മെഡിക്കൽ ഓഫിസ് പൂട്ടിയ സംഭവം: പഞ്ചായത്ത് ഭരണസമിതിയും ആരോഗ്യ വിഭാഗവും രണ്ടുതട്ടിൽ
text_fieldsകാസർകോട്: പനത്തടി കുടുംബാരോഗ്യകേന്ദ്രത്തിൽ ബുധനാഴ്ച നടന്ന വിവാദ സംഭവത്തിൽ ഭരണസമിതിയും ജില്ല ആരോഗ്യവകുപ്പും രണ്ടു തട്ടിൽ. പഞ്ചായത്ത് ഭരിക്കുന്ന എൽ.ഡി.എഫ് ഭരണസമിതിയും ജില്ല ആരോഗ്യ വിഭാഗവുമാണ് ഏറ്റുമുട്ടുന്നത്.പാലിയേറ്റിവ് നഴ്സിന്റെ കരാർ പുതുക്കുന്നത് സംബന്ധിച്ച വിഷയത്തിൽ ബുധനാഴ്ച മെഡിക്കൽ ഓഫിസറുടെ മുറി പൂട്ടി താക്കോലുമായി പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പോവുകയായിരുന്നു.
ഈ സംഭവത്തിൽ കെ.ജി.എം.ഒ.എ പ്രതിഷേധക്കുറിപ്പുമിറക്കി. സ്റ്റാഫ് നഴ്സിന്റെ കരാർ പുതുക്കി നൽകാനുള്ള ഭരണസമിതി തീരുമാനമാണ് വിവദത്തിനടിസ്ഥാനം. സ്റ്റാഫ് നഴ്സ് പല പ്രാവശ്യം ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യത്തിൽ മെഡിക്കൽ ഓഫിസർ ഡോ. ഷബാന ഫിറ്റ്നസ് ചോദിക്കുകയും പുതുക്കുന്നതിൽ വിയോജിപ്പ് പറയുകയും ചെയ്തു. ഇതിനെതിരെയാണ് പനത്തടി പഞ്ചായത്ത് ഭരണസമിതി രംഗത്തുവന്നത്.
അതിക്രമങ്ങൾ നോക്കിനിൽക്കില്ല -കെ.ജി.എം.ഒ.എ
കാസർകോട്: പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മുറി താഴിട്ടുപൂട്ടിയ നടപടിയിൽ കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) പ്രതിഷേധിച്ചു.
ആരോഗ്യകേന്ദ്രത്തിന് സംരക്ഷണമൊരുക്കേണ്ട പഞ്ചായത്തധികൃതർ തന്നെ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് കുറ്റത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. മെഡിക്കലി ഫിറ്റല്ലെന്ന് തോന്നിയ ഒരാൾക്ക് ജോലി നൽകണമെന്നാവശ്യപ്പെട്ടാണ് ഇവർ മെഡിക്കൽ ഓഫിസറെ സമ്മർദത്തിലാക്കിയത്.
സ്വന്തം ആൾക്കാരെ തിരുകിക്കയറ്റുന്നതിന് ആശുപത്രികളെ ഉപയോഗിക്കുന്നത് തെറ്റായ പ്രവണതയാണ്. ഇത്തരം ആവശ്യങ്ങൾ പറഞ്ഞ് ആശുപത്രികളിൽ വന്ന് അതിക്രമം കാണിക്കുന്നത് കൊൽക്കത്തയിൽ നടന്നതിന്റെ മറ്റൊരു രൂപമാണെന്ന് പറയേണ്ടിവരും. ഡോക്ടർമാർക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങൾ നോക്കിനിൽക്കില്ലെന്നും നീതിക്കുവേണ്ടി ശക്തമായ സമരങ്ങളിലേക്ക് പോകാൻ സംഘടന നിർബന്ധിതമാകുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു.
ഇത്തരം പ്രവണതകൾ തടയാൻ അധികൃതരുടെ ഭാഗത്തുനിന്ന് കർശന നടപടികളുണ്ടാകണം. ചികിത്സ നിഷേധിക്കപ്പെടുന്ന അത്തരം സമരങ്ങളിലേക്ക് ഡോക്ടർമാരെ തള്ളിവിടരുതെന്നും കെ.ജി.എം.ഒ.എ നേതാക്കളായ ഡോ. എ.ടി. മനോജ്, ഡോ. വി.കെ. ഷിൻസി എന്നിവർ അറിയിച്ചു.
അടിയന്തര ഭരണസമിതി വിളിക്കണം -പ്രതിപക്ഷം
രാജപുരം: കുടുംബാരോഗ്യകേന്ദ്രം രക്ഷാധികാരി കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് മെഡിക്കൽ ഓഫിസറെ ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി മുറി പൂട്ടി താക്കോലുമായി കടന്നുകളഞ്ഞത് കേട്ടുകേൾവിപോലുമില്ലാത്ത സംഭവമാണെന്ന് പനത്തടി പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റും സ്ഥിരംസമിതി അധ്യക്ഷരും ചേർന്ന് നടത്തിയ നാടകത്തിലൂടെ ജനങ്ങളുടെ മുന്നിൽ പരിഹാസ്യരായെന്നും ഇവർ പറഞ്ഞു.
നിശ്ചിത യോഗ്യതയില്ലാത്ത പാലിയേറ്റിവ് നഴ്സിനെ രാഷ്ട്രീയ യോഗ്യതയുടെ മാത്രം അടിസ്ഥാനത്തിൽ തുടർ നിയമിക്കുന്നത് അംഗീകരിക്കാനാവില്ല. കഴിഞ്ഞ മാർച്ച് 31ന് കരാർ കാലാവധി അവസാനിച്ച നഴ്സിന്റെ സേവനം അവസാനിപ്പിച്ച് പുതിയ പാലിയേറ്റിവ് നഴ്സിനെ നിയമിക്കണമെന്നും നഴ്സിനെതിരെ ചാമുണ്ഡിക്കുന്ന് സ്വദേശി വി.എസ്. അനുരാജ് നൽകിയ പരാതി ചർച്ച ചെയ്യുന്നതിന് അടിയന്തര ഭരണസമിതി യോഗം വിളിച്ചുചേർക്കണമെന്നും പ്രതിപക്ഷാംഗങ്ങളായ കെ.കെ. വേണുഗോപാൽ, കെ.ജെ. ജെയിംസ്, എൻ. വിൻസെന്റ്, രാധാ സുകുമാരൻ, കെ.എസ്. പ്രീതി എന്നിവർ പഞ്ചായത്ത് പ്രസിഡന്റിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
പല കാരണങ്ങൾ പറഞ്ഞ് നടത്തിച്ചു -പഞ്ചായത്ത് പ്രസിഡന്റ്
രാജപുരം: സ്റ്റാഫ് നഴ്സിനെ പല കാരണങ്ങൾ പറഞ്ഞ് നടത്തിച്ചതിൽ പ്രതിഷേധിച്ചാണ് ബുധനാഴ്ച മെഡിക്കൽ ഓഫിസ് പൂട്ടാനിടയായത് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ‘മാധ്യമ’ത്തോട് പറഞ്ഞു.ഒന്നരമാസമായി നഴ്സ് ലീവായിരുന്നു. അവരെ തിരിച്ചെടുക്കണമെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണമെന്ന് മെഡിക്കൽ ഓഫിസർ ആവശ്യപ്പെട്ടു. പാലിയേറ്റിവ് മാനേജ്മെന്റ് കമ്മിറ്റി (പി.എം.സി) ചേർന്ന് ഇവരുടെ കാലാവധി 2025 മാർച്ച് 31വരെ ദീർഘിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ജോലിയിൽ പ്രവേശിക്കാൻ വരുകയും മെഡിക്കൽ ഓഫിസർ അവധിയായതിനാൽ തിരിച്ചുപോവുകയുമായിരുന്നു. ചൊവ്വാഴ്ച ഓഫിസ് അവധിയുമായിരുന്നു. ബുധനാഴ്ച വന്നപ്പോഴാണ് സ്റ്റോക്ക് ക്ലിയർ ചെയ്യാതെ നിയമിക്കാൻ പറ്റില്ല എന്ന് മെഡിക്കൽ ഓഫിസർ പറഞ്ഞത്.
12 വർഷമായി ഇവിടെ ജോലി ചെയ്തിരുന്ന നഴ്സാണിവർ. പലകാര്യങ്ങളും പറഞ്ഞ് ഇവരെ നടത്തിപ്പിക്കുന്നത് കണ്ടപ്പോൾ ഇടപെട്ടതാണ്. അവർക്ക് മതിയായ യോഗ്യതയുണ്ട്. ഇപ്പോൾ യോഗ്യതയില്ല എന്നും മറ്റും പറയുന്നത് രാഷ്ട്രീയ താൽപര്യമാണ്. 9.15 മുതൽ 12.30വരെ ഞാനും മറ്റ് പ്രതിനിധികളും മെഡിക്കൽ ഓഫിസറെ കാത്തിരുന്നു. പലതവണ വിളിക്കുകയും ചെയ്തു. എടുക്കാതായപ്പോൾ മറ്റൊരു ഫോണിൽനിന്ന് വിളിച്ചപ്പോഴാണറിയുന്നത് അവധിയാണെന്ന്. ഇതറിഞ്ഞപ്പോഴാണ് ഓഫിസ് പൂട്ടിയതെന്നും പ്രസിഡന്റ് പറഞ്ഞു.
ഭീഷണിപ്പെടുത്തി -മെഡിക്കൽ ഓഫിസർ
കാസർകോട്: ഗവൺമെന്റ് ഉത്തരവ് പ്രകാരം പാലിയേറ്റിവ് നഴ്സിന്റെ കാലാവധി വർഷാവർഷം പുതുക്കലാണ് പതിവ്. പനത്തടി കുടുംബാരോഗ്യകേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്സ് ഒന്നരമാസമായി അവധിയിലായിരുന്നു. കരാർ വ്യവസ്ഥയിലുള്ള ഇവരുടെ നിയമനം സംബന്ധിച്ച് ചർച്ച ചെയ്യാനും കരാർ കാലാവധി നീട്ടാനും പി.എം.സി യോഗം കഴിഞ്ഞ ശനിയാഴ്ച ചേർന്നിരുന്നു. ഈ യോഗത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ ഭൂരിപക്ഷം ഉപയോഗിച്ച് കരാർ പുതുക്കി.
ഈ നഴ്സ് ഒന്നരമാസം മുമ്പ് ആശുപത്രിയിൽ പ്രശ്നമുണ്ടാക്കിയിരുന്നു. ഇത് ചോദ്യംചെയ്തപ്പോൾ എനിക്കെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി അമിത ഡോസിൽ മരുന്ന് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അവർ സൈക്യാട്രിക് പേഷ്യന്റാണ്.
പി.എം.സി യോഗത്തിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറഞ്ഞപ്പോൾ സാധുവല്ലാത്ത മെഡിക്കൽ സർട്ടിഫിക്കറ്റാണ് നൽകിയത്. അതിൽ പറയുന്നത് കൃത്യമായി മരുന്ന് കഴിച്ചാൽ ഇവരുടെ അസുഖം മാറുമെന്നാണ്. എന്ത് ധൈര്യത്തിലാണ് ഞാനവർക്ക് നിയമനം പുതുക്കിനൽകുക? ഇനിയവർ എന്തെങ്കിലും ചെയ്താൽ മെഡിക്കൽ ഓഫിസർ എന്നനിലക്ക് എനിക്കായിരിക്കില്ലെ അതിന്റെ ഉത്തരവാദിത്തം? ഇതൊന്നും പഞ്ചായത്ത് ഭരണസമിതി മനസ്സിലാക്കുന്നില്ല. ഞങ്ങൾ പറയുന്നത് ഡോക്ടർ കേട്ടാൽ മതിയെന്നും ഈ നഴ്സിനെ ഇവിടെതന്നെ നിയമിക്കണമെന്നും അവർ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്നുമാണ് ഭരണസമിതി പറയുന്നത്. എന്നെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിന് ഞാനാരോടാണ് പരാതി പറയേണ്ടത്.
ബുധനാഴ്ച രാവിലെ ഓഫിസിലെത്തിയപ്പോൾ കുത്തിവെപ്പ് ദിവസമായതുകൊണ്ട് ഞാൻ ജോലിയിലായിരുന്നു. അപ്പോൾ നിർത്താതെ എന്റെ ഫോണിൽ വിളിക്കുകയും ഒപ്പിടാൻ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഞാൻ ഇതേപ്പറ്റി എന്റെ മേലധികാരികളുമായി ചർച്ച ചെയ്യുമ്പോഴാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഓഫിസ് പൂട്ടിപ്പോയത്. ഓഫിസ് പൂട്ടിയതിനെക്കുറിച്ച് പഞ്ചായത്തിൽ ചോദിച്ചപ്പോൾ ഞാൻ അവിടെ പോയാലേ താക്കോൽ തരൂ എന്നാണ് പറഞ്ഞത്. ഇതോടെയാണ് പൊലീസിൽ അറിയിച്ചത്. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് വന്ന് തുറക്കുകയായിരുന്നു -ഡോ. ഷബാന ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.