അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് 24ന് ബേക്കലിൽ തുടക്കം
text_fieldsകാസർകോട്: കേരളത്തിലെ ആദ്യ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് 24ന് ബേക്കലിൽ തുടക്കം. അഞ്ചുലക്ഷം ആളുകളെ പ്രതീക്ഷിക്കുന്ന ഫെസ്റ്റിവൽ 24ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
10 ദിവസം ഫെസ്റ്റ് നീണ്ടു നില്ക്കും. കലാസാംസ്ക്കാരിക സന്ധ്യ, പ്രാദേശിക കലാപരിപാടികള്‍, ഫുഡ്ഫെസ്റ്റിവല്‍, ബീച്ച് സ്പോര്‍ട്സ് എന്നിവയുണ്ടാകും. ചന്ദ്രഗിരി, തേജസ്വിനി, പയസ്വിനി എന്നീ മൂന്നു വേദികളിലായാണ് പരിപാടികൾ അരങ്ങേറുക.
പ്രധാന വേദിയായ ചന്ദ്രഗിരിയിൽ ദേശീയ കലാകാരന്മാരുടെ പ്രകടനങ്ങളും, തേജസ്വിനിയിൽ കുടുംബശ്രീ പ്രവർത്തകരുടെ പരിപാടികളും, പയസ്വിനിയിൽ ജില്ലയിലെ പ്രാദേശിക കലാകാരന്മാരുടെ തിരഞ്ഞെടുത്ത പരമ്പരാഗത തനത് കലാരൂപങ്ങളും ഒരേ സമയം അരങ്ങേറും. ഇതുവരെ രണ്ടര ലക്ഷത്തോളം ടിക്കറ്റുകൾ വില്പന നടത്തിയിട്ടുണ്ടെന്നും, അഞ്ച് ലക്ഷത്തോളം പേരെ പ്രതിക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് പരിപാടികൾ അരങ്ങേറുക .
ബേക്കലിന്റെ കടൽത്തീരമുൾപ്പെടെ 50 ഏക്കറോളം വരുന്ന ഭൂമിയിലാണ് ഫെസ്റ്റ് നടത്തുക. സ്വകാര്യ വ്യക്തികളുടെ സഹകരണത്തോടെ 25 ഏക്കർ ഭൂമി പാർക്കിങ്ങിനായും ഒരുക്കിയിട്ടുണ്ട്. അഞ്ചു കോടി രൂപയാണ് മുതൽ മുടക്ക്.
കേരള സർക്കാർ 10 ലക്ഷം രൂപയും സ്വകാര്യ കമ്പനിയായ ആസ്മി ഹോളിഡേയ്സ് 26 ലക്ഷം രൂപയും ടിക്കറ്റ് വില്പനയിലൂടെ ലഭിച്ച 80 ലക്ഷം രൂപയും സ്പോൺസർഷിപ്പ് മുഖേന 15 ലക്ഷം രൂപയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 25 ലക്ഷം രൂപയും ലഭിച്ചിട്ടുണ്ട് . ഒന്നേകാൽ കോടി രൂപയോളം ടിക്കറ്റ് വില്പനയിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചെയർമാൻ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ. വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ നവോത്ഥാന ചിത്ര മതിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ റോബോട്ടിക് ഷോയും രാജ്മോഹന്‍ ഉണ്ണിത്താന് എം.പി പുഷ്പപ്രദര്‍ശനവും ഉദ്ഘാടനം ചെയ്യും.
വിനോദവും വിജ്ഞാനവും പകരുന്ന കാഴ്ചകൾ
ഗ്രാന്‍ഡ് കാര്‍ണിവല്‍, വാട്ടര്‍സ്പോട്ട്, ഹെലികോപ്ടര്‍ റൈഡ്, ഫ്ലവര്‍ ഷോ, റോബോട്ടിക്ക് ഷോ, കള്‍ച്ചറല്‍ ഷോ സാന്‍ഡ് ആര്‍ട്ട് തുടങ്ങി വിനോദവും വിജ്ഞാനവും പകരുന്ന മായിക കാഴ്ചകളാണ് ബേക്കല്‍ ഇന്റര്‍ നാഷനല്‍ ബീച്ച് ഫെസ്റ്റ് ഇന്ത്യയിലെമ്പാടുമുള്ള സഞ്ചാരികള്‍ക്കായി കരുതി വെച്ചിരിക്കുന്നത്. സഞ്ചാരികളെ ആകർഷിക്കാനായി ബേക്കൽ ബീച്ചിലെ ആകാശത്തു വർണ വിസ്മയങ്ങളൊരുക്കാൻ അന്താരാഷ്ട്ര പ്രതിനിധികൾ അടങ്ങുന്ന പട്ടം പറത്തൽ മേളയും സംഘടിപ്പിക്കും.
രുചിപ്പെരുമ
കാസര്‍കോടിന്റെ രുചിപ്പെരുമ അടയാളപ്പെടുത്തുന്ന ഫുഡ് ഫെസ്റ്റാണ് മറ്റൊരു ആകര്‍ഷണം. കൂടാതെ ഫെസ്റ്റില്‍ കാസര്‍കോടിന്റെ സംസ്കാരം, ചരിത്രം എന്നിവയും സന്ദര്‍ശകര്‍ക്കു പകര്‍ന്നു നല്‍കും.
കോട്ടയെ അലങ്കരിക്കും
വിനോദസഞ്ചാരഭൂപടത്തില്‍ കീര്‍ത്തി കേട്ട കാസര്‍കോടിന്റെ ബേക്കല്‍ കോട്ട പ്രധാന ആകര്‍ഷണമാകും. ഫെസ്റ്റിവല്‍ ദിനങ്ങളില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ബേക്കല്‍ കോട്ട വൈദ്യുതാലങ്കാരങ്ങളാല്‍ തിളങ്ങി നില്‍ക്കുന്നത് മനോഹര കാഴ്ച സമ്മാനിക്കും.
ഫൈസ്റ്റിനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കാസര്‍കോടിന്റെ തനത് കലാരൂപങ്ങള്‍ അനുഭവവേദ്യമാക്കുന്ന തരത്തില്‍ പ്രത്യേക പാക്കേജുകളും ഒരുക്കുന്നുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'യാത്രാശ്രീ' എന്ന പേരിലാണ് പാക്കേജുകള്‍ ഒരുക്കുന്നത്.
കാസർകോടിന്റെ വൈവിധ്യം വിളിച്ചോതുന്ന തെയ്യം, അലാമിക്കളി, യക്ഷഗാനം, പരമ്പരാഗത ഭക്ഷണങ്ങള്‍ തുടങ്ങിയവ കൂടി അനുഭവവേദ്യമാക്കുന്ന രീതിയിലാണ് പാക്കേജുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
കൂറ്റൻ വേദികൾ, പ്രമുഖർ
ബേക്കല്‍ പാര്‍ക്കിലെ വിശാലമായ പുല്‍ത്തകിടിയില്‍ സജ്ജമാക്കുന്ന കൂറ്റന്‍ സ്റ്റേജിലാണ് കലാസ്വാദനത്തിനുള്ള വേദിയൊരുങ്ങുന്നത്. പ്രശസ്ത കലാസംഘങ്ങളുടെ പരിപാടികളാണ് 10 നാളുകളിലായി അരങ്ങേറുന്നത്. പാട്ടും നൃത്തവും ശബ്ദവും വെളിച്ചവും വൈവിധ്യപൂര്‍ണമായ പ്രകടനങ്ങളും കൊണ്ട് കാണികളെ ആഹ്ലാദത്തിന്റെയും ആവേശത്തിന്റെയും കൊടുമുടിയില്‍ എത്തിക്കുന്ന പരിപാടികളായിരിക്കും മുഖ്യ വേദിയില്‍ നടക്കുന്നത്.
നൂറിന് സിസ്റ്റേഴ്സ്, സിത്താര, ശബ്നം റിയാസ്, പ്രസീത ചാലക്കുടി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സ്റ്റീഫന്‍ ദേവസ്സി തുടങ്ങിയവര്‍ കലയുടെ വര്‍ണ പ്രപഞ്ചം തീര്‍ക്കും.
ടിക്കറ്റ് നിരക്ക്
കുടുംബശ്രീ വഴിയാണ് ഫെസ്റ്റിവല്‍ ടിക്കറ്റുകളുടെ വില്പന നടത്തുന്നത്. സഹകരണ ബാങ്കുകള്‍ വഴിയും ടിക്കറ്റ് വില്പനയുണ്ട്. ക്യു.ആര്. കോഡ് സംവിധാനത്തോടുകൂടിയുള്ള ഡിജിറ്റല്‍ ടിക്കറ്റുകളാണ് വിതരണം ചെയ്യുക.
ടിക്കറ്റ നിരക്ക് മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 25 രൂപയുമാണ് ഈടാക്കുക. ഉപയോഗിച്ച ടിക്കറ്റുകൾക്കു ദിവസേന ലക്കി ഡ്രോ കോണ്ടെസ്റ്റു വഴി സ്വർണ്ണനാണയം ലഭിക്കും.
വാർത്ത സമ്മേളനത്തിൽ ബി.ആര്.ഡി.സി എം.ഡി, പി. ഷിജിന്, കൾച്ചറൽ ഇവന്റ് കോഓഡിനേറ്റർ ജ്യോതി, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെ. മണികണ്ഠൻ, , കെ.ഇ.എ. ബേക്കർ, ആസ്മി ഹോളിഡേയ്സ് എം.ഡി കുഞ്ഞബ്ദുള്ള എന്നിവർ പങ്കെടുത്തു.
സംഘാടകർ
ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍, കുടുംബശ്രീ, ആസ്മി ഹോളിഡേയ്സ്, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്മെന്റ് കോര്പറേഷന് (ബിആര്‍ഡിസി) ആണ് ബേക്കല്‍ ഇന്റര്‍നാഷനല്‍ ബീച്ച് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.