പരപ്പയിൽ പട്ടാപ്പകൽ പന്നി ഓട്ടോറിക്ഷ തകർത്തു
text_fieldsനീലേശ്വരം: പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആളുകൾ പ്രാണരക്ഷാർഥം ഓടിരക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 10.30നാണ് കൂറ്റൻ കാട്ടുപന്നി പരപ്പ ടൗണിൽ ഭീതിപരത്തി തലങ്ങും വിലങ്ങും ഓടിയത്. ഇതിനിടയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്കുനേരെ പന്നിയുടെ ആക്രമണമുണ്ടായി. പരപ്പ തുറവക്കൽ ബെന്നിയുടെ ഓട്ടോറിക്ഷയെയാണ് പന്നി ആക്രമിച്ചത്. ആക്രമണത്തിൽ ഓട്ടോക്ക് കേടുപാട് സംഭവിച്ചു. രക്ഷപ്പെട്ട ബെന്നി ഓട്ടോയുമായി പരപ്പ വനംവകുപ്പ് ഓഫിസിലെത്തി പരാതി നൽകി.
ബെന്നി യാത്രക്കാരുമായി പോകുമ്പോൾ ക്ലായികോട്ട് എത്തിയപ്പോഴാണ് കാട്ടിൽനിന്ന് അതിവേഗം വന്ന പന്നി ഓട്ടോയെ ആക്രമിച്ച് ഓടിപ്പോയത്. ഭാഗ്യംകൊണ്ട് ഓട്ടോ മറിയാതെ പോയി. ഈ സമയം പരപ്പയിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചിരുന്നതിനാൽ വൻ അപകടം ഒഴിവായി. പരപ്പയിലും പരിസരങ്ങളിലും നാട്ടിലേക്കിറങ്ങുന്ന കാട്ടുപന്നികൾ ഭീഷണി ഉയർത്താൻ തുടങ്ങിയിട്ട് മാസങ്ങളായി.
പന്നിയുൾപ്പെടെയുള്ള കാട്ടുമൃഗങ്ങളുടെ ഭീഷണിയെ തുടർന്ന് പുലർച്ചെ റബർ ടാപ്പിങ്ങിന് പോകാൻ പോലും കർഷകർ ഭയക്കുകയാണ്. കാട്ടുമൃഗങ്ങളുടെ ഭീഷണിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത്, വനംവകുപ്പ് അധികൃതർക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.