പദവികളല്ല, നിലപാടാണ് കോൺഗ്രസ് വിടാൻ കാരണം- സി.കെ. ശ്രീധരൻ
text_fieldsകാസർകോട്: പദവികളല്ല, നിലപാട് തന്നെയാണ് കോൺഗ്രസ് വിടാൻ പ്രേരിപ്പിച്ചതെന്ന് കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ സി.കെ. ശ്രീധരൻ. കെ. കേളപ്പനും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും നയിച്ച കോൺഗ്രസ് പാർട്ടിയുടെ ഇപ്പോഴത്തെ തലവൻ ആർ.എസ്.എസിന് സംരക്ഷണം കൊടുത്തുവെന്നു പറഞ്ഞ് അഭിമാനിക്കുന്നത് നാണക്കേടാണെന്നും പാർട്ടിയുടെ പ്രഖ്യാപിത നിലപാടിൽനിന്നുള്ള പിന്മാറ്റമാണിതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. കോൺഗ്രസ് വിടാതിരിക്കാൻ മുതിർന്ന നേതാക്കളെല്ലാം ബന്ധപ്പെട്ടതായും സി.പി.എമ്മിൽ ചേരാൻ നിശ്ചയിച്ച സ്ഥിതിക്ക് ഒരു നേതാവിന്റെയും പേരുപറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കെ.പി.സി.സി പുനഃസംഘടനയിൽ പുറത്താവേണ്ടി വന്നുവെന്നതിന്റെ പേരിലല്ല പാർട്ടി വിടുന്നത്. അത്തരമൊരു പ്രചാരണം ശരിയല്ല. വർഗീയതയെ നേരിടുന്നതിൽ കോൺഗ്രസ് വൻ പരാജയമാണ്. നെഹ്റുവിനെ പോലും ആർ.എസ്.സുമായി കൂട്ടിക്കെട്ടിയാണ് കെ.പി.സി.സി പ്രസിഡന്റ് സംസാരിക്കുന്നത്. പലതവണയാണ് ആർ.എസ്.എസിനെ വെള്ളപൂശുന്ന തരത്തിൽ അദ്ദേഹം പരാമർശം നടത്തിയതെന്നും അതൊന്നും നാക്കുപിഴയായി കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറെ ഉപയോഗിച്ച് സംസ്ഥാന ഭരണത്തെ അട്ടിമറിക്കാൻ ആർ.എസ്.എസ് ശ്രമിക്കുകയാണ്. ഈ ഗവർണറെ പിന്തുണക്കുകയാണ് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചെയ്യുന്നത്. ദേശീയതലത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടിന് വിരുദ്ധമാണിത്.
അങ്ങനെ ഏത് നിലക്ക് പരിശോധിച്ചാലും ഫാഷിസത്തെ എതിർക്കുന്നതിൽ കോൺഗ്രസ് പരാജയമാണെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് നാലര പതിറ്റാണ്ട് നീണ്ട കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മുമായി സഹകരിച്ചു പോവാൻ തീരുമാനിച്ചത്. ശനിയാഴ്ച കാഞ്ഞങ്ങാട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുക്കുന്ന ചടങ്ങിൽ ഒട്ടേറെ പ്രവർത്തകരും തനിക്കൊപ്പം സി.പി.എമ്മിൽ ചേരുമെന്നും സി.കെ. ശ്രീധരൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.