മഞ്ചേശ്വരത്തുമുണ്ട് കാണാനും ആസ്വദിക്കാനുമേറെ
text_fieldsമൊഗ്രാൽ: ബേക്കൽ കോട്ടയിൽ മാത്രം ജില്ലയിലെ വിനോദ സഞ്ചാരം വട്ടംകറങ്ങുന്നതിനെതിരെ ഇന്ന് മഞ്ചേശ്വരത്തെത്തുന്ന മന്ത്രിമാർക്ക് മുന്നിൽ മണ്ഡലത്തിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളെക്കുറിച്ച് അവതരിപ്പിച്ച് നാട്ടുകാർ. മഞ്ചേശ്വരം കണ്വതീർത്ഥ അടക്കമുള്ള കടലോര- പുഴയോര ടൂറിസം പദ്ധതികഴാന്നും ഇപ്പോൾ സർക്കാറിെന്റ പരിഗണനയിൽ പോലുമില്ല. കുമ്പളയിലെ ചരിത്ര പൈതൃകം വിളിച്ചോതുന്ന ആരിക്കാടി കോട്ട നാശത്തിന്റെ വക്കിലാണ്. ഇത് സംരക്ഷിക്കാൻ ആളില്ലാത്ത അവസ്ഥയാണ്. ടൂറിസം വികസനത്തിന് ഏറെ സാധ്യത കൽപ്പിച്ച അനന്തപുരം ശ്രീപത്മനാഭ ക്ഷേത്രം സ്ഥിതിചെയ്യുന്ന അനന്തപുരം പ്രദേശം ഇപ്പോഴും അവഗണനയിലാണ്. യക്ഷഗാന കല കേന്ദ്രത്തിനും ഇതുവരെ ജീവൻ വെച്ചിട്ടില്ല.
ജില്ലയിലെ ടൂറിസം പദ്ധതികൾ പൂർത്തീകരിക്കാൻ കഴിഞ്ഞ വർഷം ജില്ലയിലെത്തിയ ടൂറിസം ഡയറക്ടർ സന്ദർശനം നടത്തിയത് ബേക്കൽ കോട്ടയിലും, റാണിപുരത്തും മാത്രമായിരുന്നുവെന്നാണ് ആക്ഷേപം. മഞ്ചേശ്വരത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ടൂറിസത്തിന് അനുയോജ്യമായ കാണാനും ആസ്വദിക്കാനും പ്രകൃതി കനിഞ്ഞുനൽകിയ കേന്ദ്രങ്ങൾ നിരവധിയാണ്. എന്നിട്ടും മഞ്ചേശ്വരം മണ്ഡലത്തിലെ വിനോദസഞ്ചാര മേഖലയെ സമ്പന്നമാക്കാൻ സർക്കാർ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം.
ഓരോ പഞ്ചായത്തിലും ഒരു വിനോദസഞ്ചാര കേന്ദ്രം എന്ന സർക്കാർ ലക്ഷ്യം ഇതുവരെ നിറവേറ്റാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇതിനായി രണ്ടുവർഷം മുമ്പ് എ.കെ.എം. അഷ്റഫ് എം.എൽ.എ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗവും വിളിച്ചുകൂട്ടിയിരുന്നു. കിദൂർ ഗ്രാമീണ ടൂറിസം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം തുടങ്ങിയിട്ട് വർഷം മൂന്ന് കഴിഞ്ഞു. ഫണ്ടില്ലെന്ന കാരണത്താൽ നിർമാണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നു. ആരിക്കാടി ടൂറിസം വില്ലേജ് പദ്ധതി, മൊഗ്രാൽ പുഴയോര ഇക്കോ ടൂറിസം പദ്ധതി, മണ്ഡലത്തിലെ കടലോര ടൂറിസം പദ്ധതികൾ, പുത്തിഗെ പഞ്ചായത്തിലെ മണിയമ്പാറ നോണക്കല്ലിലെ സിറിയ അണക്കെട്ട് പ്രദേശമൊക്കെ അവഗണന നേരിടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.
ജില്ലയിലെ മറ്റൊരു ‘റാണിപുരം’ എന്നറിയപ്പെടുന്ന പൊസഡിഗുബെയിൽ കോടികളുടെ വികസന പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. യക്ഷഗാന കലാകേന്ദ്രത്തിന് കഴിഞ്ഞവർഷത്തെ ബജറ്റിൽ സർക്കാർ തുക ഉൾക്കൊള്ളിച്ചിരുന്നു. ഈ ടൂറിസം പദ്ധതിയും പൂർത്തിയാക്കാൻ കാലതാമസമെടുക്കുന്നു. കുമ്പളയിലെ ആരിക്കാടി കോട്ട, അനന്തപുരം തുടങ്ങിയ ഇടങ്ങൾ ജില്ലയുടെ ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ചാൽ കുമ്പളയുടെ വികസനത്തിന് വലിയ മുന്നേറ്റമുണ്ടാക്കാനാവുമെന്ന് മൊഗ്രാൽ ദേശീയവേദി അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാറിന്റെ നവ കേരള സദസ്സിൽ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിമാർക്കും നിവേദനം നൽകുമെന്ന് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.