കള്ളനോട്ട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
text_fieldsകാഞ്ഞങ്ങാട്: അമ്പലത്തറ ഗുരുപുരം കള്ളനോട്ട് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അമ്പലത്തറ പൊലീസിൽനിന്നുമാണ് കാസർകോട് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. ഇതുവരെയുള്ള കേസ് അന്വേഷണ ഫയൽ പൊലീസ് ശനിയാഴ്ച ക്രൈംബ്രാഞ്ചിന്റെകാസർകോട് ഓഫിസിൽ എത്തിച്ച് കൈമാറി. ബേക്കൽ മൗവ്വലിലെ സുലൈമാനെയും ഗുരുപുരത്തെ വാടകവീട്ടിൽ താമസിച്ചിരുന്ന അബ്ദുറസാഖിനെയും കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവർക്കും ഹോസ്ദുർഗ് കോടതി ജാമ്യം നൽകിയിരുന്നു.
അമ്പലത്തറ ഗുരുപുരത്ത് അടച്ചിട്ട വീട്ടില്‍നിന്ന് മാർച്ച് 20ന് രാത്രിയാണ് പൊലീസ് വ്യാജനോട്ടുകൾ കണ്ടെത്തിയത്. ആറുകോടി 96 ലക്ഷത്തിന് തുല്യമായ വ്യാജ കറന്‍സികളായിരുന്നു കണ്ടെത്തിയത്.
പെട്രോള്‍ പമ്പിന് വടക്കുഭാഗത്തെ വീട്ടില്‍നിന്നാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവിടെ താമസിച്ച അബ്ദുറസാഖിനെ പ്രതിചേര്‍ത്ത് അമ്പലത്തറ പൊലീസ് ആദ്യം കേസെടുത്തു. കള്ളനോട്ടുകള്‍ കണ്ടെത്തി 28 മണിക്കൂറുകള്‍ക്ക് ശേഷമാണ് പൊലീസിന് പ്രഥമവിവര പട്ടിക തയാറാക്കാനായത്.
ഇന്‍സ്പെക്ടര്‍ കെ. പ്രജീഷിന്റെ പരാതിയിലാണ് അബ്ദുറസാഖിനെതിരെ കേസെടുത്തത്. കണ്ടെത്തിയ നോട്ടുകെട്ടുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല.
നോട്ടുകെട്ടുകളിറക്കിയതിന് പിന്നില്‍ വന്‍ സംഘം ഉണ്ടെന്നതുൾപ്പെടെയുള്ള സംശയമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനുള്ള മുഖ്യകാരണം. നോട്ടുകളുടെ വിഡിയോ കാണിച്ച് പണംതട്ടലാണ് സംഘത്തിന്റെ ലക്ഷ്യമെന്നായിരുന്നു പ്രാഥമിക വിവരം.
സുൽത്താൻ ബത്തേരി പൊലീസാണ് സ്വകാര്യ ഹോം സ്റ്റേയിൽനിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ നൽകിയ വിവരത്തിൻന്റെ അടിസ്ഥാനത്തിൽ രണ്ടുപേരുടെ വീടുകളിൽ അമ്പലത്തറ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു.
പള്ളിക്കര മൗവ്വൽ, ഹദ്ദാദ് നഗർഭാഗത്തെ വീടുകളിലാണ് പരിശോധന നടന്നത്. മറ്റ് ചിലരാണ് കള്ളനോട്ടുകൾ സൂക്ഷിക്കാൻ നൽകിയതെന്നാണ് അറസ്റ്റിലായവർ പറഞ്ഞത്. നോട്ടുകളുടെ വിഡിയോ ഇടപാടുകാർക്ക് കാണിച്ചുകൊടുക്കുക മാത്രമാണ് തങ്ങളുടെ ജോലിയെന്നും ഇവർ പൊലീസിനോട് പറഞ്ഞിരുന്നു.
ഇടപാടുകാരെ കാട്ടിക്കൊടുത്താൽ ചെറിയ തുക മാത്രമേ ഇവർക്ക് കിട്ടുന്നുള്ളൂവെന്നാണ് വിവരം. തുടർന്നാണ് സംഭവത്തിന് പിന്നിൽ പ്രമുഖരുണ്ടെന്ന സൂചന ലഭിച്ചത്. അന്വേഷണം ഏതെങ്കിലും ഏജൻസിക്ക് കൈമാറണമെന്ന് ജില്ല പൊലീസ് ചീഫിന് നേരത്തെ അമ്പലത്തറ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. 1000 രൂപ നോട്ട് നിരോധിച്ചസമയത്തും സമാനമായ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചിരുന്നു. ഈ സാഹചര്യംകൂടി കണക്കിലെടുത്താണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
പിടികൂടിയ 2000 നോട്ടിന് സമാനമായ ഏഴുകോടിയോളം രൂപ ഫാൻസി നോട്ടുകൾക്ക് സമാനമായതാണ്. നോട്ടിന്റെ വിഡിയോ കാട്ടി മംഗളൂരു സ്വദേശിയായ യുവാവിൽനിന്ന് പ്രതികൾ ലക്ഷങ്ങൾ തട്ടിയ മറ്റൊരു കേസ് അമ്പലത്തറ പൊലീസിലുണ്ട്.
ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാതെ പൊലീസ് നേരിട്ടാണ് അന്വേഷിക്കുന്നത്. അടുത്തദിവസം ക്രൈംബ്രാഞ്ച് തെളിവെടുപ്പ് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.