പാർക്കിങ് പ്രശ്നം അതിരൂക്ഷം
text_fieldsകാസർകോട്: ഓരോ നഗരത്തിലും വികസനത്തിന്റെ നാഴികക്കല്ലായി മാറുന്നത് അവിടത്തെ സ്ഥലസൗകര്യമാണ് എന്നതിൽ സംശയമേതുമില്ല. സ്വന്തം വാഹനങ്ങളില്ലാതെ ആളുകൾ പുറത്തിറങ്ങുന്നത് വിരളമായ ഇക്കാലത്ത് വാഹനം നഗരത്തിലെത്തിയാൽ നല്ലരീതിയിൽ പാർക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്നുള്ളതാണ് ജനങ്ങളുടെ പരാതി. വർഷാവർഷം കൂടിക്കൊണ്ടിരിക്കുന്ന വാഹനബാഹുല്യവും ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നുണ്ട് .
ദേശീയപാതയുടെ ഭാഗമായുള്ള പ്രവൃത്തിയിൽ കാസർകോട് നഗരം രണ്ടു ഭാഗമായി വിഭജിച്ചതിനുശേഷം പ്രശ്നം രൂക്ഷമായി. കാസർകോട് ടൗണിൽ എവിടെയും പാർക്കിങ് തീരെയില്ല. യാത്രാസൗകര്യത്തിന് വലിയ പ്രതിസന്ധിയും നേരിടുന്നുണ്ട്. അടിസ്ഥാനസൗകര്യത്തിന് ഒന്നും ഏർപ്പെടുത്തിയിട്ടില്ല. ജനങ്ങൾക്ക് ഉപകാരപ്രദമായരീതിയിൽ വികസനംവരുത്താൻ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. കൂടാതെ, ടൗണിലെ കെട്ടിടങ്ങൾ മുഴുവൻ പൊതുസ്ഥലം കൈയേറിയിട്ടാണ് കാര്യങ്ങളെല്ലാം നടത്തുന്നത്. ഇത് മാറ്റിയെടുക്കുന്നതിലൂടെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കാനും യാത്രാസൗകര്യം കൂട്ടാനും പറ്റും. വാഹന പാർക്കിങ്ങിന് പ്രത്യേക സൗകര്യമൊരുക്കാനും ഇതുവഴി സാധിക്കും.
അതൊന്നും ശ്രദ്ധിക്കാത്ത അവസ്ഥ കാസർകോട് മുനിസിപ്പാലിറ്റിയിലുണ്ട്. അനധികൃതമായി പൊതുസ്ഥലം കൈയേറിയ ബിനാമികളും കാസർകോട് നഗരത്തിലുണ്ടെന്നാണ് പൊതുജനങ്ങളുടെ ആക്ഷേപം. കച്ചവടക്കാർക്ക് കടമുറികൾ വാടകക്ക് കൊടുക്കുമ്പോൾ ജനങ്ങൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലം കൊടുക്കുന്നില്ല. എല്ലാവാഹനങ്ങളും അലക്ഷ്യമായി പാർക്ക് ചെയ്യുന്ന അവസ്ഥയാണ്. മറ്റുള്ള നഗരങ്ങളിലെല്ലാം പ്രത്യേക പാർക്കിങ് സൗകര്യം ഏർപ്പെടുത്തുന്ന അവസ്ഥയുണ്ട്. വാഹനം പറ്റുന്നിടത്ത് പാർക്ക് ചെയ്ത് പോയിവരുമ്പോഴേക്കും പൊലീസുകാർ കണ്ടാൽ ഫൈൻ ഈടാക്കുകയും ചെയ്യുന്നു. ജനങ്ങൾ നഗരത്തിൽ കുടുംബസമേതം വന്നുകഴിഞ്ഞാൽ തോന്നുന്നിടത്ത് പാർക്ക് ചെയ്യേണ്ട അവസ്ഥയാണ്.
മറ്റ് പലനഗരങ്ങളിലും പാർക്കിങ്ങിന് പൊതുവായ സ്ഥലം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ല ആസ്ഥാനമായ ഏറെ തിരക്കുള്ള കാസർകോട് നഗരത്തിൽ അതിനുള്ള സ്ഥലം ഏർപ്പെടുത്തിയിട്ടില്ല എന്നത് വലിയൊരു പോരായ്മയാണെന്ന് പറയാതെവയ്യ.
പുതിയ സ്റ്റാൻഡിനെ ചുറ്റി മൂന്ന് ഓട്ടോ സ്റ്റാൻഡാണ് നഗരത്തിൽ നിലവിലുള്ളത്. ഒന്ന് ടാക്സി സ്റ്റാൻഡിനടുത്തും രണ്ടാമത്തേത് പാലം പൊളിച്ചസ്ഥലത്തും പിന്നെ സെഞ്ചുറി ഹോട്ടലിന് മുന്നിലും. ഇവിടങ്ങളിലൊന്നും പൊതുജനങ്ങൾക്ക് വാഹനം പാർക്ക് ചെയ്യാൻ പറ്റില്ല. അതിനവർ സമ്മതിക്കുകയുമില്ല. ഈ ഓട്ടോ പാർക്കിങ് പാലം പൊളിച്ച സ്ഥലത്തുനിന്ന് മാറ്റിയെങ്കിൽ അവിടെ പൊതുജനങ്ങൾക്കും ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ വരുന്നവർക്കും തങ്ങളുടെ വാഹനങ്ങൾ വൃത്തിയായി പാർക്ക് ചെയ്യാൻപറ്റുമെന്ന് നഗരത്തിലെത്തുന്ന ജനങ്ങൾ പറയുന്നുണ്ട്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.