ട്രെയിനിൽ മോഷണം; പ്രതി ആപ്പിൽ കുടുങ്ങി
text_fieldsകാസര്‍കോട്: മലബാർ എക്സ്പ്രസിൽ എറണാകുളം സ്വദേശിനിയുടെ സ്വര്‍ണവും പണവും മൊബൈല്‍ഫോണും കവര്‍ന്നയാൾ പിടിയിൽ. തമിഴ്നാട് തൂത്തുക്കുടി തിരുനെല്‍വേലിയിലെ ജെ. ജേക്കബിനെയാണ്(47) കാസര്‍കോട് റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോണിലെ 'ഫൈന്‍ഡ് മൈ ഫോണ്‍' എന്ന ആപ്പാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്.
എറണാകുളം സ്വദേശിനി ജെ. പൂര്‍ണശ്രീ എറണാകുളത്തുനിന്ന് പയ്യന്നൂര്‍ മണിയറയിലെ ഭര്‍ത്താവിന്റെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. കോഴിക്കോടിനും തലശ്ശേരിക്കും ഇടയിലാണ് കവര്‍ച്ച നടന്നത്.
ബര്‍ത്തില്‍ സൂക്ഷിച്ച ബാഗില്‍നിന്ന് പഴ്സ് എടുത്ത ശേഷം കുഞ്ഞിന്റെ മാല, അരഞ്ഞാണം, ബ്രേസ് ലെറ്റ് എന്നിവയടക്കം മൂന്നരപവന്‍ സ്വര്‍ണവും ഫോണും പണവും എടുത്ത് പഴ്സ് സീറ്റിനടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് പൂർണശ്രീ കൂടെയുമുണ്ടായിരുന്ന പിതാവ് എന്‍. ജയറാമിന്റെ ഫോണില്‍നിന്ന് അമേരിക്കയിലുള്ള ഭര്‍ത്താവ് ഗിരീഷിനോട് വിവരം പറഞ്ഞു.
ഗിരീഷ് അദ്ദേഹത്തിന്റെ ഫോണിലെ 'ഫൈന്‍ഡ് മൈ ഫോൺ' ആപ്പ് വഴി കാണാതായ ഫോൺ ട്രെയിനില്‍ തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തി. വണ്ടി കണ്ണൂരിലെത്തിയപ്പോൾ പൂർണശ്രീ റെയിൽവേ പൊലീസിനോട് സംഭവം പറഞ്ഞു. റെയിൽവേ പൊലീസ് ട്രെയിനില്‍ പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. തുടർന്ന് പൂര്‍ണശ്രീയും പിതാവും പയ്യന്നൂരില്‍ ഇറങ്ങി.
പൂർണശ്രീ ഭർത്താവിന്റെ സഹായത്തോടെ ലൊക്കേഷന്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഫോണ്‍ മൊഗ്രാല്‍പുത്തൂര്‍ ഭാഗത്തേക്ക് നീങ്ങുകയാണെന്ന് അറിഞ്ഞപ്പോൾ കാര്യം പൊലീസിനെ അറിയിച്ചു. മോഷ്ടാവ് ബസില്‍ മൊഗ്രാല്‍പുത്തൂര്‍ ഭാഗത്തേക്ക് പോവുകയാണെന്ന് മനസ്സിലാക്കി.
കാസര്‍കോട് ട്രാഫിക് പൊലീസിനെ അറിയിച്ചു. ഫോൺ ബസിൽ കൂടെ പോകുകയാണെന്ന് മനസ്സിലാക്കിയ പൊലീസ് ബസുകൾ നിരീക്ഷിച്ചു. എ.എസ്.ഐ വിനോദിന്റെ നേതൃത്വത്തില്‍ ബസ് തടഞ്ഞു മോഷ്ടാവിനെ പിടികൂടി റെയിൽവേ പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.