ക്ഷേത്രത്തിൽ ദലിതർക്ക് വേറെ വഴി; മുഖ്യകവാടത്തിലൂടെ പ്രവേശനമില്ല
text_fieldsസ്വർഗയിലെ ജടാധാരി ക്ഷേത്രത്തിലെ ഒരുത്സവ കാലം. ക്ഷേത്ര കമ്മിറ്റികളിലൊരാളുടെ തറവാട്ടുമുറ്റത്താണ് അന്നദാനം. ഗ്രാമവാസികൾ എല്ലാവർക്കുമായി ഭക്ഷണമൊരുക്കുന്നതാണ് പതിവ്. ഭക്ഷണത്തിനുള്ള ഊഴം കാത്ത് ദലിതരുടെ നീണ്ട നിരയുണ്ട് പുറത്ത്. മണിക്കൂറുകൾ കാത്തിരുന്ന് വലഞ്ഞ ദലിത് പെൺകുട്ടി ഭക്ഷണത്തിനായി കരയാൻ തുടങ്ങി. മേൽജാതിക്കാർക്കെല്ലാം നൽകിയശേഷമേ ഇവർക്ക്് ഭക്ഷണം ലഭിക്കൂ. വർഷങ്ങൾക്കു മുമ്പ് ആ അഞ്ചുവയസ്സുകാരിയുടെ നിലവിളി ഇന്നും കാതിൽ മുഴങ്ങുന്നതായി സാമൂഹിക പ്രവർത്തകൻ ശ്രീനിവാസ നായ്ക് ഓർക്കുന്നു.
എൻമകജെ പഞ്ചായത്തിലെ അഞ്ചാം വാർഡ് ബദിയാറുവിലാണ് ജടാധാരി ക്ഷേത്രം. 47 സെൻറിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ ദലിതർക്ക് മുഖ്യകവാടത്തിലൂടെ പ്രവേശനമില്ല. സിമൻറിൽ പണിതീർത്ത 18 പടികളിലൂടെ ബ്രാഹ്മണർ, ഷെട്ടികൾ, ഗൗഡർ, മണിയാണി തുടങ്ങിയ മുന്നാക്ക വിഭാഗങ്ങൾക്കാണ് പ്രവേശനം. മൊഗർ, ഭൈര, മയില, കൊറഗ, നാൽക്കദായർ എന്നീ ദലിത് വിഭാഗങ്ങൾക്കാണ് വിലക്ക്. ഒ.ബി.സിയായിട്ടും തിയ്യ വിഭാഗത്തിനും മുഖ്യകവാടത്തിലൂടെ പ്രവേശിക്കാൻ അനുമതിയില്ല.
ക്ഷേത്രത്തോട് ചേർന്നുള്ള കാട്ടിലൂടെയാണ് ദലിത്, ആദിവാസി ഗോത്ര വിഭാഗക്കാർ പോകേണ്ടത്. വളഞ്ഞവഴിയിലൂടെ ക്ഷേത്രത്തിെൻറ പിന്നിെലത്താം. ഇനി അവിടെയെത്തിയാൽ വിവേചനം പതിൻമടങ്ങാണ്. ജടാധാരി തെയ്യം കാണാൻ സവർണ വിഭാഗങ്ങൾക്ക് മികച്ച ഇരിപ്പിടമൊരുക്കിയുള്ള സൗകര്യം. കുറച്ച് മാറി തീയ വിഭാഗങ്ങൾക്ക് ഓട് പാകിയ ഷെഡ്. ഏറ്റവും പിറകിൽ ഷീറ്റിെൻറ മേൽക്കൂരയുള്ള ഷെഡ് ദലിതർക്കും.
അന്നദാനത്തിെൻറ സമയക്രമത്തിലാണ് ജാതീയത കൊടികുത്തി വാഴുന്നത്. ഭക്ഷണം ആദ്യം ബ്രാഹ്മണർക്ക്. എല്ലാവരുടെതും കഴിഞ്ഞശേഷം രാത്രി പത്തുമണിയെങ്കിലും കഴിയണം ദലിതർക്ക് ഒരുപിടി അന്നം കിട്ടാൻ. അതും ജാതിപ്പേര് വിളിച്ചാണ് ഭക്ഷണം വിതരണം ചെയ്യുക. അവിടെനിന്ന് മേൽജാതിക്കാർ എല്ലാവരും എഴുന്നേറ്റ് പോയശേഷം വലിയ ഇലയിലോ പ്ലാസ്റ്റിക് കവറിലോ ആണ് ഭക്ഷണം വിളമ്പുക. പാത്രം വീട്ടിൽനിന്ന് കൊണ്ടുവരണം. വളർത്തുമൃഗങ്ങളോട് കാണിക്കുന്ന അടുപ്പം പോലുമില്ലാതെയാണ് അന്നമൂട്ട്. വല്ല മരത്തണലിലോ വീട്ടിലോ പോയി കഴിക്കുകയും വേണം.
കാണിക്കയാവാം, കൈകൊണ്ട് തൊടില്ല
ദേവസ്ഥാനത്തുനിന്ന് 300 മീറ്റർ ദൂരം കഴിഞ്ഞാൽ കർണാടകയാണ്. നടക്കാനുള്ള ദൂരം. എല്ലാദിവസവും തുറക്കുന്ന ക്ഷേത്രമല്ല ഇത്. വർഷത്തിൽ മൂന്ന് ഉത്സവങ്ങളും ആഴ്ചയിൽ ചൊവ്വ, ഞായർ ദിവസങ്ങളിൽ പ്രത്യേക പൂജകളും മാത്രം നടക്കുന്ന ക്ഷേത്രം. ജടാധാരി തെയ്യവും അന്നദാനവുമാണ് പ്രധാന ചടങ്ങുകൾ. ചിങ്ങത്തിലും ദീപാവലിനാളിലും ജനുവരിയിലുമാണ് ഈ ഉത്സവങ്ങൾ. പൊതുക്ഷേത്രമാണെന്ന് നാട്ടുകാർ പറയുേമ്പാൾ സ്വകാര്യ ക്ഷേത്രമെന്നാണ് ഭരണാധികാരികളായ തടിഗൊല്ലു ഭട്ടുമാരുടെ വാദം. 600 വർഷം വരെ പഴക്കമുള്ളതാണ് ദേവസ്ഥാനമെന്നാണ് ദലിതർ പറയുന്നത്. ക്ഷേത്ര കമ്മിറ്റിയിലെ തടിഗൊല്ലു ഭട്ടുമാരുടെ പൂർവികർ ഇവിടെയെത്തിയിട്ട് ഇത്ര വർഷമായിട്ടില്ല. പിന്നെ അവരാണ് ഉടമകൾ എന്ന് പറയുന്നതിൽ ന്യായമില്ലെന്നും ദലിതർ വാദിക്കുന്നു.
കീഴ്ജാതിക്കാർക്ക് കാണിക്ക നൽകാനുള്ള അവകാശമുണ്ട്. ഇടനിലക്കാരനായി ഒരാളെ നിയമിച്ചാണ് കാണിക്ക സ്വീകരിക്കുക. മുമ്പ് അബദ്ധത്തിൽ നേരിട്ട് കാണിക്ക സ്വീകരിച്ചതിനാൽ 'ദൈവകോപ'മുണ്ടായത് ഭരണസമിതിക്കാർ പറയുന്നുണ്ട്.
18 പടി കയറി ഒരു ദലിതൻ
ഈ നവംബറിൽ ക്ഷേത്രം അടച്ചുപൂട്ടിയിട്ട് മൂന്നുവർഷം തികഞ്ഞു. 2018 നവംബറിലാണ് അവസാനമായി ജടാധാരി തെയ്യം നടന്നത്. ബാഡ്മിൻറൺ ജില്ല ടീം മുൻ താരം കൂടിയായ ദലിത് പ്രതിനിധി കൃഷ്ണമോഹന പൊസള്ള്യ കടുത്ത ഒരു തീരുമാനമെടുത്തു. ശ്രീകോവിലിലേക്ക് മുഖ്യകവാടത്തിലൂടെയങ്ങ് കയറി. ജാതി വിവേചനത്തിനെതിരെ പട്ടികജാതി-വർഗ സ്പെഷൽ മൊബൈൽ സ്ക്വാഡ് ഡിവൈ.എസ്.പിക്ക് പരാതി നൽകിയശേഷമായിരുന്നു ഈ സാഹസം. ആകെ ബഹളമായി. പൊലീസെത്തി. ക്ഷേത്രം പൂട്ടുന്നതിലെത്തി. ഒത്തുതീർപ്പ് ചർച്ചകൾക്കായി ഡിവൈ.എസ്.പി വിളിപ്പിച്ചു. എല്ലാവരെയും ഉൾപ്പെടുത്തി ഉത്സവം നടത്താമെന്ന് തീരുമാനിച്ചെങ്കിലും ഭരണസമിതി അംഗീകരിച്ചില്ല. അതിനുശേഷം ക്ഷേത്രം അടഞ്ഞുകിടക്കുകയാണ്. ബ്രാഹ്മണർ വന്ന് വിളക്ക് കത്തിച്ചുമടങ്ങുകയാണ് ഇപ്പോൾ.
പരാതി കിട്ടിയെങ്കിലും പൊലീസ് കേസെടുത്തിട്ടില്ലെന്നത് വേറെ കാര്യം. ഏറ്റവുമൊടുവിൽ കഴിഞ്ഞയാഴ്ച സി.പി.എം നിയന്ത്രണത്തിലുള്ള പട്ടികജാതി ക്ഷേമ സമിതി പ്രവർത്തകർ 18 പടി കയറി. ഇതോടെ, നൂറ്റാണ്ടുകൾ പഴക്കമുള്ള തൊട്ടുകൂടായ്മ അവസാനിച്ചുവെന്ന് പ്രചാരണം നടന്നെങ്കിലും എല്ലാം പഴയതുപോലെ തന്നെ. ക്ഷേത്രം തുറക്കാൻ ഭരണസമിതി ഒരുക്കമല്ല. ദേവസ്വം ബോർഡിേൻറത് അല്ലാത്തതിനാൽ സർക്കാറിനും ഒന്നും ചെയ്യാനാവാത്ത സ്ഥിതി.
'ഇതിനെതിരെ മിണ്ടാതിരിക്കാനാവില്ല'
മുഖ്യകവാടത്തിലൂടെ ക്ഷേത്രത്തിലേക്കു പ്രവേശിക്കാൻ അനുമതിയുള്ള സമുദായത്തിൽ ഉൾപ്പെട്ട അംഗമാണ് ഞാൻ. അതുകൊണ്ട് മാത്രം ഈ വിവേചനത്തിനെതിരെ ശബ്ദിക്കാതിരിക്കാൻ എനിക്ക് കഴിയില്ല. നൂറ്റാണ്ടുകൾക്കു മുമ്പുള്ള ആചാരമെന്ന് പറഞ്ഞാണ് ഈ നിലപാട് കമ്മിറ്റിക്കാർ സ്വീകരിച്ചത്. അന്നദാനത്തിൽപോലും കടുത്ത നീതിനിഷേധമാണ് നടക്കുന്നത്. കാണിക്ക സ്വീകരിക്കുന്നതിലുള്ള രീതിയും അംഗീകരിക്കാനാവില്ല. പൊതുജനങ്ങളുടെ ഫണ്ട് സ്വീകരിച്ചാണ് ഉത്സവങ്ങളും അന്നദാനവുമെല്ലാം നടത്തുന്നതെന്ന ബോധം പോലുമില്ലാതെയാണ് ദലിതർക്കുനേരെ വാതിൽ കൊട്ടിയടക്കുന്നത്.
-ശ്രീനിവാസ നായ്ക്,സാമൂഹിക പ്രവർത്തകൻ
'പരാതി നൽകിയത് നിവൃത്തികേടു കൊണ്ട്'
വേറെ മാർഗമൊന്നുമില്ലാത്തതുകൊണ്ടാണ് ദലിതനായ ഞാൻ മുഖ്യകവാടത്തിലൂടെ ക്ഷേത്രത്തിലേക്ക് കയറിയതും പട്ടികജാതി-വർഗ സ്ക്വാഡ് ഡിവൈ.എസ്.പിക്ക് പരാതി നൽകിയതും. ബാഡ്മിൻറൺ മുൻ താരമായ എനിക്ക് പലയിടത്തും സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. പണക്കാരായ ഇതരമതക്കാരുടെ വീട്ടിൽ അവർക്കൊപ്പം ഭക്ഷണം കഴിച്ചിട്ടുണ്ട്. പക്ഷേ, ഇതുപോലെ ഒരു ജാതി വിവേചനം എവിടെയും ഇല്ല. ഇപ്പോഴെങ്കിലും പ്രതികരിച്ചെങ്കിലേ അടുത്ത തലമുറക്കെങ്കിലും വിവേചനമില്ലാതെ ജീവിക്കാൻ കഴിയൂ. പരാതി കൊടുത്തതിന് പല പ്രയാസങ്ങളും നേരിടുന്നു. കുടുംബത്തിലുള്ളവർ തള്ളിപ്പറയുന്നു.
-കൃഷ്ണമോഹന പൊസള്ള്യ, ദലിത് പ്രതിനിധി
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.