പള്ളിക്കര റെയിൽവേ മേൽപാലം മേയ് അവസാനം തുറക്കും
text_fieldsനീലേശ്വരം: അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപാലം ഗതാഗതത്തിനായി തുറന്നുകൊടുക്കും. മേയ് അവസാനവാരം പാലത്തിെന്റ ഒരു ഭാഗത്തിൽ കൂടി വാഹനങ്ങളെ കടത്തിവിടാനാണ് ഇപ്പോഴത്തെ തീരുമാനം. ഇതോടുകൂടി ദേശീയപാതയിൽ അവശേഷിക്കുന്ന റെയിൽവേഗേറ്റ് അടക്കുന്നത് ഓർമ മാത്രമാകും. മേൽപാലം നിർമാണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. റെയിൽവേ പാളത്തിെന്റ ഇരുഭാഗത്തുള്ള തൂണുകളെ ബന്ധിപ്പിക്കുന്ന ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തിയും പൂർത്തിയായി. അവസാന മൂന്ന് സ്പപാനുകളുടെ കോൺക്രീറ്റ് പ്രവൃത്തിയും പൂർത്തിയായി. കൂടാതെ പാലത്തിന് മുകളിൽ സ്ഥാപിക്കേണ്ട 42 തെരുവ് വിളക്കുകളുടെ പ്രവൃത്തി ഉടൻ ആരംഭിക്കും.
2018ൽ ആരംഭിച്ച പാലംപണി 2023ലാണ് പൂർത്തിയാകുന്നത്. 45 മീറ്റർ വീതിയിൽ നിർമിച്ച സംസ്ഥാനത്തെ ആദ്യമേൽപാലമാണ് പള്ളിക്കരയിൽ പൂർത്തിയാകുന്നത്. 45 കോടി രൂപയാണ് കേന്ദ്ര സർക്കാറിെന്റ ഉപരിതല ഗതാഗത മന്ത്രാലയം നിർമാണത്തിനായി അനുവദിച്ചത്.
ഭൂമി ഏറ്റെടുക്കൽ പ്രവൃത്തി പൂർത്തികരിച്ച് ഉടമകൾക്കുള്ള നഷ്ടപരിഹാരം നൽകിയത് സംസ്ഥാന സർക്കാറാണ്. പാലംപണി ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് മുൻ എം.പി പി. കരുണാകരൻ രാപകൽ സമരം നടത്തിയത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴത്തെ എം.പി രാജ് മോഹൻ ഉണ്ണിത്താൻ നിർമാണം വേഗത്തിലാക്കാൻ ലോക്സഭയിൽ പ്രശ്നം ഉന്നയിച്ചിരുന്നു. 45 മീറ്ററിൽ നിർമിച്ച പള്ളിക്കര മേൽപാലത്തിെന്റ അവസാന പ്രവൃത്തികൾ വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. ഉദ്ഘാടന മാമാങ്കമില്ലാതെ പാലത്തിെന്റ ഒരു ഭാഗം തുറന്ന് കൊടുത്താൽ തന്നെ വാഹനയാത്രക്കാർക്ക് വലിയ ആശ്വാസമാകും.
ഏറണാകുളം ഇ.കെ.കെ. പ്രൈവറ്റ് കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.