തീക്കുഴിച്ചാലിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്
text_fieldsചെറുവത്തൂർ: പിലിക്കോട് ഗവ.ഹയർസെക്കൻഡറി സ്കൂളിന് സമീപം തീക്കുഴിച്ചാലിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ.
പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരിയുടെ നേതൃത്വത്തിൽ ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിന് നിവേദനം നൽകി.
നൂറ്റാണ്ടുകളായി നടന്നുവരുന്ന രയരമംഗലം ഭഗവതി ക്ഷേത്രത്തിൽനിന്നുള്ള ഏച്ചിക്കുളങ്ങര ആറാട്ട് കടന്നുപോകുന്നതിനും പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ യാത്രാസൗകര്യം തടസ്സപ്പെടാതിരിക്കാനും തീക്കുഴിച്ചാലിൽ അടിപ്പാത അനിവാര്യമാണെന്ന് നിവേദനത്തിൽ സൂചിപ്പിച്ചു.
പൂരോത്സവത്തിന്റെ ഭാഗമായുള്ള ഏച്ചിക്കുളങ്ങര ആറാട്ട് പിലിക്കോട് രയരമംഗലത്ത് നിന്നും എത്തുന്ന സ്ഥലമാണിവിടം. വിശ്വാസത്തിനപ്പുറം പിലിക്കോട്ടുകാർക്ക് പരസ്പരം ഒത്തുകൂടാനുള്ള വേദി കൂടിയാണിവിടം. അതിനാൽ ഈ പ്രദേശം നഷ്ടപ്പെടുത്താൻ ഇവിടെയുള്ളവർ തയാറല്ല. പിലിക്കോട് ഗവ.ഹയർ സെക്കൻഡറി വിദ്യാർഥികൾ കടന്നുപോകുന്ന സ്ഥലം കൂടിയാണിവിടം.
ഒപ്പം ഇടവേളകളിലും പരീക്ഷ സമയത്തും വായനക്കായി വിദ്യാർഥികൾ തിരഞ്ഞെടുക്കുന്നതും ഈ തണലുള്ള പ്രദേശത്തെയാണ്. അടിപ്പാത നിർമിച്ചാൽ നിലവിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും. അടിപ്പാതയുടെ ആവശ്യകത വിശദമാക്കിയുള്ള നിവേദനം ആറാട്ടുവഴി സംരക്ഷണ സമിതി ജനറൽ കൺവീനർ എം.പി. പദ്മനാഭനും കലക്ടർക്ക് സമർപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗം പി. രേഷ്ണ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. പ്രഭാകരൻ, അംഗം സി. ഭരതൻ, ആറാട്ടുവഴി സംരക്ഷണ സമിതി കൺവീനർ ടി. രാജൻ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.