ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കൽ സര്‍ക്കാറിന്റെ ലക്ഷ്യം -മുഖ്യമന്ത്രി
text_fieldsകാസർകോട്: സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും മികച്ച ചികിത്സ ഉറപ്പുവരുത്തുകയെന്നത് സംസ്ഥാന സര്‍ക്കാര്‍ ഏറെ മുന്‍ഗണന നല്കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നവകേരളം കർമ പദ്ധതി രണ്ടാം ഘട്ടം ആര്‍ദ്രം മിഷന്റെ ഭാഗമായി നവീകരിച്ച മധൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആര്‍ദ്രം മിഷന്റെ ഭാഗമായി വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. കേരളത്തിലെ എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് ലക്ഷ്യം.
കുടുംബാരോഗ്യകേന്ദ്രം എന്ന് പറയുന്നത് വലിയൊരു ആശയത്തിന്റെ ചുരുക്കപ്പേരാണ്. ഓരോ നാട്ടിലെയും എല്ലാ ജനങ്ങളോടും സ്ഥാപനത്തിനും സ്ഥാപനത്തിലെ ഡോക്ടര്‍മാര്‍ക്കും ബന്ധമുണ്ടായിരിക്കണം. മറ്റെല്ലാ പദ്ധതികളിലും കാണുന്നതുപോലെ ആര്‍ദ്രം മിഷനിലും വലിയ രീതിയിലുള്ള ജനപങ്കാളിത്തം ഉറപ്പുവരുത്തും.
കോവിഡ് സമയത്ത് ലോകത്തിലെ പല വികസ്വര രാജ്യങ്ങളും പകച്ചുനിന്നപ്പോള്‍ കേരളം മഹാമാരിക്ക് മുന്നില്‍ പിടിച്ചുനിന്നു. ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമിക ആരോഗ്യകേന്ദ്ര തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍വരെ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ കൊണ്ടാണ് കോവിഡിനെ നേരിടാന്‍ നമ്മുടെ സംസ്ഥാനത്തിന് സാധിച്ചത്.
കോവിഡ് വരുമെന്ന് നേരത്തെ കരുതിയതല്ല. പക്ഷെ, നമ്മുടെ നാട്ടിലെ എല്ലാ ജനങ്ങള്‍ക്കും മികച്ച ചികിത്സ ഉറപ്പുവരുത്തണമെന്ന ദൃഢനിശ്ചയത്തില്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് കോവിഡിനെ പ്രതിരോധിക്കാന്‍ സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വനിത - ശിശു വികസന മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണ, മധൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സമിതി കമ്മിറ്റി ചെയര്മാന് ഉമേഷ് ഗട്ടി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സുകുമാര കുതിരപ്പാടി, മധൂര്‍ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി തുടങ്ങിയവര്‍ സംസാരിച്ചു.
കുമ്പള സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ദിവാകര്‍ റൈ സ്വാഗതം പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രം മധൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റോബിന്‍സണ്‍ നന്ദിയും പറഞ്ഞു. പെര്‍ള, ബെള്ളൂര്‍, പള്ളിക്കര, മാവിലാകടപ്പുറം, ആരിക്കാടി, ബായാര്‍ എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.