നാടിെന്റ തീരാനോവായി ആൽബിെന്റയും വീട്ടമ്മയുടെയും മരണം
text_fieldsനീലേശ്വരം: വീട്ടുകാർക്കും നാട്ടുകാർക്കും കൂട്ടുകാർക്കുമെല്ലാം ഒരുപോലെ നോവായി ആൽബിെന്റയും അതുകണ്ടുനിന്ന് ഹൃദയം പൊട്ടി മരിച്ച വീട്ടമ്മയുടെയും മരണം. മകനെ രക്ഷിക്കണേയെന്നുള്ള ഒരമ്മയുടെ നിലവിളി ബങ്കളത്തുകാരുടെ ഉള്ളിൽ തീരാനോവായി ഇപ്പോഴും മുഴങ്ങുന്നുണ്ട്.
വീട്ടിൽ വിരുന്നെത്തിയ ബന്ധുക്കൾക്കൊപ്പം ബങ്കളം ടൗണിലെ വെള്ളക്കെട്ടിൽ നീന്താനിറങ്ങിയതായിരുന്നു ബങ്കളം പാൽസൊസൈറ്റിക്ക് സമീപത്തെ ജമാഅത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആൽബിൻ. നീന്താൻ പഠിച്ച വെള്ളക്കെട്ട് തന്നെയാണ് ജീവനെടുത്തതും. ഒരു വർഷം മുമ്പ് ആൽബിൻ നീന്തൽ പഠിച്ചതും ഇതേ വെള്ളക്കെട്ടിലാണ്.
തിങ്കളാഴ്ച വൈകീട്ടാണ് ബന്ധുക്കൾക്കൊപ്പം നീന്താനിറങ്ങിയത്. വെള്ളക്കെട്ടിന്റെ കരയിൽ അമ്മ കാവലുണ്ടായിരുന്നു. പെട്ടെന്നായിരുന്നു വെള്ളത്തിലേക്ക് അവൻ താഴ്ന്നുപോയത്. അമ്മ ദീപയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഒരുപാട് തിരഞ്ഞു. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി ആൽബിനായി തിരച്ചിൽ നടത്തി.
ജില്ല അഗ്നിരക്ഷാസേനയിലെ സ്കൂബാ ടീം അംഗങ്ങൾക്ക് പുറമേ കണ്ണൂർ ജില്ലയിൽനിന്നും എത്തിയ സ്കൂബാ ടീമും നാട്ടുകാരും നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച രാവിലെ 9.30ഓടെ ആൽബിന്റെ മൃതദേഹം കണ്ടെത്തിയത്. ആൽബിന്റെ മരണവാർത്തയറിഞ്ഞതോടെ അയൽവാസിയും ബങ്കളത്തെ വെള്ളക്കെട്ടിന് സമീപം താമസക്കാരിയുമായ വിലാസിനി (65) കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.
ആൽബിൻ നാട്ടുകാർക്കും സഹപാഠികൾക്കുമെല്ലാം ഏറെ വേണ്ടപ്പെട്ടവനായിരുന്നു. പഠനത്തിലും മിടുക്കനായിരുന്നു. എല്ലാ വിഷയങ്ങളിലും എ പ്ലസോടെയാണ് കക്കാട്ട് സ്കൂളിൽനിന്നും കഴിഞ്ഞ അധ്യയന വർഷം പത്താംതരം വിജയിച്ചത്. രണ്ടുദിവസം മുൻപായിരുന്നു ഉന്നത വിജയം നേടിയതിന് കക്കാട്ട് പി.ടി.എ. കമ്മിറ്റി ആൽബിനെ ആദരിച്ചത്. ഞായറാഴ്ച സെയ്ന്റ് മേരീസ് പള്ളിയിലെ വേദപുസ്തക വായന നടത്തിയതും ആൽബിനായിരുന്നു.
ഉപ്പിലിക്കൈ ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. പത്തുവർഷം മുമ്പാണ് സെബാസ്റ്റ്യനും കുടുംബവും ആലപ്പുഴയിൽനിന്നും ബങ്കളത്തെത്തിയത്. ബുധനാഴ്ച്ച രാവിലെ ഒമ്പതിന് പഠിക്കുന്ന ഉപ്പിലിലിക്കൈ സ്കൂളിലും നേരത്തേ പഠിച്ച കക്കാട്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലും മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ സഹപാഠികളും അധ്യാപകരും നാട്ടുകാരും ഉൾപ്പെടെ നൂറ് കണക്കിനാളുകൾ ഒരു നോക്ക് കാണാൻ അന്ത്യോപചാരമർപ്പിക്കാനെത്തിയിരുന്നു.
സബ് കലക്ടർ സൂഫിയാൻ അഹമ്മദ്, ഇ. ചന്ദ്രശേഖരൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, വൈസ് പ്രസിഡന്റ് വി. പ്രകാശൻ, സി.പി.എം നേതാക്കളായ കെ.പി. സതീഷ് ചന്ദ്രൻ, എം.വി. ബാലകൃഷ്ണൻ, വി.വി. രമേശൻ എം. രാജൻ, സി.പി.ഐ നേതാക്കളായ ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ.വി. കൃഷ്ണൻ, ബങ്കളം കുഞ്ഞികൃഷ്ണൻ, കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൻ കെ.വി. സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് വികസന സ്ഥിരം സമിതി ചെയർമാൻ എ. അബ്ദുൾ റഹിമാൻ, നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി, പി.കെ നിഷാന്ത്, ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ, ജനറൽ സെക്രട്ടറി അഡ്വ.പി.വി. സുരേഷ്,, ബ്ലോക്ക് പ്രസിഡന്റ് ഉമേശൻ വേളൂർ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.