ഒപ്പുമരച്ചുവട് ഇനി ഓർമ
text_fieldsകാസർകോട്: അതിജീവന പോരാട്ടങ്ങളുടെ ആ മരച്ചുവട് ഇനി ഓർമയിൽ മാത്രം. എൻഡോസൾഫാൻ ദുരിതബാധിതരുടെ പോരാട്ടങ്ങളുടെ നേർസാക്ഷ്യമായി തലയുയർത്തിനിന്ന മരത്തണൽ മാഞ്ഞു. ദേശീയപാത വികസനത്തിന്റെ ഭാഗമായി കാസർകോടിെൻറ ഒപ്പുമരത്തിനും മഴുവീണു.
ചൊവ്വാഴ്ച രാവിലെയാണ് പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ ഒപ്പുമരം മുറിച്ചുമാറ്റിയത്. ദേശീയപാത വികസനത്തിൻെറ ഭാഗമായി നിർമിക്കുന്ന മേൽപാലത്തിനുവേണ്ടിയാണ് മരങ്ങൾ വെട്ടിയത്. കറന്തക്കാട് മുതൽ നുള്ളിപ്പാടി വരെ നിർമിക്കുന്ന മേൽപാലത്തിെൻറ ഭാഗമായി പാതയോരത്തെ മുഴുവൻ മരങ്ങളും മുറിച്ചു.
വർഷങ്ങൾക്കുമുമ്പ് നട്ട കൊന്നമരമാണിത്. എൻഡോസൾഫാൻ ദുരിതബാധിതരുടെ അവകാശങ്ങൾക്കായി പോരാടിയ എൻവിസാജ് എന്ന പരിസ്ഥിതി സംഘടനയാണ് 'ഒപ്പുമരം' എന്ന പേരിനു പിന്നിൽ.
2011ഏപ്രിലിൽ നടന്ന സ്റ്റോക് ഹോം കൺവെൻഷനിൽ എൻഡോസൾഫാൻ രാജ്യാന്തര തലത്തിൽ നിരോധിച്ചതിനെ തുടർന്നാണ് സമരങ്ങളുടെ തുടക്കം. ഒരുനാടിനുമേൽ വിഷമഴ വർഷിച്ച കീടനാശിനി ഇവിടെയും നിരോധിക്കണം എന്നാവശ്യപ്പെട്ട് 2011 ഏപ്രിൽ ആറിന് ഒപ്പുചാർത്തൽ സമരം തുടങ്ങി. മരത്തിൽ വെളുത്ത തുണികെട്ടി അതിൽ നിറയെ ഒപ്പുചാർത്തുകയായിരുന്നു ആ സമരരീതി. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും സ്ത്രീകളും കുട്ടികളും തുടങ്ങി കാസർകോട്ടെത്തുന്നവരെല്ലാം ഒപ്പിട്ട് പ്രതിഷേധം അറിയിച്ചു.
അങ്ങനെയാണ് ഒപ്പുമരമെന്ന പേരുവീണത്. പ്രതിഷേധ കത്തുകൾ അയക്കാൻ തപാൽപെട്ടിയും മരത്തിൽ സ്ഥാപിച്ചു. എൻഡോസൾഫാൻ നിരോധനത്തിനും തുടർന്ന് സുപ്രീംകോടതി ഇടപെടലിലുമെല്ലാം നയിച്ച സമരങ്ങൾക്ക് ഒപ്പുമരത്തണൽ വേദിയായി. അന്നുമുതൽ നഗരത്തിലെ എല്ലാ സമരങ്ങളുടെയും കേന്ദ്രവും ഇവിടെയായി. ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരം 500 ദിവസമാണ് പിന്നിട്ടത്. ഭെൽ-ഇ.എം.എൽ കമ്പനി അടച്ചുപൂട്ടിയപ്പോൾ ജീവനക്കാരും മാസങ്ങൾ നീണ്ട സമരം നടത്തി. ഇങ്ങനെ പത്തുവർഷത്തിലധികം നീണ്ട പോരാട്ടവേദിയാണ് ചരിത്രത്തിലേക്ക് വഴിമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.