ഉത്സവാന്തരീക്ഷത്തിൽ രണ്ടാം വന്ദേ ഭാരത് സർവിസിന് തുടക്കം
text_fieldsകാസർകോട്: രണ്ടാമത് വന്ദേ ഭാരതും കാസർകോടിന്റെ മണ്ണിൽനിന്നു പ്രയാണം തുടങ്ങിയത് ഉത്സവാന്തരീക്ഷത്തിൽ. യാത്രാ സൗകര്യങ്ങളുടെ അഭാവം ഏറെ അനുഭവിക്കുന്ന കാസർകക്കോട്ടുകാർക്ക് ഏറെ സന്തോഷം നൽകുന്നതാണ് വന്ദേ ഭാരതിന്റെ വരവ്. ആദ്യ വന്ദേ ഭാരത് കാസർക്കോടുനിന്ന് തിരുവനന്തപുരത്തേക്ക് ഏതാനും മാസം മുമ്പ് യാത്ര തുടങ്ങിയതും ആഘോഷപ്പൊലിമക്കിടയിലായിരുന്നു. രണ്ടാമത് വന്ദേ ഭാരതിന്റെ വരവും കാസർകോടിന്റെ മനസ്സ് ചേർത്തുപിടിച്ചുവെന്നതിന്റെ തെളിവാണ് ഫ്ലാഗ്ഓഫ് ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഞായറാഴ്ച കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ജനക്കൂട്ടം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിലൂടെയാണ് രണ്ടാമത് വന്ദേ ഭാരത് നാടിന് സമർപ്പിച്ചത്. കാസർകോട് റെയിൽവേ സ്റ്റേഷന്റെ ഒന്നാമത്തെ പ്ലാറ്റ് ഫോമിൽ ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, റെയിൽവേയുടെ സംസ്ഥാന ചുമതല വഹിക്കുന്ന മന്ത്രി വി.അബ്ദുറഹ്മാൻ, രാജ് മോഹൻ ഉണ്ണിത്താൻ എം.പി എന്നിവർ സംസാരിച്ചു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ, കാസർകോട് നഗരസഭ ചെയർമാൻ അഡ്വ.വി.എം. മുനീർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, നേതാക്കളായ പി.കെ. കൃഷ്ണകുമാർ, കെ. രഞ്ജിത്ത്, അഡ്വ.കെ. ശ്രീകാന്ത്, ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ
ബി.ജെ.പി നേതാക്കളായ ജനപ്രതിനിധികള്‍, യാത്രക്കാര്‍, റെയില്‍വേ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന് മാറ്റുകൂട്ടി ബാൻഡ് മേളവും വിവിധ കലാപരിപാടികളും അരങ്ങേറി.ആദ്യത്തേതിൽനിന്ന് വ്യത്യസ്തമായി രാവിലെ ഏഴിനാണ് രണ്ടാമത്തെ വന്ദേഭാരത് കാസർകോട്ടുനിന്ന് പുറപ്പെടുന്നത്. 7.55ന് ട്രെയിൻ കണ്ണൂരും 8.57ന് കോഴിക്കോടും എത്തും. തിരൂർ- 9.22, ഷൊർണൂർ -9.58, തൃശുർ -10.38, എറണാകുളം -11.45, ആലപ്പുഴ -12.32, കൊല്ലം -1.40, തിരുവനന്തപുരം 3.05. തിരിച്ച് വൈകീട്ട് 4.05ന് ട്രെയിൻ തിരുവനന്തപുരത്തുനിന്ന് കാസർക്കോടേക്ക് പുറപ്പെടും. രാത്രി 9.23ന് കോഴിക്കോടും 10.24ന് കണ്ണൂരും എത്തുന്ന ട്രെയിന്റെ ഓട്ടം രാത്രി 11.58ന് കാസർകോട്ട് അവസാനിക്കും.
ചാർജ് ഇങ്ങനെ
ചെയർകാറിന് 445 രൂപയും എക്സിക്യുട്ടീവ് ചെയർകാറിന് 840 രൂപയുമാണ് കാസർക്കോടുനിന്ന് കണ്ണൂർ വരെയുള്ള ടിക്കറ്റ് നിരക്ക്. 1,555രൂപയാണ് കാസർകോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള ചെയർകാർ നിരക്ക്. എക്സിക്യൂട്ടീവ് ചെയർകാറിൽ 2,835 രൂപയാകും ടിക്കറ്റ് നിരക്ക്. എട്ടുമണിക്കൂറും അഞ്ചു മിനിറ്റുമാണ് കാസർകോട്ടുനിന്ന് തിരുവനന്തപുരത്ത് എത്താൻ എടുക്കുന്ന സമയം.
മടക്കയാത്രയിൽ കാഞ്ഞങ്ങാട്ട് സ്റ്റോപ് അനുവദിച്ചേക്കും
കാഞ്ഞങ്ങാട്: രണ്ടാം വന്ദേ ഭാരതിന്റെ മടക്കയാത്രയിൽ കാഞ്ഞങ്ങാട്ട് സ്റ്റോപ് അനുവദിച്ചേക്കുമെന്ന് സൂചന. ഫ്ലാഗ് ഓഫ് ചടങ്ങിന് കാസർക്കോട്ടെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരൻ ഇത് സംബന്ധിച്ച് നടപടി പരിശോധിക്കാമെന്ന് കാഞ്ഞങ്ങാട് ഡെവലപ്മെന്റ് ഫോറം ഭാരവാഹികൾക്ക് ഉറപ്പ് നൽകി. രണ്ടാം വന്ദേ ഭാരത് രാത്രി 12 മണിയോടെയാണ് കാസർകോട്ടെത്തുന്നത്. അവസാന സ്റ്റോപ്പിന് തൊട്ടുമുമ്പുള്ള സ്റ്റോപ് എന്ന നിലയിലും രാത്രി സമയമായതിനാലും കാഞ്ഞങ്ങാട്ട് സ്റ്റോപ് അനുവദിക്കുന്നത് വഴി റെയിൽവേക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും നേട്ടമാണുണ്ടാവുകയെന്നും ഡെവലപ്മെന്റ് ഫോറം ഭാരവാഹികൾ ധരിപ്പിച്ചു.
ഇത് പരിശോധിക്കാവുന്ന വിഷയമാണെന്ന് മന്ത്രി ഭാരവാഹികളോട് പറഞ്ഞു. കോവിഡ് കാലത്ത് നിർത്തലാക്കിയ മംഗള ലക്ഷദീപ് എക്സ്പ്രസിന്റെയും ഗാന്ധി ധാം എക്സ് പ്രസിെന്റയും സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നും ഭാരവാഹികൾ മന്ത്രിയോട് അഭ്യർഥിച്ചു. ഡെവലപ്മെന്റ് ഭാരവാഹികളായ കെ.പി. മോഹനൻ, കെ. മുഹമ്മദ് കുഞ്ഞി, പി.എം. അബ്ദുൽ നാസർ, സ്റ്റീഫൻ ജോസഫ് അബ്ദുൽ സത്താർ, ടി.ആർ. രാജീവൻ തുടങ്ങിയവർ മന്ത്രിയെയും ഉദ്യോഗസ്ഥരെയും കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.