സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കലാ ട്രൂപ് ഒരുങ്ങി
text_fieldsകാസർകോട്: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ കലാഭിരുചിയുള്ളവര്‍ക്ക് വേദികള്‍ ഒരുക്കുകയാണ് കലാക്ഷേത്ര. സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കലാട്രൂപ്പിലെ 12 പേരാണ് അരങ്ങേറ്റത്തിന് തയാറെടുക്കുന്നത്. ഒക്ടോബര്‍ 25ന് കലാക്ഷേത്രയുടെ കലാകാരന്മാരുടെ അരങ്ങേറ്റം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ മുഖ്യധാരയിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തയാറാക്കിയ പദ്ധതിയിലൂടെയാണ് ഇവരുടെ കലാപരമായ കഴിവുകള്‍ക്ക് സാധ്യതതെളിയുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കൊപ്പം ജീവനക്കാരും നിര്‍വഹണ ഉദ്യോഗസ്ഥരും പൂര്‍ണപിന്തുണയോടെ ഒപ്പം ചേര്‍ന്നപ്പോഴാണ് സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കലാ ട്രൂപ് കലാക്ഷേത്ര രൂപംകൊള്ളുന്നത്.
ട്രാന്‍സ്ജെന്‍ഡര്‍ കലാ ട്രൂപ് രൂപവത്കരണത്തിനും കലാമേളക്കും ധനസഹായം എന്ന പദ്ധതി 2021-22 സാമ്പത്തിക വര്‍ഷമാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ മൂന്നുലക്ഷം രൂപ ചെലവഴിച്ച് കലാക്ഷേത്ര രൂപീകരിക്കുകയും 2021ലെ ഓണത്തോടനുബന്ധിച്ച് 'ഓണനിലാവ്' എന്ന പേരില്‍ ഓണ്‍ലൈന്‍ കലാമേള സംഘടിപ്പിക്കുകയും ചെയ്തു.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ആര്‍.എല്‍.വി.ബാബു (ചാരുലത) എന്ന കലാപ്രതിഭയാണ് ട്രൂപ്പിന് പരിശീലനം നല്‍കിയത്. 30 ദിവസം നീണ്ടുനിന്ന പരിശീലനത്തില്‍ 12 അംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കിയത്. അഷ്ടലക്ഷ്മി പുഷ്പാഞ്ജലി, നാടോടി നൃത്തം, സിനിമാറ്റിക് ഡാന്‍സ്, കാസര്‍കോടിന്റെ തനത് കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള നൃത്തശിൽപം മറ്റു ഇതര കലാപരിപാടികള്‍ എന്നിവക്കാണ് പരിശീലനം നല്‍കിയത്.
പരിശീലന സമയത്ത് മുഴുവന്‍ അംഗങ്ങള്‍ക്കും ഭക്ഷണം, യാത്രചെലവ്, ചമയം, നൃത്തശിൽപത്തിനുള്ള പാട്ട് നിർമാണം, പരിശീലനത്തിനുള്ള ഹാള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.