മാലിന്യം തള്ളാൻ ഇവിടെയുണ്ടൊരു കിണർ
text_fieldsകാസർകോട്: മാലിന്യവിഷയത്തിൽ ഹൈകോടതിതന്നെ ഇടപെട്ട സമയത്താണ് നഗരസഭയുടെ കീഴിലുള്ള മാലിന്യം തള്ളുന്നത് കിണറ്റിലാണെന്ന പരാതി വരുന്നത്. നഗരസഭ ശുചീകരണത്തൊഴിലാളികൾ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ശേഖരിച്ച മാലിന്യം തള്ളുന്നത് സ്വകാര്യവ്യക്തിയുടെ കിണറ്റിലും പറമ്പിലുമാണെന്നാണ് ആരോപണം. പഴയ ബസ് സ്റ്റാൻഡിനടുത്തുള്ള എം.ജി റോഡിലെ ഉള്ളിലുള്ള സാലുഗോളി കോമ്പൗണ്ടിലാണ് കഴിഞ്ഞ കുറെ മാസങ്ങളായി മാലിന്യം തള്ളുന്നത്. ഈ മാലിന്യം കിണറ്റിലും പറമ്പിലുമായി പരന്നുകിടക്കുകയാണ്.
ഇതിനെതിരെ സ്ഥലമുടമ പരാതി പറഞ്ഞതോടെ ഇരുപതാം വാർഡ് കൗൺസിലർ ഹസീന നൗഷാദ് വിഷയം നഗരസഭ അധികൃതരെ അറിയിച്ചെങ്കിലും കിണറ്റിൽ മാലിന്യം തള്ളുന്നതിനുമാത്രം മാറ്റമുണ്ടായില്ല. കഴിഞ്ഞ ആറുമാസമായി തുടരുന്ന പ്രക്രിയയാണിത്.
ജലസ്രോതസ്സുണ്ടായിരുന്ന കിണർ വേനൽക്കാലത്ത് വറ്റിയതോടെയാണ് നഗരസഭ മാലിന്യം തള്ളാൻ ഈ കിണർ തിരഞ്ഞെടുത്തത്. മുമ്പും മീൻ മാർക്കറ്റിലെയും കടകളിലേയും മാലിന്യമടക്കം ഇവിടെ കൊണ്ടിടാറുണ്ടെന്നും പറയുന്നു. സമീപത്തെ വാടകവീട്ടിലെ താമസക്കാർ ഒഴിഞ്ഞുപോയതും മാലിന്യം തള്ളാൻ ശുചീകരണത്തൊഴിലാളികൾക്ക് തുണയായി എന്നാണ് പറയുന്നത്. ഏറെയും രാത്രിയിലാണ് ഇങ്ങനെ തള്ളുന്നതെന്നാണ് ആരോപണം.
കിണറുള്ള ആളൊഴിഞ്ഞ പറമ്പിനുചുറ്റും മറ്റു കെട്ടിടങ്ങൾ മറയുള്ളതിനാൽ രാത്രിയിൽ സംഭവം അധികമാരും ശ്രദ്ധിച്ചിരുന്നില്ല.ജലസ്രോതസ്സ് സംരക്ഷിക്കാനും മാലിന്യനിർമാർജനത്തിനും സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമ്പോഴാണ് ഇവിടെ ഇങ്ങനെയൊരു അലംഭാവമുണ്ടായിരിക്കുന്നത്. മഴക്കാലത്ത് പനിയിൽ വിറച്ചുനിൽക്കുമ്പോഴാണ് രോഗഭീഷണിയുയർത്തുന്ന മാലിന്യനിക്ഷേപം.
ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ ചോദിച്ചപ്പോൾ നഗരസഭ ആരോഗ്യവിഭാഗം അധികൃതർ നൽകുന്ന മറുപടിയാണ് ഏറെ കൗതുകം. നഗരം ശുചീകരിച്ച മാലിന്യം കളയാൻ വേറെ മാർഗങ്ങളില്ലാത്തതിനാലാണ് ഇവിടെ നിക്ഷേപിക്കുന്നതെന്നായിരുന്നു അത്. അതേസമയം, കിണറ്റിലും പറമ്പിലും നഗരസഭ കൊണ്ടിട്ട മാലിന്യം ഉടൻതന്നെ തിരിച്ചെടുക്കണമെന്നാണ് സ്ഥലമുടമയുടെ ആവശ്യം.
------------------------------------------------------------
മുനിസിപ്പാലിറ്റി മാലിന്യം കൊണ്ടിടുന്നതായി നഗരസഭയുടെ അറിവിലില്ല
മുനിസിപ്പാലിറ്റിയുടെ ശുചീകരണത്തൊഴിലാളികൾ മാലിന്യം അവിടെ കൊണ്ടിടുന്നതായി നഗരസഭയുടെ അറിവിലില്ല. ഈപറയുന്ന സ്ഥലത്തെ കിണർ സ്വകാര്യവ്യക്തിയുടേതാണ്. അത് പൊട്ടക്കിണറാണ്. നേരത്തേ പലരും അവിടെ മാലിന്യം ഇട്ടിരുന്നു. ഇതുസംബന്ധിച്ച് ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ടിരുന്നു. ഇപ്പോൾ അങ്ങനെ അവിടെ മാലിന്യം കൊണ്ടിടുന്നില്ല എന്നാണ് ലഭിച്ച വിവരം.
അബ്ബാസ് ബീഗം -ചെയർമാൻ, കാസർകോട് നഗരസഭ
----------------------------------------------------------------
വർഷങ്ങൾ മുമ്പ് മുതലേ വ്യക്തികളാണ് അവിടെ മാലിന്യം തള്ളുന്നത്. നഗരസഭ മാത്രമല്ല, പഴയ സ്റ്റാൻഡിലെ മാലിന്യവും ഇവിടെയാണ് ഇടുന്നത്. നഗരസഭ ഇപ്പോൾ അവിടെ കൊണ്ടിടുന്നില്ല. ഹരിത കർമസേന പ്രവർത്തകർ മാലിന്യം കടകളിൽനിന്നും മറ്റും ശേഖരിച്ച് ‘തിരുവോണം’ എന്ന കമ്പനിക്ക് കൊടുക്കുവാണ്.
കെ.സി. ലതീഷ് -ആരോഗ്യവിഭാഗം സൂപ്പർ വൈസർ
മാലിന്യം തള്ളാൻ ഇവിടെയുണ്ടൊരു കിണർ
ചെയർമാനോട് പരാതി പറഞ്ഞിരുന്നു
നഗരസഭ ശുചീകരണത്തൊഴിലാളികൾ പഴയ സ്റ്റാൻഡിലേയും മറ്റും മാലിന്യം കഴിഞ്ഞ കുറെ മാസങ്ങളായി എന്റെ സ്ഥലത്താണ് തള്ളുന്നത്. മുമ്പത്തെ ചെയർമാനോട് ഇതുസംബന്ധിച്ച് പരാതി പറഞ്ഞിരുന്നു. എം.ജി റോഡിൽനിന്ന് ഉള്ളിലുള്ള സാലുഗോളി കോമ്പൗണ്ടിലാണ് ഇങ്ങനെ മാലിന്യം രാത്രിയിൽ കൊണ്ടിടുന്നത്. ഞാൻ സ്ഥലത്തെ കൗൺസിലറോട് പരാതി പറയുകയും അവർ വേണ്ട ഇടപെടൽ നടത്തുകയും ചെയ്തിട്ടുണ്ട് എന്നാണ് അറിയാൻകഴിഞ്ഞത്. മറ്റുള്ളവരുടെ സ്ഥലത്ത് മാലിന്യം കൊണ്ടിടുന്നത് ശരിയാണോ? ഹരിത കർമസേന യൂസർ ഫീസ് വാങ്ങിയിട്ടാണ് മാലിന്യം ശേരിക്കുന്നത്. അപ്പോഴാണ് ഇങ്ങനെയുള്ള അലംഭാവം നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. സർക്കാറടക്കം മാലിന്യനിർമാർജനത്തിന് പ്രാമുഖ്യം നൽകുമ്പോൾ ഇങ്ങനെയൊരു നടപടി നഗരസഭ ചെയ്യുന്നത് ശരിയല്ല. കടകളിലേയും മീൻ മാർക്കറ്റിലേയുമടക്കം മാലിന്യം ഇവിടെതന്നെയാണ് കൊണ്ടുതള്ളുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കണം
. സ്ഥലമുടമ നൗഷാദ്
മാലിന്യം നഗര സഭ തന്നെ തിരിച്ചെടുക്കണം
നഗരശുചീകരണത്തിന്റെ ഭാഗമായി രാത്രിയിൽ ഫിഷ് മാർക്കറ്റും എം.ജി റോഡും ശുചീകരിച്ച മാലിന്യം സമീപത്തെ വ്യക്തിയുടെ പറമ്പിലും കിണറ്റിലും നഗരസഭ തൊഴിലാളികൾതന്നെ നിക്ഷേപിച്ചുപോയ സംഭവം നിരുത്തരവാദപരവും അപലപനീയവുമാണ്. നഗരത്തിലെ ജനവാസപ്രദേശത്ത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാഹചര്യമൊരുക്കിയും നിയമവിരുദ്ധമായും നഗരസഭ നിക്ഷേപിച്ച മാലിന്യം നഗരസഭതന്നെ തിരിച്ചെടുക്കണം. മാലിന്യസംസ്കരണത്തിനായി അടിയന്തരമായും സംവിധാനമുണ്ടാക്കണം.
ഹസീന നൗഷാദ് -വാർഡ് കൗൺസിലർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.