തെരുവു കച്ചവടത്തിനെതിരെ മർച്ചന്റ്സ് അസോസിയേഷൻ സൂചന സമരം നടത്തും
text_fieldsകാസർകോട്: നഗരത്തിൽ അനധികൃതമായി നടത്തുന്ന തെരുവ് കച്ചവടത്തിനെതിരെ കാസർകോട് മർച്ചന്റ്സ് അസോസിയേഷൻ ഈ മാസം 28ന് സൂചന സമരം നടത്തുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കാസർകോട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ മുതൽ ബദരിയ ഹോട്ടൽ വരെ ഫൂട്പാത്തും റോഡും കൈയേറിയാണ് തെരുവ് കച്ചവടം നടത്തുന്നത്. അനധികൃതമായി നടക്കുന്ന തെരുവ് കച്ചവടം വ്യാപാര മേഖലയെ മാത്രമല്ല, വഴിയാത്രക്കാരെയും ബാധിക്കുന്നു. ഫുട്പാത്ത് കൈയേറിയുള്ള കച്ചവടം ഇതിലൂടെയുള്ള കാൽ നടയാത്ര ദുസ്സഹമാക്കുന്നു.
റോഡിലിറങ്ങി നടക്കാമെന്ന് വെച്ചാൽ റോഡും തെരുവ് കച്ചവടക്കാർ കൈയേറി വെച്ചിരിക്കുന്നു. അവശ്യ സാധനങ്ങൾക്കായി നഗരത്തിലെത്തുന്ന വാഹന യാത്രക്കാരെയും ഇത്തരം കൈയേറ്റങ്ങൾ സാരമായി ബാധിക്കുന്നു. ഈ ഭാഗത്ത് സ്ഥിരം ഗതാഗതക്കുരുക്കനുഭവപ്പെടുന്നത് കൊണ്ട് പലരും സാധനങ്ങൾ വാങ്ങാൻപോകുന്നത് മറ്റു നഗരങ്ങളിലാണ്.
തെരുവിലെ ഭക്ഷ്യ പദാർഥങ്ങളുടെ കച്ചവടം നിയന്ത്രിക്കപ്പെടേണ്ടതാണ്. നഗരത്തിന്റെ സൗന്ദര്യവത്കരണത്തിനും അനധികൃത തെരുവ് കച്ചവടം വിഘാതമാവുന്നു.
വ്യാപാരികൾ തെരുവ് കച്ചവടക്കാർക്കെതിരല്ല. മേൽപറഞ്ഞ പ്രശ്നങ്ങൾ കണക്കിലെടുത്ത് ഈ ഭാഗത്ത് തെരുവ് കച്ചവടം നടത്തുന്നവരെ ഇവിട നിന്ന് ഉചിതമായ സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കാസർകോട് മർച്ചന്റ്സ് അസോസിയേഷൻ പ്രതീകാത്മക തെരുവ് കച്ചവട സമരം സംഘടിപ്പിക്കുന്നത്.
28ന് രാവിലെ 10 മുതൽ 12 വരെ കാസർകോട് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പ്രതീകാത്മക തെരുവ് കച്ചവട സമരം കെ.വി.വി.ഇ.എസ് സംസ്ഥാന സെക്രട്ടറി ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ മർച്ചന്റ് അസോസിയേഷൻ കാസർകോട് യൂനിറ്റ് പ്രസിഡന്റ് ടി.പി. ഇല്യാസ്, സെക്രട്ടറി കെ. ദിനേശ്, ട്രഷറർ നഹീം അങ്കോല, എം.എം. മുനീർ, സി. ഹാരിസ്, കെ. അജിത് കുമാർ, ഷറഫുദ്ദീൻ എന്നിവർ പങ്കെടുത്തു.
വ്യാപാരികളുടെ വഴിയോര കച്ചവടം നിയമലംഘനം-എസ്.ടി.യു
കാസർകോട്: മർച്ചന്റ്സ് അസോസിയേഷൻ നഗരത്തിൽ വഴിയോര കച്ചവടം നടത്താൻ തീരുമാനിച്ചത് നിയമത്തിലുള്ള അജ്ഞതകൊണ്ടും സ്വന്തം കഴിവ് കേട് മറക്കാൻ വേണ്ടിയുമാണെന്ന് എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എ. അബ്ദുൽ റഹ്മാൻ പറഞ്ഞു.
2014ൽ പാർലമെന്റ് പാസാക്കിയ സ്ട്രീറ്റ് വെണ്ടേഴ്സ് ആക്റ്റും അതിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഉണ്ടാക്കിയ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് മാത്രമേ നിയമം നടപ്പാക്കിയ പട്ടണങ്ങളിൽ വഴിയോര കച്ചവടം നടത്താൻ കഴിയുകയുള്ളൂ. അതിന്റെ നിയന്ത്രണങ്ങൾക്കും നടത്തിപ്പിനും ടൗൺ വെന്റിങ് കമ്മിറ്റികൾ നിലവിലുണ്ട്. ജില്ലതലത്തിൽ അവലോകനത്തിനായി കലക്ടർ അധ്യക്ഷനായ സമിതിയുമുണ്ട്.
കമ്മിറ്റികളിൽ സർക്കാർ ഉദ്യോഗസ്ഥരോടൊപ്പം വ്യാപാരി പ്രതിനിധികളും അംഗങ്ങളാണെന്നിരിക്കെ നഗരത്തിൽ പാർക്കിങ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി വ്യാപാരം വർധിപ്പിക്കാൻ പ്രവർത്തിക്കുകയാണ് വേണ്ടത്. കാസർകോട് നഗരത്തിൽ അംഗീകൃത തെരുവ് കച്ചവടക്കാരാണ് കച്ചവടം നടത്തുന്നത്. അവർക്ക് നഗരസഭ തിരിച്ചറിയൽ കാർഡുകൾ നൽകുകയും അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കി വരികയാണ്.
സ്വന്തം സ്ഥാപനത്തിന് മുന്നിൽ വഴിയോര കച്ചവടം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയും അവരിൽനിന്ന് അനധികൃതമായി തറവാടക വാങ്ങുകയും ചെയ്യുന്ന വ്യാപാരികൾ നഗരത്തിലുണ്ട്. ഫുട്പാത്ത് കയേറി സ്വന്തം സ്ഥാപനത്തിലെ സാധനങ്ങൾ നിരത്തിവെച്ച് കച്ചവടം ചെയ്യുന്ന സ്വന്തം അംഗങ്ങളായ വ്യാപാരികളെ തിരുത്താൻ കഴിയാത്ത അസോസിയേഷന്റെ ഭാരവാഹികൾ കണ്ണടച്ച് ഇരുട്ട് അഭിനയിക്കുകയാണ്.
സ്ഥാപനം തുറന്നു വെച്ച് സ്വന്തം വാഹനങ്ങൾ കടയുടെ മുന്നിൽ പാർക്ക് ചെയ്തതിന് ശേഷം പാർക്കിങ് സൗകര്യമില്ലെന്ന് വിലപിക്കുകയാണ്. കാസർകോട് നഗരത്തിലെ പല വ്യാപാര സ്ഥാപനങ്ങളുടെയും ഷട്ടർ അകത്തും കച്ചവടം പുറത്തുമാണ്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും മനസ്സിലാക്കുന്നത് നല്ലതായിരിക്കുമെന്നും അബ്ദുൽ റഹ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.