ഇതുപോലൊരു പേരും പെരുമയും ലോകത്ത് മറ്റൊരു മാവിനുണ്ടാകില്ല
text_fieldsകാസർകോട്: മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനു മുന്നിലെ മാവ് നാട്ടുകാർക്കിന്ന് വെറുമൊരു നാട്ടുമാവല്ല. മൊഗ്രാലിെൻറ മാമ്പഴപ്പെരുമയുടെ പ്രതീകമാണ്. ഇൗ മാമ്പഴത്തിെൻറ രുചിയൊന്ന് വേറെതന്നെയാണെന്നാണ് നാട്ടുകാരുടെ സത്യസാക്ഷ്യം. രുചിയിലും വലുപ്പത്തിലും മൊഗ്രാലിെൻറ മധുരമായാണ് ഇതറിയപ്പെടുന്നത്. ദേശീയപാത വികസനത്തിെൻറ ഭാഗമായി മാവ് മുറിച്ചുമാറ്റാൻ പോകുന്നുവെന്നതാണ് പ്രദേശത്ത് ഇപ്പോഴത്തെ ചൂടുള്ള ചർച്ച. ദേശീയപാത വികസനത്തിൽ വീടും പുരയിടവുമൊക്കെ നഷ്ടപ്പെടുന്ന വിശേഷങ്ങൾ ഏറെ കേൾക്കാറുണ്ടെങ്കിലും ഒരു മാവിനെ ചൊല്ലി ഇത്രയും വലിയ വിശേഷങ്ങൾ അപൂർവമാകും. സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് മാവിനെക്കുറിച്ച് നടക്കുന്നത്.
ഒരൊറ്റ കാര്യമാണ് നാട്ടുകാർക്ക് പറയാനുള്ളത്. ഇൗ മാവ് അടിയന്തരമായി സംരക്ഷിക്കണമെന്ന്.
തൂക്കത്തിലും രുചിയിലും കേമൻ
തൂക്കത്തിലും രുചിയിലും മറ്റു മാമ്പഴങ്ങളെ കവച്ചുവെക്കുന്നതാണെന്ന് സാമൂഹിക പ്രവർത്തകനും ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ എം.എ. മൂസ പറയുന്നു. മാമ്പഴത്തിെൻറ തനത് രുചി തെക്കുനിന്ന് ഇവിടെയെത്തുന്ന ഒേട്ടറെപേർ സാക്ഷ്യപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. രുചിയിൽ മാത്രമല്ല തൂക്കത്തിലും മറ്റു മാമ്പഴങ്ങളേക്കാൾ മുന്നിലാണിത്. രണ്ടു മാങ്ങ ഒരുകിലോയിലധികം വരും. കിലോക്ക് 150 രൂപക്കാണ് വിറ്റുപോയത്. മാമ്പഴം പറിക്കുന്ന കരാറുകാരന് മാർക്കറ്റിലേക്ക് കൊണ്ടുപോവേണ്ടി വരാറില്ല. മാവിൻ ചുവട്ടിൽ വെച്ചുതന്നെ വിറ്റുപോവും. മല്ലിക പോലുള്ള മാങ്ങ ഇനത്തിന് 80 രൂപ വിലയുള്ളിടത്താണ് ഇതിന് 150 രൂപക്ക് വാങ്ങാൻ ആളെ കിട്ടുന്നതെന്നതാണ് ആശ്ചര്യകരമെന്നും പ്രദേശവാസികൾ പറഞ്ഞു. നാട്ടുകാരൻ കെ. മുഹമ്മദ് ഷാഫിയാണ് മാവ് പാട്ടത്തിനെടുത്തത്. കോവിഡ് കാലത്തായിട്ടുപോലും മണിക്കൂറുകൾക്കകമാണ് മാമ്പഴം വിറ്റുപോയത്.
വേറെയെവിടെയും ഇല്ലാത്ത മാവ് –ഫേസ്ബുക്ക് കൂട്ടായ്മ
മൊഗ്രാലിലേതുപോലുള്ള മാവ് വേറെയെവിടെയും ഉണ്ടാവില്ലെന്നും വിത്തിലൂടെ മുളച്ചുവരുന്ന മാവല്ല ഇതെന്നും 'നാടൻ മാവുകൾ ഫേസ്ബുക്ക് കൂട്ടായ്മ' പ്രവർത്തകർ പറയുന്നു. കേരളത്തിലെ വിവിധ ജില്ലകളിലെ കർഷകരും കാർഷിക വിദ്ഗധരും ഉൾപ്പെടുന്ന കൂട്ടായ്മയിൽ 31000ലേറെ അംഗങ്ങൾ ഉണ്ടെന്ന് അഡ്മിൻ സഖിൽ രവീന്ദ്രൻ പറഞ്ഞു. കേരളത്തിലെ വിവിധ മാവുകൾ ചർച്ച ചെയ്യുന്നതാണ് ഇൗ കൂട്ടായ്മ. ഒരിടത്തും ഇതുപോലുള്ള മാവില്ലെന്നാണ് കൂട്ടായ്മ അംഗങ്ങൾ പറയുന്നത്.
മാവ് സംരക്ഷണ വഴിതേടി ഒടുവിൽ പഞ്ചായത്തും
കാസർകോട്: മാവിെൻറ സവിശേഷത ഉൾക്കൊണ്ട് വിഷയത്തിൽ ഇടപെട്ടതായി മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഷമീറ ഫൈസൽ 'മാധ്യമ'ത്തോട് പറഞ്ഞു.
ഇത്രയും പ്രത്യേകതയുള്ള മാമ്പഴമാണിതെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും മാങ്ങയുടെ രുചി നിലനിർത്താൻ എന്തുചെയ്യാൻ പറ്റുമെന്നത് ഗൗരവമായി എടുത്തതായും അവർ പറഞ്ഞു. കാസർകോട് തോട്ടവിള ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞരുമായി വിഷയം ചർച്ച ചെയ്തു. അടുത്ത ദിവസം തന്നെ അവർ മാവ് കാണാനെത്തും. ദേശീയപാത വികസനത്തിെൻറ ഭാഗമായി മാവ് മുറിച്ചുമാറ്റുമെന്നാണ് അറിയുന്നത്.
മാങ്ങയുടെ അതേ രുചി നിലനിർത്താൻ ബഡിങ്, ഗ്രാഫ്റ്റിങ് തുടങ്ങി ഏതെങ്കിലും രീതി ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ മുൻനിര ഗവേഷണ കേന്ദ്രം കൂടിയായ തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ ഇതെല്ലാം പരിശോധിക്കുമെന്നും അവർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.