കാസർകോട്: പരിഹാരം ഏറെയുണ്ട്, യാത്രാ പ്രതിസന്ധി തീർത്തുതരണം
text_fieldsകാസർകോട്: റെയിൽവേ വികസന കാര്യത്തിൽ പിന്നാക്കാവസ്ഥയിലുള്ള കാസർകോട് ജില്ലയുടെ ആവശ്യങ്ങൾ കേന്ദ്ര സഹമന്ത്രി വി. മുരളീധരനു മുന്നിൽ നിരത്തി പരിഹാരത്തിനുള്ള വഴികൾ തേടുകയാണ് കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ. കഴിഞ്ഞ ദിവസം രണ്ടാം വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിന് മന്ത്രിയെത്തിയപ്പോഴാണ് നിവേദനം സമർപിച്ചത്.
ഉത്തര മലബാറിെന്റ യാത്രാപ്രതിസന്ധികൾ പരിഹരിച്ചുകിട്ടാൻ കേന്ദ്രസർക്കാറിലും റെയിൽവേ മന്ത്രാലയത്തിലും പല ഭാഗത്തുനിന്നും കാലാകാലങ്ങളായി സമ്മർദ്ദങ്ങളുണ്ടാവുന്നുണ്ട്. ഇതിെന്റ ഫലമായി ചില നേട്ടങ്ങൾ അടുത്തകാലത്തായി ജില്ലയെ തേടിയെത്തിയിട്ടുണ്ടെങ്കിലും ഒട്ടേറെ ആവശ്യങ്ങൾ ഇനിയും ജില്ലയുടെതായുണ്ടെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
മൺസൂൺ കാലത്ത് വൈകീട്ട് 5.10നുള്ള നേത്രാവതിക്കുശേഷം കോഴിക്കോടുനിന്ന് കണ്ണൂരിനിപ്പുറമുള്ള വടക്കൻ പ്രദേശത്തേക്ക് ഒറ്റ വണ്ടിയുമില്ല. പിറ്റേന്ന് പുലർച്ചെ ഒരു മണിക്കുള്ള വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് മാത്രമാണ് അടുത്ത ട്രെയിൻ. ഇത് കണ്ണൂരിനുശേഷം വടക്കോട്ടുള്ള യാത്രക്കാരെ ഏറെ ദുരിതത്തിലാക്കുന്നു.
ഉത്തര മലബാറിൽനിന്നും ധാരാളം പേർ വിദ്യാഭ്യാസത്തിനും ചികിത്സക്കും ഔദ്യോഗിക ആവശ്യത്തിനും ദിനേന കോഴിക്കോട് പോയി തിരിച്ചുവരുന്നവരാണ്. കോഴിക്കോടുനിന്ന് കണ്ണൂർവരെ ഉച്ചക്ക് 2.05 ന് പോകുന്ന പാസഞ്ചർ വണ്ടി രാത്രി ഏഴിന് കോഴിക്കോടുനിന്ന് മംഗളൂരു ഭാഗത്തേക്ക് സർവിസ് നടത്തിയാൽ ഇതിന് പരിഹാരമാകുമെന്ന് അസോസിയേഷൻ പറയുന്നു.
വൈകീട്ട് മലബാർ എക്സ്പ്രസിനുശേഷം മംഗളൂരു ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് രാത്രി 11.45നേ വണ്ടിയുള്ളൂ. കണ്ണൂരിലും കാസർകോടുമുള്ള നിരവധിപേർ വിവിധ ആവശ്യങ്ങൾക്കായി മംഗളൂരുവിനെയാണ് ആശ്രയിക്കുന്നത്. രാത്രി എട്ടിന് മംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് ഒരു പാസഞ്ചർ വണ്ടി അത്യാവശ്യമാണ്.
കണ്ണൂർ എത്തിയശേഷം ഈ വണ്ടി തിരിച്ച് മംഗളൂരുവിലേക്ക് കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിനും തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിനും കണക്ഷൻ വണ്ടിയായി ഓടിച്ചാൽ കാസർകോട് ജില്ലക്കാർക്ക് ഏറെ ഉപകാരമാകും.
രാത്രികാലത്ത് മംഗളൂരുവിൽനിന്നും വടക്കോട്ട് ധാരാളം യാത്രക്കാർ ട്രെയിൻ ഇല്ലാതെ കഷ്ടപ്പെടുന്നു. അന്ത്യോദയ എക്സ്പ്രസ് ദിവസേന ആക്കുന്നത്തോടെ ഈ പ്രശ്നവും പരിഹരിക്കപ്പെടും. കുമ്പളയിൽ റെയിൽവേയുടെ 30 ഏക്കർ സ്ഥലം പിറ്റ്ലൈൻ ആക്കിയാൽ തിരുവനന്തപുരം- കൊച്ചുവേളി മോഡൽ പോലെ കുമ്പള റെയിൽവേ സ്റ്റേഷനെ വികസിപ്പിക്കാനാവും.
ഇത് പുതിയ വണ്ടികൾ ആരംഭിക്കാനും സഹായിക്കും. മംഗളൂരുവിൽ നിന്നും വൈകീട്ട് കണ്ണൂരിലേക്കുള്ള പാസഞ്ചർ ട്രെയിന്റെ സമയമാറ്റം കോവിഡിനുമുമ്പുള്ളതുപോലെ ആക്കണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ അഭ്യർഥിച്ചു.
കാസർകോട് റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്, പാസഞ്ചർ പ്ലാറ്റ്ഫോമിൽ എൽ.ഇ.ഡി ലൈറ്റ് ഇല്ലാത്തത്, ഇരിക്കാൻ സ്റ്റീൽ ബെഞ്ചും ആവശ്യത്തിന് ഫാനുകളുമില്ലാത്തത്, മേൽക്കൂരകൾക്കിടയിലെ വിടവ്, തൂണുകളിൽ ഘടിപ്പിക്കുന്ന ഡയമണ്ട് ബോർഡുകൾ എന്നിവ ഉൾപ്പെടെ പരിഹാരം തേടുന്ന ആവശ്യങ്ങളും പാസഞ്ചേഴ്സ് അസോസിയേഷൻ മന്ത്രിക്കുമുന്നിൽ ഉന്നയിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ആർ. പ്രശാന്ത് കുമാർ, ജനറൽ സെക്രട്ടറി നാസർ ചെർക്കളം, നിസാർ പെർവാഡ്, അഡ്വ.ടി.ഇ. അൻവർ, ജാസിർ ചെങ്കള, നാഗരാജ, നായീം ഫെമിന അൻവർ പള്ളം, ഡോ. ജമാൽ, ഇല്യാസ്, മുനീർ, അസീസ് എന്നിവരാണ് കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.