പനി വ്യാപിക്കുന്നു; നികത്താതെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍
text_fieldsകാസര്‍കോട്: ആശുപത്രികള്‍ പനി ബാധിതരെക്കൊണ്ട് നിറയുമ്പോൾ നികത്താതെ കിടക്കുന്നത് 78ഓളം ഡോക്ടർമാരുടെ ഒഴിവുകൾ. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവുകാരണം താളംതെറ്റുകയാണ് പ്രവർത്തനങ്ങൾ. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ആര്.എം.ഒമാരും അത്യാഹിതവിഭാഗം മെഡിക്കല്‍ ഓഫിസര്‍മാരുമില്ല.
ജില്ലയിൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവുകള്‍ നികത്താനുണ്ട്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലായി 323 ഡോക്ടര്‍മാരാണ് വേണ്ടത്. 78ഓളം ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നിലവിലുണ്ട്. ഇവിടങ്ങളിലെല്ലാം രോഗികളുടെ നീണ്ടനിരയാണുള്ളത്. പനി വ്യാപകമായതോടെയാണ് രോഗികളുടെ തിരക്ക് കൂടിയത്. ഡോക്ടര്‍മാരുടെ കുറവുകാരണം രോഗികളെ പരിശോധിക്കാന്‍ നിലവിലെ ഡോക്ടര്‍മാര്‍ക്ക് സമയം കിട്ടുന്നുമില്ല.
ഒരു മെഡിക്കല്‍ ഓഫിസര്‍ക്ക് ഒന്നിലേറെ ആരോഗ്യകേന്ദ്രങ്ങളുടെ ചുമതല നല്കിയതിനാല് ജോലിഭാരവും കൂടുന്നു. 16 ഡോക്ടര്‍മാരെയാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് സ്ഥലംമാറ്റിയത്. വിരമിച്ച ഏഴ് ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് നിയമനവും നടന്നിട്ടില്ല. സ്പെഷാലിറ്റിയില്‍ -22, അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തില്‍ അഞ്ച്, സിവില്‍ സര്ജന് വിഭാഗത്തില്‍ നാല്, അസി. സര്ജന് വിഭാഗത്തില്‍ -32, അത്യാഹിതവിഭാഗം മെഡിക്കല്‍ ഓഫിസര്‍മാരുടെ പത്തും ആര്.എം.ഒ -രണ്ട്, ഡെന്റല്‍ അസി. സര്ജന് മൂന്നും ഒഴിവുകളാണുള്ളത്. കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനമുണ്ടായാല്‍ രോഗികളുടെ തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കും. ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.