തെരുവുനായ് പ്രശ്നത്തിന് പരിഹാരം കാണണം – കാസർകോട് ജില്ല വികസനസമിതി യോഗം
text_fieldsകാസർകോട്: ജില്ലയിലെ തെരുവുനായ് ശല്യം വർധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ ജില്ല വികസന സമിതി യോഗം ആവശ്യപ്പെട്ടു.
•പരപ്പച്ചാല്‍ പാലത്തിന്റെ തകര്‍ന്ന കൈവരി ഒക്ടോബര്‍ 15നകം പുനസ്ഥാപിക്കുമെന്ന് പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം എക്സി.എൻജിനീയര്‍ അറിയിച്ചു. കോളിച്ചാല്‍-ചെറുപുഴ മലയോര ഹൈവേയില്‍ കാറ്റാംകവലയില്‍ കഴിഞ്ഞ കാലവര്‍ഷത്തില്‍ ഇടിഞ്ഞു പോയ ഭാഗം പുനര്‍നിർമിക്കും. സുരക്ഷ മുന്‍കരുതല്‍ സ്വീകരിച്ച് മഴയുടെ ശക്തി കുറയുന്നതോടെ പ്രവൃത്തി ആരംഭിക്കും. അപകടങ്ങള്‍ ഒഴിവാക്കാന്‍ താൽക്കാലിക സംവിധാനങ്ങള്‍ ഒരുക്കുമെന്ന് കെ.ആര്.എഫ്.ബി എക്സി. എൻജിനീയര്‍ അറിയിച്ചു.
•പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രദേശത്ത് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിന് പുഴയില്‍ നീരൊഴുക്ക് കൂടുന്ന സമയത്ത് ഷട്ടര്‍ പൂർണമായി ഉയര്‍ത്തുമെന്ന് ഇറിഗേഷന്‍ എക്സി.എൻജിനീയര്‍ അറിയിച്ചു.
•മട്ടലായികുന്ന് ക്ഷേത്ര ഭാഗങ്ങളില്‍ അനധികൃത മണ്ണ് ഖനനം നടത്തിയ സ്ഥലം റവന്യൂ, മൈനിങ് ജിയോളജി വിഭാഗങ്ങള്‍ സംയുക്ത പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം ഉടമകള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ജിയോളജിസ്റ്റ് അറിയിച്ചു.
പാണത്തൂര്‍-സുള്ള്യ ബസ് സർവിസ് പുനരാരംഭിക്കും
കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ പാണത്തൂര്‍-സുള്ള്യ ബസ് സർവിസുകളില്‍ ഒരെണ്ണം ഉടന്‍ പുനരാരംഭിക്കുമെന്ന് ജില്ല ട്രാൻസ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. മലയോരത്തെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന്, നിര്‍ത്തലാക്കിയ മുഴുവന്‍ ബസ് സർവിസുകളും പുനരാരംഭിക്കണമെന്ന് ഇ. ചന്ദ്രശേഖരന് എം.എല്‍.എ ആവശ്യപ്പെട്ടു.
•ജില്ലയില്‍ വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എക്സൈസ്, പൊലീസ് വിഭാഗങ്ങള്‍ കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അതിര്‍ത്തി ജില്ലയായതിനാല്‍ ഈ വിഷയം വളരെ ഗൗരവത്തോടെ കാണണമെന്നും എം.എല്‍.എ പറഞ്ഞു.
•കാസര്‍കോട് വികസന പാക്കേജില്‍ നിർമിച്ച കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ കോര്‍ട്ട് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് സ്പോർട്സ് കൗണ്‍സിലിനോട് ജില്ല കലക്ടര്‍ നിര്‍ദ്ദേശിച്ചു.
•കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്ക്വയറില്‍ അനധികൃതമായി സ്ഥാപിച്ച ഭക്ഷണശാലകള്‍ പൊളിച്ചു നീക്കണം. 27ന് കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറി ഹിയറിങ് നടത്തും. ഡി.ടി.പി.സിയുമായുള്ള കരാര്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുവാനും കലക്ടര്‍ നിര്‍ദ്ദേശം നല്കി.
•പട്ടികവർഗ പ്രൊമോട്ടര്‍മാര്‍ പുതിയ പട്ടിക തയാറാക്കി തഹസില്‍ദാര്‍മാര്‍ക്ക് കൈമാറാനും പട്ടയ പ്രശ്നത്തില്‍ നടപടി സ്വീകരിച്ച് അറിയിക്കാനും ജില്ല കലക്ടര്‍ നിര്‍ദ്ദേശം നല്കി. ഇതിനായി രണ്ടാഴ്ചക്കകം യോഗം ചേരും.
•കടൽക്ഷോഭം രൂക്ഷമായ കോയിപ്പാടി കടപ്പുറത്ത് 300 മീറ്റര്‍ നീളത്തില്‍ ജിയോബാഗ് സംരക്ഷണം ഒരുക്കും. കോയിപ്പാടി, പെര്‍വാര്‍ഡ് കടപ്പുറങ്ങളില്‍ 2.7 കിലോമീറ്റര്‍ നീളത്തില്‍ ടെട്രാപാഡ് ഉപയോഗിച്ചുള്ള സംരക്ഷണത്തിന് ലോക ബാങ്ക് ഫണ്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നിർദേശം സമര്‍പ്പിച്ചിട്ടുണ്ട്. നാങ്കി, കൊപ്പളം ഗാന്ധിനഗര്‍ എന്നിവിടങ്ങളിലും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് എ.കെ.എം. അഷറഫ് എം.എല്‍.എ പറഞ്ഞു.
•കേരള ആര്.ടി.സിയില്‍ മംഗലാപുരം വരെ പോകുന്ന വിദ്യാർഥികള്‍ക്ക് 50 ശതമാനം യാത്ര ഇളവ് നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കെ.എസ്.ആര്.ടി.സി മാനേജിങ് ഡയറക്ടര്‍ക്കും മോട്ടര്‍ വാഹന വകുപ്പ് കമീഷണര്‍ക്കും പ്രത്യേകം കത്ത് നല്‍കിയിട്ടുണ്ടെന്ന് ജില്ല കൽക്ടര് അറിയിച്ചു.
•മംഗല്പാടി താലൂക്ക് ആശുപത്രിയില്‍ എക്സ്റേ മെഷീന് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഉപയോഗ ശൂന്യമായ കെട്ടിടം ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊളിച്ചു മാറ്റിയിട്ടുണ്ടെന്നും ഡി.എം.ഒ അറിയിച്ചു.
•കുടുംബശ്രീ ഉത്തര മേഖല പരിശീലന കേന്ദ്രത്തിന് ജില്ലയില്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് മടിക്കൈ പഞ്ചായത്തില്‍ പദ്ധതി നടപ്പിലാക്കാനായി ഭൂമി നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് പറഞ്ഞു.
•കേന്ദ്രീയ വിദ്യാലയം സ്ഥാപിച്ച കാഞ്ഞങ്ങാട് ഗുരുവനം വഴി ബസ് റൂട്ട് അനുവദിക്കണമെന്നും വാഹനീയം അദാലത്തില്‍ ഗതാഗതമന്ത്രി ഉത്തരവ് നല്കിയ പടന്നക്കാട് നെഹ്റു കോളജ് ബസ് സ്റ്റോപ്പില്‍ ടൗണ്‍ ടു ടൗണ്‍ ബസുകള്‍ നിര്‍ത്താത്തത് ഗൗരവമായി പരിഗണിക്കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഈ വിഷയങ്ങള്‍ ആര്.ടി.എ യോഗത്തിൽ ചര്‍ച്ച ചെയ്യാനും തീരുമാനിച്ചു.
•ചെര്‍ക്കള ബസ് സ്റ്റാൻഡില്‍ ബസുകള്‍ കയറാത്തത് പരിശോധിക്കണമെന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ല വികസന സമിതി യോഗത്തില്‍ ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എ.കെ.എം. അഷ്റഫ്, എന്‍.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ല പ്ലാനിങ് ഓഫീസര്‍ എ.എസ്. മായ, വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.