മരണം തുടരുമ്പോഴും കടൽക്കളിക്ക് കുറവില്ല
text_fieldsമൊഗ്രാൽ: ഖലീൽ കൊപ്പളം, അർഷാദ് പെർവാഡ് എന്നിവരുടെ മരണം നാടിനേറ്റ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. കടലിൽ വീണ ഫുട്ബാൾ എടുക്കാൻ കടലിലിറങ്ങിയ ഖലീലിന്റെയും മത്സ്യബന്ധനത്തിന് വലയിടാൻ കടലിൽ ഇറങ്ങിയ അർഷാദിന്റെയും മൃതദേഹമാണ് പിന്നീട് വീട്ടുകാർക്ക് ലഭിച്ചത്.
ആ തേങ്ങലിൽ നിന്ന് നാടും നാട്ടുകാരും കുടുംബാംഗങ്ങളും ഇതുവരെ മുക്തരായിട്ടില്ല. രണ്ട് കുടുംബങ്ങളുടെ ഏക അത്താണിയായിരുന്നു ഈ രണ്ട് യുവാക്കളും.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും കടലിൽ കളിക്കാനും കുളിക്കാനുമിറങ്ങുന്ന വിദ്യാർഥികൾ അടക്കമുള്ള യുവാക്കൾക്ക് ഒരു കുറവുമില്ല, ഭയവുമില്ല. സ്കൂൾ, കോളജുകൾ വിട്ടാൽ ബൈക്കുകളിലും കാറുകളിലുമായി വിദ്യാർഥികൾ നേരെ വരുന്നത് കടപ്പുറത്തേക്കാണ്. അതും യൂനിഫോമിൽതന്നെ. ഒരു സുരക്ഷ സംവിധാനവും ഇല്ലാതെയുള്ള കടലിൽ ഇറങ്ങിയുള്ള വിദ്യാർഥികളുടെ കുളി പലപ്പോഴും നാട്ടുകാരാണ് ഇടപെട്ട് പിന്തിരിപ്പിക്കുന്നത്.
വിദ്യാർഥികൾക്ക് പുറമെ കുടുംബസമേതമെത്തുന്ന കുട്ടികൾവരെ കടലിലിറങ്ങി കുളിക്കുകയും കളിക്കുകയും ചെയ്യുന്നു. തിരമാലകൾക്കിടയിൽ വലിയ ചതിക്കുഴികളുള്ള കാര്യം ഇവരൊന്നും അറിയുന്നുമില്ല. അതുപോലെ തന്നെയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് വരുന്ന അതിഥി തൊഴിലാളികളും കടലിൽ ഇറങ്ങി കുളിക്കുന്നത്. ഇവർക്ക് പലർക്കും നീന്താൻ പോലും അറിയാത്തവരാണ്.
കടൽ കാണുന്നതാകട്ടെ ഇവിടെ കേരളത്തിൽ എത്തിയും. ഇവരെയും നാട്ടുകാർതന്നെയാണ് അപകടാവസ്ഥ പറഞ്ഞ് മനസ്സിലാക്കി പിന്തിരിപ്പിക്കുന്നത്. അസ്തമയം കാണാനും തീരത്തെ സൗന്ദര്യം ആസ്വദിക്കാനും നൂറുകണക്കിനാളുകളാണ് കുടുംബസമേതവും അല്ലാതെയും തീരത്തെത്തുന്നത്.
ഇവർക്കൊപ്പം കുട്ടികളുമുണ്ടാകും. കടപ്പുറത്ത് വൈകുന്നേരങ്ങളിൽ ഫുട്ബാൾ കളിക്കാനെത്തുന്ന യുവാക്കളും ഏറെയാണ്. കുമ്പളയിലെ തീരദേശ മേഖല ടൂറിസം പ്രദേശമായി പ്രഖ്യാപിച്ചാൽ മാത്രമേ ഇവിടെ സുരക്ഷാക്രമീകരണങ്ങളുണ്ടാക്കാൻ സാധിക്കൂവെന്നാണ് അധികൃതരുടെ നിലപാട്. അതിനും നടപടി ഇതുവരെ ഉണ്ടായിട്ടില്ല. കടലിൽ ഇറങ്ങിയുള്ള കുളിയും കളിയും തടയാൻ പൊലീസ് നിരീക്ഷണം വേണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതിന് ജില്ലയിലെ തീരദേശ പൊലീസ് സംവിധാനം പ്രയോജനപ്പെടുത്തണമെന്നും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.