൺഗ്രസ് ആഹ്വാനം ചെയ്ത ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളും അയിത്തത്തിനും ജന്മിത്തത്തിനും എതിരെയുള്ള സമരങ്ങളും കാസർകോട് താലൂക്കിലേക്ക് തിരികൊളുത്തിയത് ഇവിടെ നിന്നാണ്.
കോൺഗ്രസിൽ നിന്ന് പിരിഞ്ഞ കമ്യൂണിസ്റ്റുകാർ ഇവിടെനിന്നാണ് ഉത്തര കേരളത്തിൽ ഇടതു പ്രസ്ഥാനം ആരംഭിച്ചത്. പയ്യന്നൂരിൽ കുറുക്കിയ ഉപ്പ് പി. കൃഷ്ണപിള്ള ലേലം ചെയ്തതും 1927ൽ സൈമൺ കമീഷനെതിരെ കാസർകോട് താലൂക്കിൽ പ്രക്ഷോഭം ആരംഭിച്ചതും ഇവിടെ നിന്നായിരുന്നു. കെ.എ. കേരളീയൻ ഇവിടെ വിദ്യാർഥിയായിരുന്നു. വിദ്വാൻ പി. കേളുനായർക്ക് ശേഷം മഹാകവി പി. കുഞ്ഞിരാമൻ നായർ പ്രധാനാധ്യാപകനായിരുന്ന സ്കൂളും കൂടിയാണിത്. കാസർകോട് താലൂക്കിലെ ആദ്യ നാടക കേന്ദ്രവും കൂടിയാണ് സ്വാതന്ത്ര്യ സമര വീര്യവും വികാരവും തുടിക്കുന്ന വിജ്ഞാനദായിനി.
പിന്നിൽ പി.ടി.എ കമ്മിറ്റിയും പൊതുമരാമത്തും
ചരിത്ര സ്മാരകമായ വിജ്ഞാനദായിനി ദേശീയ വിദ്യാലയം തകർത്തതിനു പിന്നിൽ പൊതുമരാമത്തു വകുപ്പും പി.ടി.എ കമ്മിറ്റിയും. സംസ്ഥാന സർക്കാറിന്റെ അഞ്ചുകോടിയുടെ പദ്ധതി എങ്ങനെയും നടപ്പാക്കണമെന്ന ബുദ്ധികേന്ദ്രങ്ങൾ ഇവർ രണ്ടുപേരാണ്.
സ്മാരകം അതേപോലെ നിലനിർത്തി പദ്ധതി നടപ്പാക്കാനാണ് ജില്ല പഞ്ചായത്ത് നിർദേശം നൽകിയത്. എന്നാൽ ചരിത്ര സ്മാരകം ‘വൃത്തിയിൽ’ പുതിയൊരെണ്ണം നിർമിക്കാനാണ് പി.ടി.എ കമ്മിറ്റിയിലെ ‘ചരിത്രകാരൻമാർ’ തീരുമാനിച്ചത്. ഇതിനെ വിദ്യാലയത്തിന്റെ തൊട്ടടുത്തുള്ള ചരിത്രകാരൻ ഡോ. സി. ബാലൻ ഉൾപ്പെടെയുള്ളവർ എതിർത്തു. പദ്ധതി നടപ്പാക്കാൻ വേറെ സ്ഥലം കണ്ടെത്തുന്നതിനിടയിൽ പൊളിക്കൽ ആരംഭിച്ചു. ഓടുകൾ എടുത്തുനീക്കി. ബാക്കി കാലവർഷം കൊണ്ടുപോയ്ക്കോളും എന്ന നിഗമനത്തിലെത്തി. വിവാദമായതോടെ ഞായറാഴ്ച ഇ. ചന്ദ്രശേഖരൻ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.