മത്സ്യവിപണി സജീവം; തീരത്തെങ്ങും ഞണ്ട് ചാകര
text_fieldsമൊഗ്രാൽ: ജില്ലയിൽ ഇന്നലെ ഞണ്ട് ചാകര. കാലവർഷത്തിലുണ്ടായ മാറ്റവും കടൽ ശാന്തമായതും ട്രോളിങ് നിരോധനം നീങ്ങിയതും ഞണ്ടുകളും മറ്റ് മത്സ്യങ്ങളുമായി വിപണികൾ നിറഞ്ഞു. രണ്ടു മാസത്തെ ട്രോളിങ് നിരോധനത്തിന് ശേഷമാണ് മത്സ്യത്തൊഴിലാളികൾ കടലിൽ പോയിത്തുടങ്ങിയത്.
അയില, മത്തി, ചെമ്മീൻ, അയക്കൂറ, കൂന്തൽ, കോലി എന്നിവ മാർക്കറ്റിൽ സുലഭമാണ്. കുറച്ച് നാൾ മുമ്പു വരെ തീ വിലയായിരുന്ന അയില, മത്തി എന്നിവക്ക് 100 മുതൽ 150 രൂപ വരെയാണ് ഇപ്പോഴത്തെ വില. ചെമ്മീന് വലുതിന് 400 രൂപയും ചെറുതിന് 200 രൂപയുമാണ് വില. അയക്കൂറ 400 മുതൽ 500രൂപ വരെയുണ്ട്. കോലിക്ക് 150 മുതൽ 200 രൂപ വരെയാണ് വില. അതിനിടെ തീരത്തെങ്ങും ചെറിയ വലകൾ ഉപയോഗിച്ചുള്ള മീൻപിടിത്തവും വ്യാപകമാണ്. ഇവർക്ക് ഇപ്പോൾ "ഞണ്ട്'' ചാകരയാണ്.
ഞണ്ടിന് 100 മുതൽ 200 രൂപ വരെ ഈടാക്കുന്നുണ്ട്. ക്വിന്റൽ കണക്കിന് ഞണ്ടാണ് ചാക്കുകളിലാക്കി ജില്ലയിലെ തീരമേഖലയിൽ നിന്ന് മത്സ്യമാർക്കറ്റുകളിലും പൊതുഇടങ്ങളിലും എത്തുന്നത്. തലപ്പാടി മുതൽ ചെങ്കള വരെയുള്ള ദേശീയപാതയോരങ്ങളിൽ ഇത്തരത്തിൽ മത്സ്യവിൽപന തകൃതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.