സുഗതകുമാരി നട്ട 'പയസ്വിനി'യുടെ തണൽ ഇനി കുട്ടികൾക്ക്
text_fieldsകാസർകോട്: പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് തലയുയർത്തി നിൽക്കുന്ന 'പയസ്വിനി' മാവ് ഇനിയും പൂക്കും കായ്ക്കും. ദേശീയപാത വികസനത്തിന്റെ ഭാഗമായി നഷ്ടപ്പെടുമെന്ന് കരുതിയ മാവ് സ്കൂൾ മുറ്റത്തേക്ക് മാറ്റിനടും. താളിപ്പടുപ്പ് അടുക്കത്ത് ബയല്‍ സ്‌കൂള്‍ അങ്കണത്തിലേക്കാണ് മാവ് മാറ്റുന്നത്. ശാസ്ത്രീയമായി മാറ്റിനടുന്നതിനുള്ള പ്രവൃത്തിയിലാണ് ദേശീയപാത നിർമാണ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി.
മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി നട്ടതാണ് 'പയസ്വിനി' മാവ്. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ തണല്‍മരങ്ങള്‍ സംരക്ഷിക്കാൻ നടന്ന പരിപാടിയുടെ ഭാഗമായി 2006 ഡിസംബറിലാണ് തൈ നട്ടത്. പയസ്വിനിയെന്ന പേരിട്ടതും കവയിത്രി തന്നെ. ഏറെ ശാഖകളുള്ള മാവ് പതിവ് തെറ്റാതെ ഈവർഷവും പൂത്തു. അനേകം മാമ്പഴവും നാടിന് സമ്മാനിച്ചു.
ദേശീയപാത വികസനത്തിന് എല്ലാ മരങ്ങളും മുറിച്ചുമാറ്റുന്ന വേളയിൽ നിറയെ പൂത്ത മാവ് മുറിക്കാൻ തൊഴിലാളികൾക്ക് മനസ്സുവന്നില്ല. മാമ്പഴക്കാലമങ്ങ് കഴിയട്ടെ എന്ന നിലക്ക് ഇതു മാത്രം മുറിക്കാതെ നിലനിർത്തി. പാത നിർമാണത്തിന് മാവ് ഒഴിവാക്കിയേ പറ്റൂ. ഒടുവിലാണ് മറ്റൊരിടത്തേക്ക് മാറ്റി നടാൻ തീരുമാനിച്ചത്. ചൊവ്വാഴ്ച മാറ്റിനടുന്നതിനുള്ള പ്രവൃത്തി തുടങ്ങി. മരത്തിന് ചുറ്റും ഒന്നര മീറ്റര്‍ അകലമിട്ട് രണ്ട് മീറ്റര്‍ ആഴത്തില്‍ കുഴിക്കാൻ തുടങ്ങി. വേരുകളിരിക്കുന്ന മണ്‍കട്ട അനങ്ങാതിരിക്കാൻ കുഴിയെടുത്ത വശങ്ങളില്‍ പ്ലൈവുഡ് ഫ്രെയിമുകള്‍ ഉറപ്പിച്ച് ബോക്‌സ് ആക്കും. മാവിന്റെ വലിയ ശാഖകള്‍ മുറിച്ചുമാറ്റി പൂപ്പല്‍ബാധ തടയുന്നതിനായി പ്രത്യേക മിശ്രിതം പുരട്ടും. ബുധനാഴ്ച രാവിലെ 10നാണ് മാറ്റിനടൽ. ക്രെയിന്‍ ഉപയോഗിച്ച് വാഹനത്തില്‍ സ്കൂളിലെത്തിക്കും.
കേരള വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിൽനിന്നുള്ള മാർഗനിർദേശ പ്രകാരം കാസർകോട് സാമൂഹിക വനവത്കരണ വകുപ്പും വനം വകുപ്പുമാണ് നേതൃത്വം നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.