ഹൈകോടതി നിർദേശം അവഗണിച്ചു; പഞ്ചായത്ത് നടപടി തുടങ്ങി
text_fieldsകാസർകോട്: പൊതുസ്ഥലത്തെ ഫ്ലക്സ് ബോർഡുകളും മറ്റും നീക്കംചെയ്യാനുള്ള ഹൈകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളുമായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ രംഗത്ത്.
അനധികൃത ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ ഹൈകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ 1.94 ലക്ഷം രൂപയാണ് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽനിന്നായി തദ്ദേശസ്ഥാപനങ്ങൾക്ക് പിഴചുമത്തിയത്. സംസ്ഥാന സർക്കാർ വകുപ്പുകളുടെ പരസ്യ ബോർഡുകൾക്കെതിരായും പിഴചുമത്തിയിരുന്നു. ഇതിന്റെ ഭാഗമായി പൊതുനിരത്തുകളുടെ വശങ്ങളിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകളും കൊടിതോരണങ്ങളും ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച നീക്കംചെയ്തിരുന്നു.
എന്നാൽ, കുമ്പള ഗ്രാമപഞ്ചായത്തിലെ മൊഗ്രാൽ ടൗണിൽ സ്ഥാപിച്ച സ്വകാര്യ ആശുപത്രിയുടെ ഫ്ലക്സ് ബോർഡ് നീക്കം ചെയ്യാൻ ബന്ധപ്പെട്ടവരോട് പലതവണ ആവശ്യപ്പെട്ടുവെങ്കിലും എടുത്തുമാറ്റാൻ കൂട്ടാക്കാത്തതിനാൽ കുമ്പള ഗ്രാമപഞ്ചായത്ത് സെക്രട്ടറി പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നാണ് അറിയുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ ഇതുസംബന്ധിച്ച് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ബോർഡ് സ്ഥാപിച്ചതുമൂലം ബസ് യാത്രക്കാർക്ക് ബസ് വരുന്നത് കാണാനാകുന്നില്ലെന്നും വ്യാപാരസ്ഥാപനങ്ങളെ ബോർഡ് മറച്ചിരിക്കുകയാണെന്നും നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. നടപടി സ്വീകരിക്കാത്തപക്ഷം പഞ്ചായത്ത് സെക്രട്ടറിമാർ 5000 രൂപ പിഴയടക്കേണ്ടിവരുമെന്ന് ഹൈകോടതി നിലപാട് കടുപ്പിച്ചിരുന്നു.
ബോർഡുകൾ നീക്കംചെയ്യാൻ കോടതി പറഞ്ഞ സമയം കഴിഞ്ഞിട്ടും മൊഗ്രാലിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് നീക്കം ചെയ്യാത്തത് പഞ്ചായത്ത് സെക്രട്ടറിക്ക് തലവേദനയായിരുന്നു. അതുകൊണ്ടുതന്നെയാണ് പിഴചുമത്താനുള്ള കർശന നടപടി സ്വീകരിക്കാൻ നിർബന്ധിതരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.